MAP

ഫ്രാൻസിസ് പാപ്പാ ദൈവവചനഞായറാഴ്ചയിലെ വിശുദ്ധബലിയർപ്പണവേളയിൽ ഫ്രാൻസിസ് പാപ്പാ ദൈവവചനഞായറാഴ്ചയിലെ വിശുദ്ധബലിയർപ്പണവേളയിൽ  (Vatican Media)

ക്രൈസ്തവസന്ദേശത്തിന്റെ ആനന്ദമനുഭവിക്കാൻ തിരുവചനവായനയ്ക്ക് പ്രാധാന്യം കൊടുക്കുക: ഫ്രാൻസിസ് പാപ്പാ

ദൈവവചനഞായർ ആഘോഷിക്കപ്പെട്ട ജനുവരി 26-ന് തിരുവചനവായനയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി ഫ്രാൻസിസ് പാപ്പാ. ഇതേ ദിനത്തിൽ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ വിശുദ്ധബലിയർപ്പിച്ച വേളയിലാണ്, വചനം ജീവിതത്തിൽ നിറയ്ക്കുന്ന ആനന്ദത്തെക്കുറിച്ചും, സഹോദര്യചിന്തകളെക്കുറിച്ചും പാപ്പാ ഓർമ്മിപ്പിച്ചത്. വാർത്താമാധ്യമരംഗത്ത് പ്രവർത്തിക്കുന്നവരുടെ ജൂബിലി ആഘോഷത്തിന്റെ അവസാനഭാഗം കൂടിയായിരുന്നു ഈ ദിവ്യബലി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

തിരുവചനം ജീവന്റെ വചനമാണെന്നും, അത് നമ്മെ ആന്തരിക അടിമത്തങ്ങളിൽനിന്ന് സ്വാതന്ത്രരാക്കി, നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതാണെന്നും ഫ്രാൻസിസ് പാപ്പാ. ദൈവവചനഞായർ ആചാരണദിനമായ ജനുവരി 26-ആം തീയതി, വാർത്താമാധ്യമരംഗത്ത് പ്രവർത്തിക്കുന്നവരുടെ ജൂബിലി ആഘോഷത്തിന്റെ അവസാനം കുറിച്ചുകൊണ്ട് നടന്ന വിശുദ്ധബലിയർപ്പണവേളയിൽ നടത്തിയ പ്രഭാഷണത്തിലാണ് വിശുദ്ധഗ്രന്ഥവായനയുടെ പ്രാധാന്യത്തിലേക്ക് പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്.

സിനഗോഗിൽ വച്ച് തിരുവചനം വായിക്കുന്ന യേശുവിനെക്കുറിച്ചുള്ള സുവിശേഷഭാഗത്തെ അധികരിച്ച് പ്രഭാഷണം നടത്തിയ പാപ്പാ, തിരുവചനത്തിന്റെ പൂർത്തീകരണമായ യേശു ജീവിക്കുന്ന തിരുവചനമാണെന്ന് ഉദ്‌ബോധിപ്പിച്ചു. തിരുവചനം വായിക്കുകയും മനസ്സിലാക്കുകയും മാത്രം, പോരാ, അത് നമ്മിൽ അത്ഭുതം ജനിപ്പിക്കണമെന്നും, അങ്ങനെ വചനത്തിന് നമ്മുടെ ഹൃദയത്തിൽ പ്രവേശിച്ച് നമ്മെ നവീകരിക്കാൻ സാധിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

കാരുണ്യത്തോടെ പ്രവർത്തിക്കാനും, മറ്റുള്ളവരുടെ കടങ്ങൾ പൊറുക്കാനും, സഹാനുഭൂതിയുടേതായ തിരുവചനം നമ്മെ ആഹ്വാനം ചെയ്യുന്നുണ്ടന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നമ്മെയേവരെയും സഹോദരീസഹോദരന്മാരാക്കുന്ന തിരുവചനം സ്വാതന്ത്ര്യത്തിലേക്ക് ക്ഷണിക്കുന്നതാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഇത് ആനന്ദത്തിന്റെ വചനമാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

തിരുവചനവായന നമ്മുടെ ഒരു ശീലമാക്കി മാറ്റണമെന്നും, ഏവരും തങ്ങൾക്കൊപ്പം പുതിയനിയമത്തിന്റെ ഒരു ചെറുപതിപ്പ് കൊണ്ടുനടക്കുകയും വായിക്കുകയും ചെയ്യണമെന്നും പ്രഭാഷണമധ്യേ പാപ്പാ ഓർമ്മിപ്പിച്ചു. ഇത് നമ്മെ കർത്താവുമായുള്ള ബന്ധത്തിൽ നിലനിൽക്കുന്നതിന് സഹായിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വിശുദ്ധബലി മദ്ധ്യേ വിവിധ രാജ്യങ്ങളിൽനിന്നുള്ള നാൽപ്പത് ആൽമായർക്ക് പാപ്പാ വായനപ്പട്ടം നൽകിയിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ജനുവരി 2025, 15:40