MAP

ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം  (Vatican Media)

തദ്ദേശീയജനതകളുടെ അവകാശങ്ങളും പ്രത്യേകതകളും മാനിക്കപ്പെടണം: ഫ്രാൻസിസ് പാപ്പാ

ബഹുരാഷ്ട്രകമ്പനികളുടെയും, വൻകിടനിക്ഷേപകരുടെയും, ചില രാജ്യങ്ങളുടെയും പ്രവർത്തനങ്ങൾ തദ്ദേശീയജനതകളുടെ ഭൂമിക്കും, അവകാശങ്ങൾക്കും ഭീഷണിയുയർത്തുന്ന ഒരു കാലത്ത്, ഇത്തരം ജനവിഭാഗങ്ങളുടെ അവകാശങ്ങളും സാംസ്കാരികപ്രത്യേകതകളും സംരക്ഷിക്കപ്പെടണമെന്നോർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. തദ്ദേശീയജനതകളുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ റോമിൽ സംഘടിപ്പിച്ച ഏഴാമത് സമ്മേളനത്തിലേക്കയച്ച സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം എഴുതിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

തദ്ദേശീയ ജനതകൾക്ക് തങ്ങളുടെ അവകാശങ്ങളും സാംസ്കാരികപ്രത്യേകതകളും കാത്തുസൂക്ഷിക്കുവാൻ അവകാശമുണ്ടെന്നും, അതുറപ്പാക്കാൻ ഏവരുടെയും സംയുക്തമായ ശ്രമം ആവശ്യമുണ്ടെന്നും ഫ്രാൻസിസ് പാപ്പാ. "തദ്ദേശജനതകളുടെ സ്വയം നിർണ്ണയാവകാശം: ഭക്ഷ്യസുരക്ഷയ്ക്കും പരമാധികാരത്തിനുമുള്ള ഒരു പാത" എന്ന പേരിൽ ഫെബ്രുവരി 10-11 തീയതികളിലായി റോമിൽ നടക്കുന്ന സമ്മേളനത്തിലേക്ക് ഫെബ്രുവരി പത്താം തീയതി അയച്ച സന്ദേശത്തിലാണ്, തദ്ദേശീയജനതകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പാപ്പാ എഴുതിയത്.

ബഹുരാഷ്ട്രകമ്പനികളുടെയും, വൻകിടനിക്ഷേപകരുടെയും, ചില രാജ്യങ്ങളുടെയും പ്രവർത്തനങ്ങൾ തദ്ദേശീയജനതകളുടെ കൃഷിഭൂമിക്കും, അതുവഴി അവരുടെ അവകാശങ്ങൾക്കും ഭീഷണിയുയർത്തുന്നുണ്ടെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ എഴുതി. ഇത്തരം പ്രവർത്തനങ്ങൾ അന്തസ്സുറ്റ ജീവിതത്തിനുള്ള തദ്ദേശീയ ജനതയുടെ സാധ്യതകളെ ഇല്ലാതാക്കിയേക്കാമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

തദ്ദേശീയജനതയുടെ അറിവുകൾ പൊതുനന്മയ്ക്കായി ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിയണമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അവരുടെ അവകാശങ്ങൾ പാലിക്കപ്പെടുന്നു എന്നത് ഉറപ്പാക്കുന്നത് നീതി നടപ്പിലാക്കുന്നതിന്റെ മാത്രം കാര്യമല്ല, ഏവരുടെയും സുസ്ഥിരമായ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ഒരു പ്രവർത്തനമാണെന്ന് എടുത്തുപറഞ്ഞു. മാനവികകുടുംബത്തിലെ അംഗംങ്ങൾ എന്ന നിലയിൽ, ഒരുമയും, സ്രഷ്ടിയിൽ ഉണ്ടായിരുന്ന ഭംഗിയുമുള്ള ഒരു ലോകം വരും തലമുറകൾക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യവും പാപ്പാ തന്റെ സന്ദേശത്തിൽ പരാമർശിച്ചു.

മണ്ണും, ജലവും, ഭക്ഷണവും, വെറും വസ്തുക്കളല്ല, മറിച്ച്, പ്രകൃതിയുമായുള്ള തദ്ദേശീയജനതകളുടെ ബന്ധത്തിന്റെയും അവരുടെ ജീവിതത്തിന്റെയും അടിസ്ഥാനമാണെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ എഴുതിയിരുന്നു. ആരും ഒഴിവാക്കപ്പെടാതിരിക്കാനും, ആരും പിന്നിലായിപ്പോകാതിരിക്കാനുമായി മാനവികസമൂഹം ഒരുമിച്ച് യാത്രചെയ്യേണ്ടതിന്റെ പ്രാധാന്യവും പാപ്പാ ഏവരെയും ഓർമ്മിപ്പിച്ചു.

"ലോകഭക്ഷ്യസുരക്ഷ" (FAO) യിലേക്കുള്ള വത്തിക്കാൻ സ്ഥിരം നിരീക്ഷകൻ മോൺ. ചീക്ക അരെയ്യാനോയും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ഫെബ്രുവരി 2025, 15:53