MAP

ഫ്രാൻസിസ് പാപ്പാ വാലെൻസിയ അതിരൂപതയിൽനിന്നെത്തിയവരെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ ഫ്രാൻസിസ് പാപ്പാ വാലെൻസിയ അതിരൂപതയിൽനിന്നെത്തിയവരെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  (VATICAN MEDIA Divisione Foto)

സഹനങ്ങൾ നമ്മെ കൂടുതലായി ദൈവത്തിലേക്കടുപ്പിക്കണം: ഫ്രാൻസിസ് പാപ്പാ

സഹനങ്ങളും കഷ്ടനഷ്ടങ്ങളും ദൈവത്തിൽ കൂടുതലായി ശരണപ്പെടാൻ നമ്മെ സഹായിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. സ്പെയിനിലെ വാലെൻസിയ പ്രാദേശികസഭയിൽനിന്നുള്ള മെത്രാന്മാർക്കും സെമിനാരിക്കാർക്കും, സെമിനാരിപരിശീലകർക്കും വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, കഴിഞ്ഞ വർഷം വാലെൻസിയ പ്രദേശത്തുണ്ടായ പ്രകൃതിദുരന്തവും, അതുണ്ടാക്കിയ ദുരിതങ്ങളെയും പരാമർശിച്ചുകൊണ്ട് പാപ്പാ ഇങ്ങനെ പറഞ്ഞത്. എല്ലാം നഷ്ടപ്പെട്ടവർക്കും തകർന്നവർക്കും ക്രിസ്തുവിന്റെ മാതൃകയിൽ എല്ലാമാകനും, സ്വയം നൽകാനും പാപ്പായുടെ ആഹ്വാനം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

നാമനുഭവിക്കുന്ന ദുരിതങ്ങളും നേരിടുന്ന നാശനഷ്ടങ്ങളും നമ്മെ നിരാശയിലേക്കല്ല, പ്രത്യാശയിലേക്കും, മാനുഷികമായ നമ്മുടെ ഉറപ്പുകൾക്കുമപ്പുറം ദൈവത്തിൽ കൂടുതലായി ശരണപ്പെടുന്നതിലേക്കും നയിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. സ്പെയിനിലെ വാലെൻസിയ അതിരൂപതയിൽനിന്നുള്ള മെത്രാന്മാർക്കും വൈദികാർത്ഥികൾക്കും, സെമിനാരിപരിശീലകർക്കും ജനുവരി 30 വ്യാഴാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, ജൂബിലി വർഷത്തിന്റെ കൂടി പശ്ചാത്തലത്തിൽ, പ്രത്യാശയോടെ ജീവിക്കേണ്ടതിന്റെയും മറ്റുള്ളവർക്ക് പ്രത്യാശ പകരേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.

ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്താനും, കർത്താവിന്റെ കൃപയുടെ വർഷം പ്രഘോഷിക്കാനുമായെത്തിയ യേശുവിനെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട്, പ്രത്യാശയുടെ ജൂബിലി വർഷം ക്രിയാത്മകമായി ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ സംസാരിച്ചു. 2024 ഒക്ടോബർ മാസത്തിൽ വാലെൻസിയയിൽ ഉണ്ടായ പേമാരിയും കനത്ത മണ്ണൊലിപ്പും വെള്ളപ്പൊക്കവും, അതുമൂലമുണ്ടായ നിരവധി മരണങ്ങളെയും നാശനഷ്ടങ്ങളെയും കുറിച്ച് പരാമർശിച്ചുകൊണ്ട്, ഇത്തരം സംഭവങ്ങൾ ഇനിയൊരിക്കലും അവർത്തിക്കാതിരിക്കട്ടെയെന്ന് പറഞ്ഞ പാപ്പാ, ഇത് ഓരോ മനുഷ്യരും നേരിടേണ്ടിവരുന്ന അപ്രതീക്ഷിതമായ നാശനഷ്ടങ്ങളുടെയും ഏകാന്തതയുടെയും ഒരു പതിപ്പാണെന്ന് ഓർമ്മിപ്പിച്ചു.

"പ്രത്യാശ" എന്നാൽ "ശുഭാപ്തിവിശ്വാസം" എന്നല്ല നാം മനസ്സിലാക്കേണ്ടതെന്നും, അത്തരമൊരു വ്യാഖ്യാനം തികച്ചും ലഖുവായ ഒന്നാണെന്നും പറഞ്ഞ പാപ്പാ, നമ്മെ സംബന്ധിച്ചിടത്തോളം പ്രത്യാശ എന്നത് യേശുവെന്ന ഒരു പേരാണെന്നും, നമ്മുടെ ബുദ്ധിമുട്ടുകളിൽ നമ്മെപ്പോലെ ഒരുവനായി മാറിയ ദൈവമാണ് അവനെന്നും ഉദ്‌ബോധിപ്പിച്ചു. വാലെൻസിയയിലെ പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട്, ചെളിമണ്ണിന്റെ രൂപകമുപയോഗിച്ചായിരുന്നു പാപ്പാ ഇത് വിശദീകരിച്ചത്.

വൈദികരാകുകയെന്നാൽ മറ്റൊരു ക്രിസ്തുവാകുകയെന്നാണെന്നും, മനുഷ്യരുടെ വിലാപത്തിൽ അവർക്കായി ക്രിസ്തുവിനെപ്പോലെ ചെളിമണ്ണായിത്തീരുകയാണെന്നും പറഞ്ഞ പാപ്പാ, വാലെൻസിയയിൽ ഏറെ തകർന്ന മനുഷ്യരുണ്ടെന്നും, അവർക്കായി, ക്രിസ്തു കുർബാനയിൽ സ്വയം മുറിച്ചു നൽകുന്നതുപോലെ, തങ്ങളെത്തന്നെ മുറിച്ചുനൽകാൻ തയ്യാറാകണമെന്നും വൈദികരോടും വൈദികാർത്ഥികളോടും ആവശ്യപ്പെട്ടു. നിങ്ങൾക്ക് സൗജന്യമായി ദൈവത്തിൽനിന്ന് ലഭിച്ചവ ലഭിച്ചവ സൗജന്യമായി നൽകാനും പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ജനുവരി 2025, 14:12