MAP

ഫ്രാൻസീസ് പാപ്പാ ഇറ്റലിയിലെ വെറോണ ആസ്ഥാനമായുള്ള കത്തോലിക്ക ഫൗണ്ടേഷൻറെ പ്രതിനിധികളുമൊത്ത് വത്തിക്കാനിൽ, 18/01/25 ഫ്രാൻസീസ് പാപ്പാ ഇറ്റലിയിലെ വെറോണ ആസ്ഥാനമായുള്ള കത്തോലിക്ക ഫൗണ്ടേഷൻറെ പ്രതിനിധികളുമൊത്ത് വത്തിക്കാനിൽ, 18/01/25  (VATICAN MEDIA Divisione Foto)

സദാ, സകലർക്കും നന്മ ചെയ്തുകൊണ്ട് മുന്നേറുക, പാപ്പാ!

2006-ൽ സ്ഥാപിതമായതും ഇറ്റലിയിലെ വെറോണ ആസ്ഥാനമായുള്ളതുമായ കത്തോലിക്കാ ഫൗണ്ടേഷൻറെ അറുപതോളം പേരടങ്ങിയ ഒരു പ്രതിനിധിസംഘത്തെ ഫ്രാൻസീസ് പാപ്പാ ശനിയാഴ്ച (18/01/25) വത്തിക്കാനിൽ സ്വീകരിച്ചു. പൊതുനന്മപരിപോഷിപ്പിക്കുന്നതിനു പകരം ചിലനാടുകൾ ആയുധനിർമ്മാണത്തിനായി മുതൽ മുടക്കുന്നത് ഒരു തരം ഭ്രാന്താണെന്ന് പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പണം പരനന്മയ്ക്കായി നിക്ഷേപിക്കുമ്പോൾ അത് കൂടുതൽ നേട്ടമാണ് ഉണ്ടാക്കുകയെന്നും, അല്ലാത്തപക്ഷം അത്, ഹൃദയത്തെ കഠിനവും ദരിദ്രരുടെ സ്വരത്തിനു നേർക്ക് ബധിരവുമാക്കിക്കൊണ്ട് അതിനെ വാർദ്ധക്യത്തിലാക്കുകയും ഭാരപ്പെടുത്തുകയും ചെയ്യുമെന്നും പാപ്പാ പറയുന്നു.

2006-ൽ സ്ഥാപിതമായതും ഇറ്റലിയിലെ വെറോണ ആസ്ഥാനമായുള്ളതുമായ കത്തോലിക്കാ ഫൗണ്ടേഷൻറെ അറുപതോളം പേരടങ്ങിയ ഒരു പ്രതിനിധിസംഘത്തെ ശനിയാഴ്ച (18/01/25) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ഈ ഫൗണ്ടേഷൻ സമൂഹത്തിൻറെ വിവിധ മേഖലകളിൽ പ്രവർത്തനനിരതമായിരിക്കുന്നത് അനുസ്മരിച്ച പാപ്പാ, കൂടുതൽ ആവശ്യത്തിലിരിക്കുന്നവർ മുതൽ എല്ലാവർക്കും സഭയുടെ സാമൂഹ്യപ്രബോധനങ്ങൾക്കനുസൃതം നന്മ ചെയ്യുക വഴി ഈ സമൂഹം നല്കുന്ന സാക്ഷ്യം എടുത്തുകാട്ടി.

സമ്പത്ത് മാനാവാന്തസ്സിൻറെ സേവനത്തിനായി വിനിയോഗിക്കുമ്പോൾ അതിൽ നിന്ന് ലാഭമല്ലാതെ മറ്റൊന്നും ഉണ്ടാകില്ലെന്നും പൊതുനന്മ പരിപോഷിപ്പിക്കുക വഴി നമ്മുടെ സാമൂഹത്തിലെ ബന്ധങ്ങൾ മെച്ചപ്പെടുത്തുകയായിരിക്കും ചെയ്യുകയെന്നും പാപ്പാ പറഞ്ഞു. എന്നാൽ ചില നാടുകൾക്ക് കൂടുതൽ വരുമാനമേകുന്നത് ആയുധനിർമ്മാണശാലകളിലുള്ള നിക്ഷേപമാണെനും അങ്ങനെ കൊല്ലുന്നതിന് മുതൽമുടക്കുകയാണ് ചെയ്യുന്നതെന്നും അത് ഒരു ഭ്രാന്താണെന്നും പാപ്പാ കുറ്റപ്പെടുത്തി.

നാം പ്രത്യാശയുടെ ജൂബിലിവത്സരത്തിൻറെ തുടക്കത്തിലാണെന്ന വസ്തുത തൻറെ പ്രഭാഷണത്തിൻെ ആരംഭത്തിൽ അനുസ്മരിച്ച പാപ്പാ, ലോകത്തിൽ തീർത്ഥാടകരെപ്പോലെ സഞ്ചരിക്കുകയെന്നത്, നാം ലോകത്തിൻറെ അധിപരല്ല, പ്രത്യുത, കാവലാളന്മാരാണെന്ന്  നമ്മെ ഓർമ്മപ്പെടുത്തുന്നുവെന്നും കർത്താവ് നമ്മെ ഭരമേല്പിച്ചിരിക്കുന്ന പൊതുഭവനത്തെ സംരക്ഷിക്കാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞു. അതിനർത്ഥം, ജ്ഞാനപൂർവ്വകവും ആദരണീയവുമായ ഒരു നിയമമനുസരിച്ച് അതിനെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുകയെന്നാണെന്നും "സമ്പദ്‌വ്യവസ്ഥ" എന്ന പദത്തിൻറെ വിവക്ഷ ഭവനത്തിൻറെ ബുദ്ധിപരമായ നടത്തിപ്പ് എന്നാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ജനുവരി 2025, 12:11