കർദ്ദിനാൾ അമാത്തോയുടേത് സുവിശേഷത്തിനും സഭയ്ക്കും സമർപ്പിക്കപ്പെട്ട ജീവിതം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സലേഷ്യൻ സഭംഗവും, വിശുദ്ധരുടെ നാമകരണച്ചടങ്ങുകൾക്കായുള്ള ഡികാസ്റ്ററിയുടെ മുൻ അദ്ധ്യക്ഷനുമായിരുന്ന കർദ്ദിനാൾ ആഞ്ചെലോ അമാത്തോയുടെ നിര്യാണത്തിൽ, സലേഷ്യൻ സഭയുടെ മേജർ റെക്ടറുടെ വികാരി, റവ. സ്റ്റേഫനോ മർതോലിയോ SDB-ക്ക് അയച്ച ടെലെഗ്രാം സന്ദേശത്തിലൂടെ തന്റെ അനുശോചനങ്ങളും പ്രാർത്ഥനകളുമറിയിച്ച് ഫ്രാൻസിസ് പാപ്പാ.
കർദ്ദിനാൾ അമാത്തോയുടെ നിര്യാണവാർത്തയിൽ ദുഃഖിതരായിരിക്കുന്ന സലേഷ്യൻസഭംഗങ്ങൾക്കും, കർദ്ദിനാളിന്റെ കുടുംബാംഗങ്ങൾക്കും പാപ്പാ തന്റെ സാമീപ്യം വാഗ്ദാനം ചെയ്‌തു. മാതൃകാപരമായ സാക്ഷ്യമായിരുന്നു കർദ്ദിനാൾ നൽകിയതെന്ന് സാക്ഷ്യപ്പെടുത്തിയ പാപ്പാ, തികച്ചും ശുദ്ധമായ മാനവികതയുടെയും ഔദാര്യതയുടെയും വ്യക്തിത്വമായിരുന്നു വിശുദ്ധ ജോൺ ബോസ്‌കോയുടെ ഈ ശിഷ്യന്റെതെന്നും, അതിനെയോർത്ത് താൻ ദൈവത്തിന് നന്ദി പറയുന്നുവെന്നും തന്റെ സന്ദേശത്തിൽ എഴുതി.
ദൈവശാസ്ത്രപരമായ നല്ല തയ്യാറെടുപ്പോടെയും, പൗരോഹിത്യമനോഭാവത്തോടെയുമാണ് ദീർഘനാളുകൾ അദ്ദേഹം, വിശ്വാസകാര്യങ്ങൾക്കും, വിശുദ്ധരുടെ നാമകരണച്ചടങ്ങുകൾക്കുമായുള്ള ഡികാസ്റ്ററികളിൽ തന്റെ സേവനമേകിയതെന്ന് പാപ്പാ എഴുതി. "എന്റെ കൃപ നിനക്ക് മതി" എന്ന തന്റെ ആദർശവാക്യത്തോട് വിശ്വസ്തതയോടെ ജീവിച്ച കർദ്ദിനാൾ അമാത്തോ നല്ലവനും ശ്രദ്ധാലുവുമായ സേവകനായിരുന്നുവെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ എഴുതി. തന്റെ ജീവിതത്തിന്റെ സഹനത്തിന്റെ അവസാനനാളുകളിൽ ദൈവപിതാവിന്റെ കൃപയിലും നന്മയിലും ശരണംവച്ചുള്ള ജീവിതമായിരുന്നു കർദ്ദിനാൾ നയിച്ചിരുന്നത്.
സലേഷ്യൻ സഭയ്ക്ക് പ്രിയപ്പെട്ട നിത്യസഹായമാതാവിനാലും, കർദ്ദിനാൾ അമാത്തോയുടെ സേവനത്തിന്റെ ഭാഗമായി അൾത്താരയുടെ മഹത്വത്തിലേക്ക് ഉയർത്തപ്പെട്ട വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരാലും അനുഗതനായി, ദൈവം അദ്ദേഹത്തെ സ്വർഗ്ഗത്തിന്റെ നിത്യവിരുന്നിലേക്ക് സ്വീകരിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.
കർദ്ദിനാളിന്റെ നിര്യാണത്തിൽ ദുഃഖം പങ്കിടുന്ന ഏവർക്കും തന്റെ അനുഗ്രഹങ്ങൾ നേർന്നുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: