വാഹനോപയോഗരംഗത്ത് മനുഷ്യരുടെ സുരക്ഷയും പ്രകൃതിയുടെ സംരക്ഷണവും പ്രധാനം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
തീർത്ഥാടനത്തിന്റെ പ്രധാനഭാഗം ലക്‌ഷ്യം സ്ഥിരീകരിക്കുകയും, യാത്രയിലെ മറ്റു കാര്യങ്ങളിൽ ശ്രദ്ധയുടക്കാതെ, ലക്ഷ്യത്തിലേക്കെത്തുകയുമാണെന്ന് ഫ്രാൻസിസ് പാപ്പാ പ്രസ്താവിച്ചു. ഇറ്റലിയിലെ ഓട്ടോമൊബൈൽ ക്ലബ് പ്രതിനിധി സംഘത്തിന് ജനുവരി 23 വ്യാഴാഴ്ച വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, ജൂബിലിയുടെ കൂടി പശ്ചാത്തലത്തിൽ വാഹനോപയോഗവുമായും യാത്രയുമായും ബന്ധപ്പെടുത്തി പാപ്പാ സംസാരിച്ചത്, ജൂബിലി, യാത്ര പുനരാരംഭിക്കാനുള്ള ഒരു അവസരമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. യാത്രയിൽ ശ്രദ്ധിക്കേണ്ടതും സന്ദർശിക്കേണ്ടതുമായ ഇടങ്ങൾ മുൻകൂട്ടി തീരുമാനിച്ച്, തടസ്സമാകാവുന്നവയെ തിരിച്ചറിഞ്ഞുവേണം ഇത്തരമൊരു യാത്ര വിഭാവനം ചെയ്യേണ്ടതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
മനുഷ്യർ സ്ഥിരമായി ഒരിടത്തിരിക്കാനായി സൃഷ്ടിക്കപ്പെട്ടവരല്ലെന്നും, മറിച്ച്, എന്നും അന്വേഷകരായി, തങ്ങളുടെ ലക്ഷ്യത്തിലേക്ക് യാത്രചെയ്യാനായി വിളിക്കപ്പെട്ടവരാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. നമ്മുടെ ലക്ഷ്യം ഈ ലോകത്ത് സാധ്യമാകുന്ന വിധത്തിലുള്ള, പങ്കിടലിന്റെയും, സാഹോദര്യത്തിന്റെയും സന്തോഷത്തിന്റേതുമാണെന്നും, എന്നാൽ അത് യേശുവും, മറിയവും വിശുദ്ധരുമൊത്തുള്ള നിത്യമായ ആനന്ദത്തിലേക്ക് ലക്‌ഷ്യം വയ്ക്കുന്ന ഒന്നാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
മെച്ചപ്പെട്ട ഒരു ഭാവി പടുത്തുയർത്തുന്നതിനും, വർത്തമാനകാലത്തിന് പ്രത്യാശ പകരുന്നതിനുമായി വാഹനോപയാഗത്തിന്റെ അഭ്യസനം, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട ചിന്തകളും പാപ്പാ പങ്കുവച്ചു. പൊതുനിരത്തുകളിലെ സുരക്ഷയും പരസ്പരബഹുമാനവും പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്കാരത്തിന്റെ ആവശ്യമുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അപകടസാധ്യതകൾ തിരിച്ചറിഞ്ഞ് ഉത്തരവാദിത്വപരമായ ശീലങ്ങൾ സ്വീകരിക്കുക, നിയമങ്ങൾ പാലിക്കുക തുടങ്ങിയവ വഴി, പൊതുജീവിതത്തെ സഹായിക്കുകയും, വഴിയിൽ അപകടത്തിന്റെ ഇരകൾ ഇല്ലാതാക്കുക എന്നിവയിലേക്ക് എത്താൻ നമുക്ക് സാധിക്കും. ഇതായിരിക്കണം നമ്മുടെ ലക്‌ഷ്യം. യാത്ര ചെയ്യുക എന്ന ക്രിയ, പഠിക്കുക കണ്ടുമുട്ടുക എന്നിവയോടാണ് അടുത്തുനിൽക്കുകയെന്നും, സഹിക്കുക വിലപിക്കുക മരിക്കുക എന്നിവയോടല്ലെന്നും ഓർമ്മിപ്പിച്ച പാപ്പാ, അതുകൊണ്ടുതന്നെ, മറ്റുള്ളവരെ നല്ല രീതിയിൽ പരിശീലിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകാൻ ഓട്ടോമൊബൈൽ ക്ലബ് പ്രതിനിധികളെ ആഹ്വാനം ചെയ്യുകയും, ഇത് ജീവനെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഒരു മാർഗ്ഗമാണെന് പറയുകയും ചെയ്‌തു.
പരിസ്ഥിതിയുമായി ബന്ധപ്പെട്ടു സംസാരിച്ച പാപ്പാ, വാഹനങ്ങളുടെ എണ്ണം, പുനരുത്പാദിപ്പിക്കാനാകാത്ത ഊർജ്ജത്തിന്റെ ഉപയോഗം, മലിനീകരണം, ഗതാഗതക്കുരുക്ക് തുടങ്ങിയവ, നമ്മുടെ പൊതുഭവനത്തെയും, അതിൽ വസിക്കുന്നവരെയും പ്രതികൂലമായ രീതിയിൽ ബാധിക്കുന്ന വസ്തുതകളാണെന്ന് ഓർമ്മിപ്പിച്ചു. ഇത് നമ്മുടെ ജീവിതത്തിന്റെ ഗുണമേന്മയെ ബാധിക്കുന്ന ഒന്നാണെന്നും അതുകൊണ്ടുതന്നെ, ഉത്തരവാദിത്വപരമായും നിശ്ചയദാർഢ്യത്തോടെയും, ഈ വെല്ലുവിളികളെ നേരിടാനും, സുസ്ഥിരതയെ വളർത്താനും പരിശ്രമിക്കേണ്ടതുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു. എല്ലാവരുടെയും നന്മ ലക്‌ഷ്യം കണ്ട്, ഏവർക്കും സമീപസ്ഥവും, സുസ്ഥിരവുമായ യാത്രാശീലങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയിലേക്കും പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു.
കഴിഞ്ഞ 120 വർഷങ്ങളായി പൊതുജനത്തിനായി സേവനമനുഷ്ഠിക്കുന്ന ഓട്ടോമൊബൈൽ ക്ലബ്, മാറ്റങ്ങളുടെ ഇക്കാലത്തും, മനുഷ്യരെ പ്രധാനപ്പെട്ടവരായി കണക്കാക്കി, അവരുടെ ക്ഷേമവും സുരക്ഷയും മുന്നിൽക്കണ്ട് പ്രവർത്തിക്കുന്നത് തുടരണമെന്ന് പാപ്പാ ആവശ്യപ്പെട്ടു. വാഹനമോടിക്കുന്നവരുടെ മധ്യസ്ഥനായ വിശുദ്ധ ക്രിസ്റ്റഫറിന്റെ മാദ്ധ്യസ്ഥ്യത്തിന് നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും ജോലിയെയും സമർപ്പിക്കുന്നവെന്ന ആശംസയും പാപ്പാ നേർന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: