നിർമ്മിതബുദ്ധിയുടെ ഉത്തരവാദിത്വപരമായ ഉപയോഗത്തിനായി പരിശ്രമിക്കുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനിലെ അവശ്യഘടകമായാണ് ബുദ്ധിയെന്ന അനുഗ്രഹത്തെ ക്രൈസ്തവപരമ്പര്യം കാണുന്നതെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. അതേസമയം സൃഷ്ടിയെ മെച്ചപ്പെടുത്താനായി സ്ത്രീപുരുഷന്മാർക്ക് ദൈവത്തോട് ചേർന്ന് പ്രവർത്തിക്കാനുതകുന്ന ശാസ്ത്ര, സാങ്കേതിക, കലാ രൂപങ്ങളുടെ മുന്നേറ്റത്തെ പിന്തുണയ്ക്കുന്നതിൽ കത്തോലിക്കാസഭ എന്നും മുന്നിട്ടുനിന്നിട്ടുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു. ജനുവരി ഇരുപത് മുതൽ ഇരുപത്തിനാല് വരെ തീയതികളിൽ, "ബുദ്ധിയുഗത്തിനായുള്ള സഹകരണം" എന്ന പേരിൽ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷികസമ്മേളനവുമായി ബന്ധപ്പെട്ട്, പ്രസ്തുത ഫോറത്തിന്റെ അദ്ധ്യക്ഷനായച്ച സന്ദേശത്തിലാണ്, സഹകരണത്തിന് മാത്രമല്ല, ജനതകളെ ഒരുമിച്ചുകൊണ്ടുവരുവാനുള്ള ഉപകരണമായി നിർമ്മിതബുദ്ധിയെ ഉപയോഗിക്കുന്നതിന്റെ സാധ്യതകളെ അധികരിച്ച് പാപ്പാ തന്റെ ചിന്തകൾ പങ്കുവച്ചത്.
നിർമ്മിതബുദ്ധി, അതിനെ സംവിധാനം ചെയ്ത മനുഷ്യബുദ്ധിയെ അനുകരിക്കുകയും, ആവശ്യങ്ങൾക്കുമനുസരിച്ച് ചിലപ്പോഴെങ്കിലും മനുഷ്യന്റെ കഴിവുകളെ കടത്തിവെട്ടുന്നതും, എന്നാൽ മനുഷ്യരുടേതിൽനിന്ന് വേർതിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ ഉത്തരങ്ങൾ കണ്ടെത്താനും, ചില തിരഞ്ഞെടുപ്പുകൾ എടുക്കാനും കഴിവുള്ളതായതുകൊണ്ടുതന്നെ, ലോകത്തിൽ മനുഷ്യന്റെ ഇടത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതും, പൊതു ഇടങ്ങളിൽ സത്യമേത് എന്നതിനെക്കുറിച്ചുള്ള ചോദ്യത്തെ ബാധിക്കുന്നതുമാണെന്ന് പാപ്പാ എഴുതി. നിർമ്മിതബുദ്ധിയെ വിഭാവനം ചെയ്തവർ മുൻകൂട്ടി ഇതിനെ, നിലവിൽ ഉത്തരം കാണാത്ത, പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാനായി നിർമ്മിച്ചിരിക്കുന്നതുകൊണ്ട്, ഇത് നൽകുന്ന സേവനങ്ങളുടെ, ധാർമ്മിക ഉത്തരവാദിത്വം, മനുഷ്യന്റെ സുരക്ഷ, നിർമ്മിതബുദ്ധി സമൂഹത്തിൽ ഉളവാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾ തുടങ്ങിയവയെക്കുറിച്ച് അടിസ്ഥാനപരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
നിർവ്വചിക്കപ്പെട്ട മാനദണ്ഡങ്ങളോ, കണക്കുകൂട്ടലുകളോ അനുസരിച്ച് സാങ്കേതികതിരഞ്ഞെടുപ്പുകൾ നടത്താൻ നിർമ്മിതബുദ്ധിക്ക് സാധിക്കുമെങ്കിലും, മനുഷ്യർക്കാണ്, തങ്ങളുടെ ഹൃദയത്തിൽ തീരുമാനങ്ങൾ എടുക്കാനും, തിരഞ്ഞെടുക്കാനും സാധിക്കുകയെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
നിർമ്മിതബുദ്ധിയുമായി ബന്ധപ്പെടുത്തി "ബുദ്ധി" എന്ന വാക്കിന്റെ ഉപയോഗം പോലും ശരിയായതല്ലെന്നും, അത് മനുഷ്യബുദ്ധിയുടെ നിർമ്മിതരൂപമല്ല, ഒരു ഉത്പന്നം മാത്രമാണെന്നും പാപ്പാ എഴുതി. നിർമ്മിതബുദ്ധി ശരിയായ രീതിയിൽ ഉപയോഗിക്കപ്പെടുമ്പോൾ, മനുഷ്യനെ അത് അവന്റെ വിളി സ്വാതന്ത്ര്യത്തോടെയും ഉത്തരവാദിത്വത്തോടെയും നിർവ്വഹിക്കാൻ സഹായിക്കുന്ന ഒന്നാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
സാങ്കേതികമേഖലയിലുള്ള വളർച്ചയേക്കാൾ പ്രധാനപ്പെട്ട, നീതിയിലും സഹോദര്യത്തിലും സാമൂഹികബന്ധങ്ങളിലും മെച്ചപ്പെടുവാൻ ഉതകുന്ന രീതിയിൽ വേണം നിർമ്മിതബുദ്ധിയെ വിഭാവനം ചെയ്യേണ്ടതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
സാങ്കേതികമായ മാർഗ്ഗങ്ങളിലൂടെ ലോകത്തിന്റെ പ്രശ്നങ്ങളെ ഇല്ലാതാക്കാമെന്ന ചിന്തയോടെ നിർമ്മിതബുദ്ധി ഉപയോഗിക്കപ്പെടുമ്പോൾ, മനുഷ്യാന്തസ്സും മാനവികസഹോദര്യവും പലപ്പോഴും തഴയപ്പെടുവാനുള്ള സാധ്യതയുണ്ടെന്നും, എന്നാൽ കാര്യക്ഷമതയുടെ പേരിൽ മനുഷ്യാന്തസ്സ് തകർക്കപ്പെടരുതെന്നും, എല്ലാവരുടെയും ജീവിതത്തെ മെച്ചപ്പെടുത്താത്ത സാങ്കേതികമികവിനെ പുരോഗതിയെന്ന് വിളിക്കരുതെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. അതുകൊണ്ടുതന്നെ, നിർമ്മിതബുദ്ധി, കൂടുതൽ ആരോഗ്യപരവും, മാനവികവും സാമൂഹികവും സമ്പൂർണവുമായ വളർച്ചയ്ക്കായി വേണം ഉപയോഗിക്കുവാനെന്നും പാപ്പാ പറഞ്ഞു.
ദൈവം നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന നമ്മുടെ പൊതുഭവനത്തെ സംരക്ഷിക്കുന്നതിനും, സമൂഹത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനും നിർമ്മിതബുദ്ധിയുടെ ഉപയോഗം കൊണ്ട് നേടാൻ സാധിക്കുന്ന പുരോഗതി നമ്മെ വിളിക്കുന്നുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു. നിർമ്മിതബുദ്ധിയുടെ ഉപയോഗം മനുഷ്യാന്തസ്സും പൊതുനന്മയും പ്രോത്സാഹിപ്പിക്കുകയും, മനുഷ്യന്റെ ഉത്തരവാദിത്വങ്ങളിൽ സഹായിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാരുകൾ ശ്രദ്ധിക്കണമെന്ന് പാപ്പാ ആഹ്വാനം ചെയ്‌തു. നിർമ്മിതബുദ്ധികൊണ്ടുള്ള ഉപയോഗവും, സമൂഹത്തിൽ അത് ഉളവാക്കുന്ന സ്വാധീനവും വ്യക്തമാകുന്ന മുറയ്ക്ക്, വ്യക്തികൾ, കുടുംബങ്ങൾ, പൊതുസമൂഹം, സ്ഥാപനങ്ങൾ ഗവൺമെന്റുകൾ, അന്തർദേശീയസംഘടനകൾ തുടങ്ങിയവയുടെ പൊതുനന്മയ്ക്കായി അത് ഉപയോഗിക്കപ്പെടുന്ന രീതിയിൽ ഉചിതമായ തീരുമാനങ്ങൾ സ്വീകരിക്കപ്പെടണമെന്നും പാപ്പാ ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: