രോഗ, പരീക്ഷണനിമിഷങ്ങളിൽ പ്രത്യാശ നമുക്ക് സ്ഥൈര്യം പകരുന്നു: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സഹനത്തിന്റെയും ബുദ്ധിമുട്ടുകളുടെയും ഇടയിലായിരിക്കുന്ന രോഗികൾക്കും, അവരെ ശുശ്രൂഷിക്കുന്നവർക്കും പ്രത്യാശയുടെ സന്ദേശവുമായി ഫ്രാൻസിസ് പാപ്പാ. ക്രൈസ്തവമായ പ്രത്യാശ, സഹനങ്ങളിലായിരിക്കുന്നവർക്ക് പ്രതീക്ഷ പകരുന്നതാണെന്നും, ദൈവം അങ്ങനെയുള്ളവർക്ക് സമീപസ്ഥനാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. എല്ലാ വർഷവും ഫെബ്രുവരി പതിനൊന്നിന് ആചരിക്കപ്പെടുന്ന ആഗോളരോഗീദിനത്തിന് മുന്നോടിയായി ജനുവരി 27-ന് നൽകിയ തന്റെ സന്ദേശത്തിലാണ് ദൈവവിശ്വാസവും, അതുനൽകുന്ന പ്രത്യാശയും സംബന്ധിച്ച് ഏവരെയും ഓർമ്മിപ്പിച്ചത്.
പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ലെന്നും, സഹനത്തിന്റെയും പരീക്ഷണങ്ങളുടെയും ഘട്ടങ്ങളിൽ അത് നമുക്ക് ശക്തി പകരുന്നതാണെന്നുമുള്ള തലക്കെട്ടോടെ എഴുതിയ തൻറെ സന്ദേശത്തിൽ, ജീവിതത്തിലെ ബുദ്ധിമുട്ടുകളുടെ നിമിഷങ്ങളിൽ നമുക്ക് ശക്തമായ സംരക്ഷണത്തിന്റെ ശിലയായി നിൽക്കുന്നത് ദൈവമാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. നാം ഒറ്റയ്ക്കല്ലെന്ന വിശ്വാസം ജീവിതത്തിലെ ദൈവത്തിന്റെ സാന്നിധ്യം നമ്മിൽ ഉണർത്തണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
സഹനത്തിന്റെ നിമിഷങ്ങൾ ജീവിതത്തിൽ അനുഗ്രഹത്തിന്റെ നിമിഷങ്ങളാണെന്ന് പറഞ്ഞ പാപ്പാ, ദൈവത്തിലാണ് പ്രത്യാശയെന്ന ബോധ്യം നമ്മിൽ നിറയ്ക്കുന്നത് ഇങ്ങനെയുള്ള സഹനത്തിന്റെ നിമിഷങ്ങളാണെന്ന് ഓർമ്മിപ്പിച്ചു. ദൈവത്തിന്റെ വിശ്വസ്തതയോട് ചേർന്ന് വിശ്വസ്തതയിൽ ജീവിക്കുന്നവർക്ക് ദൈവത്തിലുള്ള പ്രത്യാശ ഒരു അനുഗ്രഹമാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
സഹനത്തിന്റെ ഇടങ്ങൾ പലപ്പോഴും പങ്കുവയ്ക്കലിന്റെ ഇടങ്ങൾ കൂടിയാണെന്ന് പറഞ്ഞ പാപ്പാ, രോഗികൾക്കരികിലായിരിക്കുമ്പോഴാണ് പലപ്പോഴും നാം പ്രത്യാശയെക്കുറിച്ച് ചിന്തിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു. രോഗാവസ്ഥയിലായിരിക്കുന്നവരോട് കാട്ടുന്ന സഹാനുഭൂതിയും സാമീപ്യവും ഇരുകൂട്ടരെയും വിശ്വാസത്തിലേക്കും സ്നേഹത്തിലേക്കും വളർത്തുന്നതാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
ജൂബിലിയുടേതായ ഈ വർഷത്തിൽ, സഹനത്തിന്റെയും രോഗങ്ങളുടെയും ഇടയിലായിരിക്കുന്നവർക്ക് പ്രത്യേകം ഇടമുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, നിങ്ങളുടെ ഒരുമ ഏവർക്കും പ്രത്യാശയുടെ അടയാളമായി മാറുന്നുണ്ടെന്നും, മനുഷ്യാന്തസ്സ് ഉയർത്തിപ്പിടിക്കുന്നുണ്ടെന്നും പറഞ്ഞു. ബുദ്ധിമുട്ടുകൾക്കിടയിലും ക്രൈസ്തവവിശ്വാസത്താൽ പ്രേരിതരായി രോഗികൾ നൽകുന്ന സാക്ഷ്യത്തിന് നന്ദി പറഞ്ഞ പാപ്പാ, അവർക്ക് തന്റെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: