MAP

ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ  (ANSA)

ലോകസന്തുലിതാവസ്ഥയ്ക്ക് പ്രത്യാശ നൽകുന്ന സമാധാനം പ്രധാനം: ഫ്രാൻസിസ് പാപ്പാ

അസന്തുലിതാവസ്ഥകളും യുദ്ധങ്ങളും സംഘർഷങ്ങളും നിലനിൽക്കുന്ന ഇന്നത്തെ ലോകത്ത്, കാലത്തിന്റെയും പ്രത്യാശയുടെയും അടയാളങ്ങൾ കണ്ടെത്താനും, പ്രത്യാശയെ സമാധാനത്തിലേക്ക് വളർത്താനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. "ലോകസന്തുലിതാവസ്ഥയ്ക്കായി" എന്ന പേരിൽ ക്യൂബയിലെ ഹവാനയിൽ നടക്കുന്ന ആറാമത് അന്താരാഷ്ട്ര കോൺഫറൻസിലേക്കയച്ച സന്ദേശത്തിലാണ്, ജൂബിലിവർഷത്തിന്റെ പ്രധാന സന്ദേശമായ പ്രത്യാശയും, ക്രിസ്തുവിലധിഷ്ടിതമായ പ്രത്യാശ ലോകത്തിലേക്ക് കൊണ്ടുവരുന്ന സമാധാനവും സംബന്ധിച്ച് പാപ്പാ എഴുതിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകസന്തുലിതാവസ്ഥയ്ക്കായി, എല്ലാ മനുഷ്യരുടെയും അന്തസ്സ് മാനിക്കപ്പെടുന്ന രീതിയിലുള്ള ഒരു വ്യവസ്ഥിതിക്കായി പ്രവർത്തിക്കാൻ പാപ്പായുടെ ആഹ്വാനം. "ലോകസന്തുലിതാവസ്ഥയ്ക്കായി" എന്ന പേരിൽ ക്യൂബയിലെ ഹവാനയിൽ ജനുവരി 28 മുതൽ 31 വരെ തീയതികളിൽ നടക്കുന്ന ആറാമത് അന്താരാഷ്ട്ര കോൺഫറൻസിലേക്കയച്ച തന്റെ സന്ദേശത്തിലാണ്, ക്രൈസ്തവമായ പ്രത്യാശയിലൂടെ ലോകസമാധാനത്തിലേക്കെത്താൻ പാപ്പാ ആഹ്വാനം ചെയ്തത്.

ജൂബിലി വർഷമെന്നത് കൃപയുടെ വർഷമാണെന്നും, യഹൂദപാരമ്പര്യമനുസരിച്ച് ഇത് ക്ഷമയും അനുരഞ്ജനവും വഴി സമാധാനവും  സാമൂഹികസഹോദര്യവും പുനഃസ്ഥാപിക്കാനുള്ള അവസരമാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. സ്നേഹത്തിന്റെ പുതിയൊരു സംസ്കാരം പണിതുയർത്താനുള്ള വിളിയാണ് ക്രൈസ്തവർക്കുള്ളതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. യുദ്ധങ്ങളും സംഘർഷങ്ങളും നിറഞ്ഞ ഒരു ലോകത്ത്, തിന്മയുടെ ശക്തിയെക്കുറിച്ച് ചിന്തിച്ച് തളരാതെ, ഏവരെയും സമാധാനത്തിലേക്ക് നയിക്കുന്നതിനായാണ് ക്രൈസ്തവമായ പ്രത്യാശ നമ്മെ സഹായിക്കേണ്ടത്.

അക്രമത്തിന്റേതായ ചിന്താരീതികൾ കൈവെടിഞ്ഞ്, പരസ്പരസംവാദങ്ങളുടെയും ജനാധിപത്യത്തിന്റെയും പാതയിലേക്ക് തിരിയാനും, അതുവഴി നീണ്ടുനിൽക്കുന്ന സമാധാനത്തിനായി പ്രവർത്തിക്കാനും പാപ്പാ ആഹ്വാനം ചെയ്തു. ഏവർക്കും പ്രത്യാശ പകരുന്ന വിധത്തിലുള്ള പരിശ്രമങ്ങൾ ആവശ്യമുണ്ടെന്നും, പാവപ്പെട്ടവരെന്നോ പ്രായമുള്ളവരെന്നോ, കുടിയേറ്റക്കാരെന്നോ കണക്കാക്കി ആളുകളെ മാറ്റിനിറുത്തുന്ന ഒരു സാഹചര്യം ഒഴിവാക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ജൂബിലിവർഷം പ്രത്യാശയും, അതിലൂടെ സമാധാനവും വളർത്താനുള്ള സമയമാണെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ കുറിച്ചു

സമൂഹത്തിൽ ഏവരുടെയും മനുഷ്യാന്തസ്സ്‌ മാനിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ഏവരെയും ഓർമ്മിപ്പിച്ച പാപ്പാ, ക്രിസ്തുവിന്റെ വചനങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട്, നമ്മുടെ എളിയ സഹോദരങ്ങളിൽ ക്രിസ്തുവിനെ കണ്ട്, അവർക്ക് ശുശ്രൂഷ ചെയ്യാൻ ക്രൈസ്തവർക്കുള്ള വിളിയെക്കുറിച്ച് പാപ്പാ തന്റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ജനുവരി 2025, 14:05