പാപ്പാ:പരസ്പരം സഹായിക്കുകയും താങ്ങാകുകയും ചെയ്യേണ്ടവരാണ് നാം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നാമെല്ലാവരും പരസ്പരം സഹായിക്കുകയും താങ്ങാകുകയും ചെയ്യേണ്ടവരാണെന്നും ഇത് വൈക്തിക സമൂഹങ്ങൾക്കും സഭയ്ക്കാകമാനവും ബാധകമാണെന്നും പാപ്പാ.
വത്തിക്കാനിൽ സേവനമനുഷ്ഠിക്കുന്ന സ്വിസ് കാവൽഭടന്മാർക്ക് വിവിധതലങ്ങളിൽ സഹായമേകുന്ന പൊന്തിഫിക്കൽ സ്വിസ് കാവൽഭടന്മാരുടെ ഫൗണ്ടേഷൻറെ രജതജൂബിലിയോടനുബന്ധിച്ച് അതിലെ അംഗങ്ങളുടെ എൺപതോളം പേരടങ്ങിയ സംഘവുമായി ശനിയാഴ്ച (18/01/25) വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചാ വേളയിലാണ് പാപ്പാ ഇതു പറഞ്ഞത്.
ഈ ഫൗണ്ടേഷൻ രണ്ടായിരാമാണ്ടിലെ ജൂബിലി വേളയിലാണ് സ്ഥാപിതമായതെന്നതും പാപ്പാ അനുസ്മരിച്ചു. ഈ ഫൗണ്ടഷൻറെ പ്രവർത്തനം എന്നും വിശ്വാസത്തിൻറെയും ഉപവിയുടെയും ചൈതന്യത്തോടുകൂടിയായിരിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കാരണം പൊന്തിഫിക്കൽ സ്വിസ് കാവൽഭടന്മാർക്ക് സഹായമരുളുകയെന്നാൽ സാർവ്വത്രിക സഭയ്ക്കുവേണ്ടിയുള്ള ശുശ്രൂഷ നിർവ്വഹിക്കുന്നതിൽ പത്രോസിൻറെ പിൻഗാമിയെ സഹായിക്കുകയെന്നാണെന്ന് പാപ്പാ വിശദീകരിച്ചു.
സ്വിസ് കാവൽഭടന്മാരുടെ പ്രവർത്തനത്തിന് കാലത്തിൻറെ ഗതിയിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും പാപ്പായ്ക്ക് സംരക്ഷണമേകുകയെന്ന അതിൻറെ ലക്ഷ്യം അചഞ്ചലമായി നിലകൊള്ളുന്നുവെന്നു പാപ്പാ പറഞ്ഞു. പാപ്പായെ കാണുന്നതിനായി ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന നിരവധിയായ തീർത്ഥാടകരെ സ്വാഗതം ചെയ്യുന്നതിന് സഹായഹസ്തം നീട്ടുകയെന്നതും അവരുടെ ഈ ദൗത്യത്തിൽ അന്തർലീനമാണെന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.
പാപ്പായ്ക്ക് സേവനം ചെയ്യുന്ന സ്വിസ് കാവൽഭടന്മാരുടെ കുടുംബങ്ങൾക്കും അവരുടെ മക്കളുടെ വിദ്യഭ്യാസം രൂപവത്ക്കരണം തുടങ്ങിയവയ്ക്കും ഈ ഫൗണ്ടേഷൻ നല്കുന്ന വിലപ്പെട്ട സേവനങ്ങൾ പാപ്പാ അനുസ്മരിക്കുകയും കുടുബത്തിന് സഭയിലും സമൂഹത്തിലുമുള്ള മൗലികപ്രാധാന്യം എടുത്തുകാട്ടുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: