വൈദിക പരിശീലനത്തിൽ മാനുഷികബന്ധങ്ങളുടെ മേന്മയും പ്രാമാണ്യവും പ്രധാനം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ക്രൈസ്തവ ജീവിതസാക്ഷ്യമേകാനും ഭാവിവൈദികരുടെ വളർച്ചയ്ക്ക് അനുകൂലമായ ഇടമായിരിക്കാനും സെമിനാരിക്ക് കഴിയണമെങ്കിൽ വൈദികാർത്ഥികളുടെ മാനുഷികമായ ബന്ധങ്ങളുടെ ഗുണനിലവാരത്തിലും ആധികാരികതയിലും ശ്രദ്ധ ചെലുത്തേണ്ടുണ്ടെന്ന് മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
ഫ്രാൻസിലെ വലിയസെമിനാരിളുടെ റെക്ടർമാരും വൈദികപരിശീലകരുമടങ്ങുന്ന സംഘവുമായി ശനിയാഴ്ച (25/01/25) വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചാ വേളയിലാണ് ഫ്രാൻസീസ് പാപ്പാ ഈ ആവശ്യകതയിലേക്കു വിരൽ ചൂണ്ടിയത്.
ജൂബിലിയോടനുബന്ധിച്ചുള്ള ഈ തീർത്ഥാടനം അവർ വൈദിക പരിശീലനത്തെക്കുറിച്ച് പരിചിന്തനം ചെയ്യുന്നതിനുള്ള അവസരമാക്കി മാറ്റിയതും പാപ്പാ അനുസ്മരിച്ചു. വിവേചിച്ചറിയലിൻറെതായ ഒരു യാത്രയാണ് വൈദിക പരിശീലനമെന്നും അതിൽ പരിശീലകരുടെ ദൗത്യം സുപ്രധാനമാണെന്നും പാപ്പാ പറഞ്ഞു. ഇവിടെ ജീവിതസാക്ഷ്യത്തിൻറെ പ്രാധാന്യം എടുത്തു പറഞ്ഞ പാപ്പാ “ഇന്നത്തെ മനുഷ്യൻ സാക്ഷികളായ ഗുരുക്കന്മാരെ സുമനസ്സോടെ ശ്രവിക്കുന്നുവെന്നും ഒരുവൻ ഗുരുനാഥന്മാരെ കേൾക്കുന്നുവെങ്കിൽ അത് അവർ സാക്ഷികളായതുകൊണ്ടാണെന്നുമുള്ള വിശുദ്ധ പോൾ ആറാമൻറെ വാക്കുകൾ അനുസ്മരിച്ചു.
സെമിനാരിയിൽ എത്തുന്നവർ വ്യത്യസ്തരായ വ്യക്തികളാണെന്ന വസ്തുതയെക്കുറിച്ചു പരാമർശിച്ച പാപ്പാ ഇത്രയും വൈവിധ്യമാർന്ന ഒരു സമൂഹത്തിൽ മാനുഷികവും ആദ്ധ്യാത്മികവും ബൗദ്ധികവും അജപാലനപരവുമായ രൂപവത്ക്കരണപരിപാടി അവതരിപ്പിക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് പറഞ്ഞു.
വൈദിക പരിശീലനത്തിൽ സുപ്രധാനങ്ങളായ ഘടകങ്ങളിൽ മൂന്നെണ്ണം പാപ്പാ എടുത്തുകാട്ടി. വൈദികാർത്ഥിയിൽ യഥാർത്ഥ ആന്തരിക സ്വാതന്ത്ര്യം രൂപവത്ക്കരിക്കുക, സന്തുലിത മാനവികതയും മാനുഷികബന്ധങ്ങൾ പുലർത്താനുള്ള കഴിവും വളർത്തിയെടുക്കുക, പൗരോഹിത്യവിളിയുടെ നിർണ്ണായകമായ ദൗത്യോന്മുഖ ദിശാബോധമേകുക എന്നിവയാണ് ഈ ത്രിവിധ ഘടകങ്ങൾ. വൈദികപരിശീലകരുടെ ബുദ്ധിമുട്ടേറിയ കടമ നിർവ്വഹിക്കുന്നതിൽ ആത്മവിശ്വാസത്തോടും സ്ഥൈര്യത്തോടുംകൂടി മുന്നോട്ടുപോകാൻ പാപ്പാ പ്രചോദനം പകരുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: