MAP

ഫ്രാൻസിസ് പാപ്പായും വിവിധ മെത്രാൻസമിതികളുടെ കീഴിൽ പ്രവർത്തിക്കുന്ന മാധ്യമവിഭാഗം മേധാവികളും ഫ്രാൻസിസ് പാപ്പായും വിവിധ മെത്രാൻസമിതികളുടെ കീഴിൽ പ്രവർത്തിക്കുന്ന മാധ്യമവിഭാഗം മേധാവികളും  (Vatican Media)

ക്രൈസ്തവമാധ്യമപ്രവർത്തനം പ്രത്യാശ പകരുന്നതാകണം: ഫ്രാൻസിസ് പാപ്പാ

തിന്മയ്ക്കും ഭിന്നതകകൾക്കും നിരാശയ്ക്കും വഴി തെളിക്കുന്ന മധ്യശൈലിയിൽനിന്നകന്ന്, ക്രിസ്തുവിലുള്ള പ്രത്യാശ പകരാനും, ഒരുമിച്ച് പ്രവർത്തിക്കാനും, ദൈവരാജ്യത്തിന്റെ സന്ദേശം പകരാനും മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന കത്തോലിക്കാരോട് ഫ്രാൻസിസ് പാപ്പാ. വിവിധ മെത്രാൻസമിതികളുടെ കീഴിൽ പ്രവർത്തിക്കുന്ന മാധ്യമവിഭാഗം മേധാവികൾക്ക് ജനുവരി 27-ന് അനുവദിച്ച കൂടിക്കാഴ്ചയിലാണ്, ക്രൈസ്തവമാദ്ധ്യമപ്രവർത്തകർക്കുണ്ടാകേണ്ട മൂല്യങ്ങളെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പ്രത്യാശ പകരുന്ന മാധ്യമപ്രവർത്തനത്തിനും സഹകരണമനോഭാവത്തോടെയുള്ള പ്രവർത്തനത്തിനും കത്തോലിക്കാമാധ്യമപ്രവർത്തകരെ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. മെത്രാൻസമിതികളുടെ വാർത്താവിനിമയവിഭാഗം പ്രസിഡന്റുമാർ, ഓഫീസ് മേധാവികൾ എന്നിവർക്ക് ജനുവരി 27 തിങ്കളാഴ്ച വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിലാണ് ക്രൈസ്തവവീക്ഷണത്തോടെ വാർത്താവിനിമയം നടത്തുന്നതിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞത്. വിശ്വാസത്താൽ പ്രേരിതരായി വേണം വാർത്താവിനിമയരംഗത്ത് പ്രവർത്തിക്കുന്നവർ ജോലിചെയ്യേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് മാധ്യമപ്രവർത്തകരുടെ സാന്നിദ്ധ്യത്തോടെ ജനുവരി 24 മുതൽ 26 വരെ തീയതികളിലായി വാർത്താവിനിമയരംഗത്ത് പ്രവർത്തിക്കുന്നവർക്കായുള്ള ജൂബിലി ആഘോഷങ്ങൾ വത്തിക്കാനിൽ നടന്നിരുന്നു.

നിരാശയും, ഭിന്നതയുമുളവാക്കുന്ന പ്രവണതകൾ നിലനിൽക്കുന്ന നമ്മുടെ സമൂഹത്തിൽ, മറ്റുള്ളവർക്ക് പ്രത്യാശ പകരാൻ നിങ്ങളുടെ സന്ദേശങ്ങൾക്ക് സാധിക്കുന്നുണ്ടോയെന്ന് പാപ്പാ ചോദിച്ചു. വ്യവസായികചിന്തയോടെയാണോ പ്രാർത്ഥനയുടെ പിന്തുണയോടെയാണോ നമ്മുടെ ആശയവിനിമയങ്ങൾ നടക്കുന്നതെന്ന് നാം ചിന്തിക്കേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

പ്രത്യാശയുടെ ഒരു നാളയെക്കുറിച്ച് പ്രതീക്ഷ നൽകാൻ സാധിക്കുകയെന്നത് മാധ്യമരംഗത്ത് കാത്തുസൂക്ഷിക്കേണ്ട പ്രധാനപ്പെട്ട ഒരു മൂല്യമായിരിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ജീവിതത്തിന്റെ ഭംഗിയും, ക്ഷമിക്കാനുള്ള ബോധ്യവും പകരുന്ന രീതിയിൽ ആളുകളിലേക്ക് ചിന്തകൾ പകരാൻ സാധിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു.

മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന ക്രൈസ്തവരെന്ന നിലയിൽ, ദൈവരാജ്യം നമുക്കടുത്താണെന്ന ചിന്ത പകർന്നുകൊടുക്കുന്നത് പ്രധാനപ്പെട്ടതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നമ്മുടെ ചിന്തകൾക്കും കഴിവുകൾക്കും അപ്പുറമാണ് ദൈവത്തിന്റെ ശക്തിയെന്നും, നമ്മുടെ കുറവുകൾക്കിടയിലും ദൈവരാജ്യം നമ്മിലേക്ക് വരുന്നുണ്ടെന്നും, പ്രത്യാശ കാണാനും വിതയ്ക്കാനും സാധിക്കുമ്പോഴാണ് ഇത് നമ്മിലേക്ക് കടന്നുവരികയെന്നും പാപ്പാ വിശദീകരിച്ചു.

വാർത്താവിനിമയരംഗത്ത് തിന്മയ്ക്ക് ഇടം കൊടുക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും പ്രവണതകളും നിലനിൽക്കുന്നിടത്ത്, പ്രത്യാശയും നന്മയും പകരുന്ന കാര്യങ്ങൾ കാണാനും മറ്റുള്ളവരിലേക്ക് പകരാനും ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെയും, മറ്റുള്ളവർക്കായി തങ്ങളുടെ കഴിവുകൾ പങ്കുവയ്‌ക്കേണ്ടതിന്റെയും പ്രാധാന്യവും പാപ്പാ തന്റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. നിർമ്മിതബുദ്ധിയേക്കാൾ തന്നെ ഭയപ്പെടുത്തുന്നത് പലപ്പോഴും സാധാരണ ബുദ്ധിയാണെന്ന് പാപ്പാ പറഞ്ഞു. പത്രോസിന്റെ വിളിയുമായി ബന്ധപ്പെടുത്തി, തോൽവികളുടെ മുന്നിൽ നിരാശയിൽപ്പതിക്കാതെ, പ്രത്യാശയോടും, ജ്ഞാനത്തോടും കൂടി ജീവിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ ഓർമ്മപ്പെടുത്തി.

കത്തോലിക്കാമാധ്യമപ്രവർത്തനം എന്നത്, കത്തോലിക്കർക്ക് മാത്രമായി മാറ്റി വച്ചിരിക്കുന്ന ഒന്നല്ലെന്നും, അത്ദൈവരാജ്യത്തിന്റെ അടയാളങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന സാക്ഷ്യത്തിന്റെ തുറന്ന ഒരിടണമാണെന്നും പാപ്പാ പ്രസ്താവിച്ചു. ക്രിസ്തുവിനെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ജനുവരി 2025, 15:02