MAP

സായുധസേന, പോലീസ്, സുരക്ഷാപ്രവർത്തകർ എന്നിവരുടെ ജൂബിലിയാഘോഷവേളയിൽ ഫ്രാൻസിസ് പാപ്പാ സായുധസേന, പോലീസ്, സുരക്ഷാപ്രവർത്തകർ എന്നിവരുടെ ജൂബിലിയാഘോഷവേളയിൽ ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

സായുധസേന, പോലീസ്, സുരക്ഷാപ്രവർത്തകർ തുടങ്ങിയവർ സേവനവും സുരക്ഷയും മുൻനിറുത്തി ജനസേവനം തുടരുക: ഫ്രാൻസിസ് പാപ്പാ

പ്രതിരോധമാണ്, അധിപത്യമല്ല സായുധസേന, പോലീസ്, സുരക്ഷാപ്രവർത്തകർ എന്നിവർ ലക്ഷ്യമാക്കേണ്ടതെന്ന് ഫ്രാൻസിസ് പാപ്പാ. സായുധസേന, പോലീസ്, സുരക്ഷാപ്രവർത്തകർ എന്നിവരുടെ ദ്വിദിനജൂബിലിയുടെ അവസാനത്തിൽ, ഫെബ്രുവരി ഒൻപതാം തീയതി ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ത്രികാലജപപ്രാർത്ഥന നയിച്ച വേളയിലാണ്, പ്രതിരോധ, സുരക്ഷാ മേഖലകളിലുള്ളവർക്കുണ്ടായിരിക്കേണ്ട മൂല്യങ്ങളെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്. മനുഷ്യരുടെയും സൃഷ്ടപ്രപഞ്ചത്തിന്റെയും പവിത്രത കാത്തുസൂക്ഷിക്കുക. സമാധാനത്തിനായി പ്രാർത്ഥിക്കാനും പാപ്പായുടെ ആഹ്വാനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സായുധസേവനം, മറ്റു രാജ്യങ്ങളുടെമേൽ ആധിപത്യം നേടാനായല്ല, ന്യായമായ പ്രതിരോധത്തിനാണ് ഉപയോഗിക്കേണ്ടതെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. സായുധസേന, പോലീസ്, സുരക്ഷാപ്രവർത്തകർ എന്നിവരുടെ ദ്വിദിനജൂബിലിയുടെ അവസാനത്തിൽ, ഫെബ്രുവരി ഒൻപതാം തീയതി ഞായറാഴ്ച രാവിലെ, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പതിനായിരക്കണക്കിന് പേരുടെ സാന്നിദ്ധ്യത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധബലിയുടെ അവസാനത്തിൽ, ത്രികാലജപപ്രാർത്ഥന നയിച്ച വേളയിലാണ്, പ്രതിരോധ, സുരക്ഷാമേഖലകളിലുണ്ടാകേണ്ട മൂല്യങ്ങളെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.

ആധുനികലോകത്തിലെ സഭയുമായി ബന്ധപ്പെട്ട, ഗാവുദിയും എത് സ്‌പേസ് (Gaudium et spes, 79) എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ കോൺസ്റ്റിറ്റ്യൂഷൻ പരാമർശിച്ചുകൊണ്ട്, അന്താരാഷ്ട്രതലത്തിലുള്ള കരാറുകൾ പാലിച്ചും, അതിലുപരിയായി, ജീവനോടും, സൃഷ്ടിയോടുമുള്ള പവിത്രമായ ബഹുമാനം കാത്തുസൂക്ഷിച്ചുവേണം സായുധസേനകൾ സംഘർഷപരിഹാരങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തങ്ങൾ നടത്തേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

സൈനികസേവനത്തിലൂടെ തങ്ങളുടെ രാജ്യത്തിന് സേവനം ചെയ്യുന്നവർ, തങ്ങളും, തങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയുടെയും സ്വാതന്ത്ര്യത്തിന്റെയും സേവകരാണെന്ന് കരുതണമെന്ന് ഗാവുദിയും എത് സ്‌പേസ് പരാമർശിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചിരുന്നു.

സമാധാനവും പ്രതിസന്ധികളും

വിവിധ രാജ്യങ്ങളിൽനിന്നെത്തിയ സായുധസേനകളുടെയും, പോലീസ്, സുരക്ഷാപ്രവർത്തകരോടും സമാധാനത്തിനുംവേണ്ടിയുള്ള പ്രാർത്ഥനകൾ പാപ്പാ ആവശ്യപ്പെട്ടു. പ്രതിസന്ധികളിലൂടെയും സഹനങ്ങളിലൂടെയും കടന്നുപോകുന്ന ഉക്രൈൻ, പാലസ്തീന, ഇസ്രായേൽ, മധ്യപൂർവ്വദേശങ്ങൾ, മ്യാന്മാർ, കിവു, സുഡാൻ എന്നിവിടങ്ങളെ പാപ്പാ പ്രത്യേകം പരാമർശിച്ചു.

ആയുധങ്ങൾ നിശബ്ദമാകട്ടെയെന്നും, സമാധാനത്തിനായി നിലവിളിക്കുന്ന സാധാരണജനത്തിന്റെ ശബ്ദം ഏവരും കാതോർത്ത് ശ്രവിക്കട്ടെയെന്നും പറഞ്ഞ പാപ്പാ, പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യപ്രാർത്ഥനകൾക്ക് തന്റെ നിയോഗങ്ങൾ സമർപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ഫെബ്രുവരി 2025, 15:48