പ്രത്യാശയുടെ തീർത്ഥാടകരെന്ന നിലയിൽ പാപ്പായ്ക്കുവേണ്ടി പ്രാർത്ഥിക്കാം: കർദിനാൾ റെയ്‌ന
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ന്യുമോണിയ ബാധ മൂലം, കഴിഞ്ഞ പതിനാലാം തീയതി റോമിലെ ജമല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രാൻസിസ് പാപ്പായ്ക്കുവേണ്ടി പ്രാർത്ഥിക്കുവാൻ തുടർച്ചയായി നാലാം ദിവസവും നിരവധിയാളുകൾ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഒന്നിച്ചുകൂടി. കഴിഞ്ഞ തിങ്കളാഴ്ച മുതൽ തുടങ്ങിയ ജപമാലപ്രാർത്ഥനയിൽ അനേകായിരങ്ങളാണ് പങ്കെടുക്കുന്നത്.
വിവിധ കർദിനാൾമാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി വരുന്നു. ഫെബ്രുവരി ഇരുപത്തിയേഴാം തീയതി വ്യാഴാഴ്ച്ച നടത്തിയ പ്രാർത്ഥനയ്ക്ക്, റോം രൂപതയുടെ കർദിനാൾ വികാരി, ബാൽദസരെ റെയ്‌ന നേതൃത്വം നൽകി. "പ്രത്യാശയുടെ തീർത്ഥാടകരേ, പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യത്തിനായി നമുക്ക് മുഴുവൻ സഭയോടും ഒരുമിച്ച് പ്രാർത്ഥിക്കാം. ഈ സമയത്ത് സഭയുടെ അമ്മയായ കന്യകാമറിയം അദ്ദേഹത്തെ പിന്തുണയ്ക്കട്ടെ", എന്ന ആഹ്വാനത്തോടെയാണ് കർദിനാൾ പ്രാർത്ഥന നയിച്ചത്.
പ്രകാശത്തിന്റെ രഹസ്യങ്ങൾ ഉരുവിട്ടുകൊണ്ടുള്ള ജപമാലപ്രാർത്ഥനയുടെ സമയം, വിശ്വാസികൾ ഭക്തിയോടെ മുട്ടിന്മേൽ നിന്നുകൊണ്ട് നിറകണ്ണുകളോടെ പ്രാർത്ഥനയിൽ മുഴുകിയിരുന്നത്, ഒരിക്കൽ കൂടി ജപമാലയുടെ ലാളിത്യത്തിൽ അടങ്ങിയിരിക്കുന്ന നിഗൂഢമായ ആഴം, പ്രത്യാശയിലേക്കുള്ള വഴി തുറക്കുവാൻ ഏവരെയും ആഹ്വാനം ചെയ്യുന്നതായിരുന്നു.
ജപമാലയുടെ അവസാനം പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടിയുള്ള ഒരു ഗാനവും ഗായകസംഘത്തോടൊപ്പം വിശ്വാസികൾ ആലപിച്ചു. കൈയിൽ ജപമാലയും, കത്തിച്ച മെഴുകുതിരികളും ഏന്തിക്കൊണ്ടായിരുന്നു വിശ്വാസികൾ പങ്കെടുത്തത്. ഞങ്ങളുടെ പ്രത്യാശയെ വീണ്ടും ജ്വലിപ്പിക്കണമേ, അങ്ങനെ ഒരു തടസ്സവും രക്ഷയിലേക്കുള്ള പാതയിൽ നിന്ന് ഞങ്ങളെ വ്യതിചലിപ്പിക്കരുതേയെന്ന പ്രാർത്ഥനയും കർദിനാൾ ഉരുവിട്ടു. "ഫ്രാൻസിസ് പാപ്പയ്ക്ക് നന്ദി" എന്ന വാക്കുകൾ എഴുതിയ ബാനറുകളും വിശ്വാസികൾ ഉയർത്തിപ്പിടിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: