MAP

വത്തിക്കാനിലെ ഗവർണറേറ്റ് കെട്ടിടം വത്തിക്കാനിലെ ഗവർണറേറ്റ് കെട്ടിടം 

വത്തിക്കാൻ ഗവർണറേറ്റിന് രണ്ട് ജനറൽ സെക്രെട്ടറിമാരെ നിയമിച്ച് ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ ഗവർണറേറ്റിന്റെ ജനറൽ സെക്രെട്ടറിമാരായി ആർച്ച്ബിഷപ് എമിലിയോ നാപ്പാ, അഡ്വ. ജ്യുസേപ്പേ പുലീസി അലിബ്രാന്തി എന്നിവരെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. മാർച്ച് ഒന്ന് മുതൽ ഇവർ പുതിയ സ്ഥാനമേൽക്കും. ഗവർണറേറ്റിന്റെ ആദ്യ വനിതാ പ്രസിഡന്റായി നിയമിക്കപ്പെട്ട സി. റഫായേല്ല പെത്രീനിയും ഇതേ ദിവസമായിരിക്കും സ്ഥാനമേറ്റെടുക്കുക.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വത്തിക്കാൻ ഗവർണറേറ്റിന്റെ പ്രഥമവനിതാ പ്രസിഡന്റായി സി. റഫായേല്ല പെത്രീനിയെ നിയമിച്ചതിന് പിന്നാലെ, ഇതാദ്യമായി ഗവർണറേറ്റിന് രണ്ട് ജനറൽ സെക്രെട്ടറിമാരെക്കൂടി നിയമിച്ച് ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്റെ നിലവിലുള്ള അടിസ്ഥാനനിയമാവലിയിൽ മാറ്റമുണ്ടാക്കിയാണ് പാപ്പാ ഗവർണറേറ്റിന് രണ്ട് ജനറൽ സെക്രെട്ടറിമാരെ നിയമിച്ചത്.

ഇതുവരെ സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രഥമസുവിശേഷവത്കരണത്തിനും, പുതിയസഭകൾക്കുമായുള്ള വിഭാഗത്തിന്റെ അസിസ്റ്റന്റ് സെക്രെട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന ആർച്ച്ബിഷപ് എമിലിയോ നാപ്പാ, ഗവർണറേറ്റിന്റെ ഉപ-ജനറൽ സെക്രെട്ടറിയായി നാളിതുവരെ സേവനം ചെയ്തിരുന്ന അഡ്വ. ജ്യുസേപ്പേ പുലീസി അലിബ്രാന്തി എന്നിവരെയാണ് പുതിയ ജനറൽ സെക്രെട്ടറിമാരായി പാപ്പാ ഉയർത്തിയത്.

2023 മെയ് 13-ന് നവീകരിക്കപ്പെട്ട വത്തിക്കാന്റെ അടിസ്ഥാനനിയമാവലിയിലും, വത്തിക്കാൻ രാജ്യത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട ഇരുന്നൂറ്റിയെഴുപത്തിനാലാമത് നിയമത്തിലും (2018 നവംബർ 25) ഭേദഗതി വരുത്തിയാണ് രണ്ട് ജനറൽ സെക്രെട്ടറിമാരെ പാപ്പാ നിയമിച്ചത്.

മാർച്ച് ഒന്നാം തീയതി സ്ഥാനമേറ്റെടുക്കുന്ന പുതിയ ജനറൽ സെക്രെട്ടറിമാർക്ക്, ഉചിതമായ രീതിയിൽ പ്രത്യേകമായ ചുമതലകളും ഉത്തരവാദിത്വങ്ങളും നൽകാനുള്ള അധികാരം, അന്നേ ദിവസം ഗവർണറേറ്റിന്റെ പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്ന സി. റഫായേല്ല പെത്രീനിക്ക് പാപ്പാ നൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ഫെബ്രുവരി 2025, 15:56