MAP

വത്തിക്കാന് സംരക്ഷണം ഒരുക്കുന്ന ഇറ്റാലിയൻ പോലീസ് സേനാവിഭാഗം ഫ്രാൻസിസ് പാപ്പായ്ക്കൊപ്പം വത്തിക്കാന് സംരക്ഷണം ഒരുക്കുന്ന ഇറ്റാലിയൻ പോലീസ് സേനാവിഭാഗം ഫ്രാൻസിസ് പാപ്പായ്ക്കൊപ്പം   (ANSA)

പൊതുനന്മ ലക്ഷ്യമാക്കിയുള്ള പോലീസ് സേനയുടെ പ്രവർത്തനങ്ങളെ ശ്ലാഖിച്ച് ഫ്രാൻസിസ് പാപ്പാ

വത്തിക്കാനിലേക്കുള്ള ഇറ്റാലിയൻ പോലീസ് സേനയുടെ ഉപാധ്യക്ഷന്റെയും, മറ്റ് ഉന്നതമേധാവികളുടെയും സാന്നിദ്ധ്യത്തിൽ പതിവുപോലെ വർഷത്തിന്റെ ആദ്യത്തിൽ തന്നെ കാണാനെത്തിയ പോലീസ് സേനയ്ക്ക് അവരുടെ സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് പാപ്പാ നന്ദി പറഞ്ഞു. പുനഃരാരംഭത്തിനുള്ള അവസരമാണ് ജൂബിലി നമുക്ക് മുന്നിൽ ഒരുക്കുന്നത്. പോലീസിന്റെ സേവനം മാനവികതയുടെ ആവശ്യമെന്ന് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

തനിക്കും, വത്തിക്കാനിലെത്തുന്ന ആളുകൾക്കും, വത്തിക്കാനിലേക്കുള്ള ഇറ്റാലിയൻ പോലീസ് സേനാവിഭാഗം ചെയ്യുന്ന സേവനങ്ങൾക്ക് നന്ദി പറഞ്ഞും, ജൂബിലി വർഷത്തിൽ ക്രിസ്തുവിലേക്കുള്ള യാത്ര തുടരാൻ ആഹ്വാനം ചെയ്തും ഫ്രാൻസിസ് പാപ്പാ. വത്തിക്കാനിലേക്കുള്ള ഇറ്റാലിയൻ പോലീസ് സേനയ്ക്ക് ജനുവരി 23 വ്യാഴാഴ്ച, ജൂബിലിയുടെ കൂടി പശ്ചാത്തലത്തിൽ, വർഷാരംഭത്തിൽ പതിവുള്ള കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് പൊതുനന്മയ്ക്കായുള്ള പോലീസ് സേനയുടെ സേവനങ്ങളെ പാപ്പാ അഭിനന്ദിച്ചത്.

ജൂബിലിയുടേതുകൂടിയായ ഈ പുതുവർഷത്തിൽ, നമുക്കൊപ്പം തീർത്ഥാടകനും, തന്നെത്തന്നെ നമുക്ക് നൽകുന്നവനും, തന്റെ അനുഗ്രഹങ്ങളും ക്ഷമയും നമുക്ക് വാഗ്ദാനം ചെയ്യുന്നവനും, നമ്മുടെ പ്രത്യാശയുമായ യേശുക്രിസ്തുവിലേക്ക് നോക്കാനുള്ള പ്രത്യേകമായ അവസരമാണ് നമുക്ക് ലഭിക്കുന്നതെന്ന് പാപ്പാ പറഞ്ഞു.

റോമിലെ വിവിധ ബസലിക്കകളിൽ തുറക്കപ്പെട്ട വിശുദ്ധവാതിലുകളെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട്, അവ അത്ഭുതങ്ങളുടെ ഇടമല്ല, മറിച്ച് പുനരാരംഭത്തിനായുള്ള ആഗ്രഹം നമ്മിലുണർത്തുന്ന അടയാളങ്ങളാണെന്ന് പാപ്പാ പ്രസ്താവിച്ചു. പുതുതായി ചുവടുകൾ വയ്ക്കാനും, നവീകരിക്കപ്പെടാനും, ദൈവത്താൽ കാണപ്പെടുവാനായി മുന്നോട്ടുവരാനുമുള്ള ചിന്തകളിലേക്കാണ് പുനഃരാരംഭിക്കുക എന്ന വാക്ക് നമ്മെ നയിക്കുന്നത്. തങ്ങളിലെ വിശ്വാസം തിരിച്ചറിയാൻ കഴിയാത്തവർ പോലും ഈ ജൂബിലി വർഷത്തിൽ മുന്നോട്ടുസഞ്ചരിക്കാൻ തയ്യാറാകണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

തനിക്കും തന്റെ സഹപ്രവർത്തകർക്കും, വത്തിക്കാന്റെ പരിസരത്തെത്തുന്ന തീർത്ഥാടകർക്കും സന്ദർശകർക്കും, ഇറ്റലിയിലെ തന്റെ അജപാലനയാത്രകളിലും സുരക്ഷയൊരുക്കുന്ന പോലീസ് സേനയ്ക്ക് പാപ്പാ നന്ദി പറഞ്ഞു.

മറ്റുള്ളവരാൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാത്തതും, എന്നാൽ പ്രധാനപ്പെട്ടതുമായ ഒരു സേവനമാണ് പോലീസ് ചെയ്യുന്നതെന്ന് പറഞ്ഞ പാപ്പാ, വർഷത്തിന്റെ മുഴുവൻ ദിനങ്ങളിലും രാപകൽ, ക്ഷമയോടും, സേവന, ത്യാഗസന്നദ്ധതയോടെയുള്ള നിങ്ങളുടെ പ്രാധാന്യം, ഏതെങ്കിലും പ്രത്യേക കാരണങ്ങളാൽ അതില്ലാതാകുമ്പോഴാണ് പലർക്കും മനസ്സിലാകുന്നതെന്ന് ഓർമ്മിപ്പിച്ചു.

സമൂഹത്തിൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ തയ്യാറെടുക്കുന്നവരെ, പൊതുനന്മ ലക്ഷ്യമാക്കി ഉചിതമായ ഉപകരണങ്ങളുടെ സഹായത്തോടെ പ്രതിരോധിക്കാനുമുള്ള നിങ്ങളുടെ സേവനം, പാപത്താൽ മുറിവേൽക്കപ്പെട്ട മനുഷ്യർക്ക് ആവശ്യമാണെന്ന് പറഞ്ഞ പാപ്പാ, പൊതുനന്മയ്ക്കായുള്ള നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അഭിമാനം കൊള്ളാനുള്ള അവകാശം നിങ്ങൾക്കുണ്ടെന്ന് പ്രസ്താവിച്ചു. എന്നാൽ അതേസമയം എളിമയുള്ളവരായി തുടരാനും, നിങ്ങളും സഹായവും രക്ഷയും അനുഗ്രഹങ്ങളും ആവശ്യമുള്ളവരാണെന്ന് തിരിച്ചറിയാനും, ദൈവകൃപയ്ക്കായി നിങ്ങളുടെ ഹൃദയങ്ങൾ തുറന്നുവയ്ക്കാനും പാപ്പാ പോലീസ് സേനയോട് ആവശ്യപ്പെട്ടു.

വത്തിക്കാനിലേക്കുള്ള ഇറ്റാലിയൻ പോലീസ് സേനയുടെ സേവനങ്ങൾക്ക് നന്ദി പറഞ്ഞ പാപ്പാ, ഞായറാഴ്ചകളിൽ തന്റെ സെക്രട്ടറിമാർ അവർക്ക് മധുരപലഹാരങ്ങളോ മറ്റു വസ്തുക്കളോ കൊണ്ടുവരുന്നത്, നിങ്ങളോടുള്ള തന്റെ സാമീപ്യത്തിന്റെ അടയാളം കൂടിയാണെന്ന് ഓർമ്മിപ്പിച്ചു. പരിശുദ്ധ അമ്മയുടെ സാന്നിദ്ധ്യവും, ഇറ്റലിയിലെ പോലീസ് സേനയുടെ മദ്ധ്യസ്ഥനായ മിഖായേൽ മാലാഖയുടെ സംരക്ഷണവും കൂടിക്കാഴ്ചയ്‌ക്കെത്തിയവർക്ക് ആശംസിച്ച പാപ്പാ, അവരോട് തനിക്കായി പ്രാർത്ഥനകൾ ആവശ്യപ്പെടുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ജനുവരി 2025, 17:42