ജൂബിലി വർഷത്തിൽ ക്രിസ്തുവിന്റെ ഹൃദയത്തോട് ചേർന്ന് യാത്രചെയ്യുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
തന്റെ മനുഷ്യാവതാരം, സഹനം, മരണം, ഉത്ഥാനം എന്നിവ വഴി യേശുവിന്റെ ഹൃദയം നടത്തുന്ന യാത്രയുടെയും, പാപത്താൽ മുറിവേൽപ്പിക്കപ്പെട്ടതും, എന്നാൽ, ദൈവസ്നേഹത്താൽ അടിമപ്പെടാനും, മാറ്റപ്പെടാനും സ്വയം വിട്ടുകൊടുക്കുന്നതുമായ നമ്മുടെ ഹൃദയത്തിന്റെ യാത്രയുടെയും അദ്ധ്യാത്മികതയാണ്, “ദിലെക്സിത് നോസ്” എന്ന തന്റെ ചാക്രികലേഖനത്തിൽ താൻ വിശദീകരിച്ചതെന്നോർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. "പാപ്പായുടെ ആഗോളപ്രാർത്ഥനാശൃംഖല" എന്ന പ്രസ്ഥാനത്തിലെ അംഗങ്ങൾക്ക് ജനുവരി 23 വ്യാഴാഴ്ച വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, ക്രിസ്തുവിന്റെ ഹൃദയത്തിന്റെ മാനുഷിക, ദൈവിക സ്നേഹത്തെക്കുറിച്ച് പാപ്പാ പരാമർശിച്ചത്.
പാപ്പായുടെ പ്രാർത്ഥനാനിയോഗങ്ങൾ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ ഫൗണ്ടേഷന്റെ മുൻ ഡയറക്ടർ ഫാ. ഫോർണോസിന്റെ പ്രവർത്തങ്ങളെ ക്രിയാത്മകം എന്ന് വിശേഷിപ്പിച്ച പാപ്പാ, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് നന്ദി പറയുകയും പുതിയ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട ഫാ. ക്രിസ്റ്റോബാൽ ഫോൺസിന് ആശംസകൾ നേരുകയും ചെയ്തു.
ഫൗണ്ടേഷന്റെ അജപാലനസേവനത്തെ പ്രശംസിച്ച പാപ്പാ, ക്രിസ്തുവിന്റെ ഹൃദയത്തിലെ മാനുഷിക, ദൈവിക സ്നേഹത്തിലാണ് നിങ്ങൾ നിങ്ങളുടെ ആധ്യാത്മികത വളർത്തുന്നതെന്നും, ഹൃദയത്തിന്റെ യാത്രയെന്ന് വിളിക്കപ്പെടുന്ന നിങ്ങളുടെ ഈയൊരു ആധ്യാത്മികത, യേശുവിന്റെയും മനുഷ്യരുടെയും ഹൃദയങ്ങളെ ബന്ധപ്പെടുത്തുന്നതാണെന്നും, വിശ്വാസത്തിന്റെയും പ്രത്യാശയുടെയും ഈ യാത്രയിൽ പരിശുദ്ധ അമ്മയാണ് നമുക്ക് മുൻപേ നടക്കുകയും നമ്മെ നയിക്കുകയും ചെയ്യുന്നതെന്നും പാപ്പാ പറഞ്ഞു.
നമ്മുടെ വിശ്വാസതീർത്ഥാടനയാത്രയിൽ, തന്നെപ്പോലെ, "ഹൃദയത്തിൽ സൂക്ഷിക്കാൻ" പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞ പാപ്പാ, എന്നാൽ ഇങ്ങെനെ ഹൃദയത്തിൽ സംഗ്രഹിക്കുകയെന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണെന്നും, പരിശുദ്ധാത്മാവിന്റെ ജീവജലമില്ലാതെ ക്രിസ്തുവിനോടൊത്തുള്ള ഹൃദയത്തിന്റെ യാത്രയില്ലെന്നും ഉദ്‌ബോധിപ്പിച്ചു.
ജൂബിലി വർഷത്തിൽ ആഗോള പ്രാർത്ഥനാശൃംഖല വലിയൊരു സേവനമായിരിക്കും നൽകുകയെന്ന് പറഞ്ഞ പാപ്പാ, പ്രാർത്ഥനയും സഹാനുഭൂതിയും, പ്രാർത്ഥനയും ദരിദ്രരുമായുള്ള സാമീപ്യവും, പ്രാർത്ഥനയും കാരുണ്യത്തിന്റെ പ്രവൃത്തികളും ഒത്തുചേർന്ന് പോകുന്ന ഒരു യാത്രയെന്ന നിലയിൽ ഇതിനെ അനുഭവിക്കാനും ജീവിക്കാനും, വ്യക്തികളെയും സമൂഹങ്ങളെയും സഹായിക്കാനും നിങ്ങൾക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: