MAP

ഫ്രാൻസിസ് പാപ്പായ്ക്കൊപ്പം സെമിനാരിക്കാർ ഫ്രാൻസിസ് പാപ്പായ്ക്കൊപ്പം സെമിനാരിക്കാർ   (VATICAN MEDIA Divisione Foto)

സെമിനാരിക്കാർ പരസ്പര ബന്ധത്തിൽ വളരണം: ഫ്രാൻസിസ് പാപ്പാ

റോമിലെ ആൽമോ കപ്രാണിക്ക സെമിനാരിയിൽ നിന്നുള്ള വൈദികവിദ്യാർത്ഥികളും, പരിശീലകരും വൈദികരും ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തി. തദവസരത്തിൽ പാപ്പാ നൽകിയ സന്ദേശത്തിൽ, കൂട്ടായ്മയിൽ വളരേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സ്വർഗീയ മധ്യസ്ഥയായ വിശുദ്ധ ആഗ്നസിന്റെ തിരുനാളിനോടനുബന്ധിച്ച് റോമിലെ ആൽമോ കപ്രാണിക്ക സെമിനാരിയിലെ അംഗങ്ങൾ, ജനുവരി മാസം ഇരുപതാം തീയതി ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തി. തന്റെ സന്ദേശത്തിൽ, 2019 ജനുവരി 14 അംഗീകരിക്കപ്പെട്ട സെമിനാരി ചട്ടങ്ങളോട് വിശ്വസ്തതയോടുകൂടി പ്രതികരിക്കുവാൻ പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു. സെമിനാരി നിയമങ്ങൾ, സഭാ ശുശ്രൂഷയ്ക്ക് ആവശ്യമായ വിശ്വസ്തതയും, ഉത്തരവാദിത്വവും സ്വാതന്ത്ര്യത്തോടുകൂടി ജീവിതത്തിൽ പരിശീലിക്കുവാൻ സഹായകരമാണെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു.

മുപ്പത്തിയൊമ്പത് വ്യത്യസ്ത രൂപതകളിൽ നിന്നും പരിശീലനത്തിനായി എത്തിച്ചേർന്നിരിക്കുന്നവരിൽ സീറോ മലബാർ സഭയിൽ നിന്നുമുള്ള സാന്നിധ്യവും പാപ്പാ എടുത്തു പറഞ്ഞു. ഇരുപത്തിയാറ് ഇറ്റാലിയൻ, പതിനാല് ഇറ്റാലിയൻ ഇതര രൂപതകളിൽ നിന്നുമാണ് മറ്റു സെമിനാരിക്കാർ ഇവിടെ പരിശീലനം നേടുന്നതെന്നും, ഈ വൈവിധ്യം, സഭയിലെ വിശ്വസ്തരായ ദൈവജനത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. കാപ്രാനിക്ക കോളേജിന് "അൽമോ" എന്ന ശീർഷകം നല്കപ്പെട്ടതിന്റെ സാംഗത്യവും പാപ്പാ തന്റെ സന്ദേശത്തിൽ ചൂണ്ടിക്കാണിച്ചു. 'പോഷിപ്പിക്കുക, ജീവൻ നൽകുക, ജീവൻ നിലനിർത്തുക' എന്നൊക്കെ അർത്ഥം വരുന്ന ഈ പദം, സെമിനാരിയിൽ നിലനിർത്തേണ്ട അടിസ്ഥാന ബന്ധങ്ങളെ ഓർമ്മിപ്പിക്കുന്നുവെന്നു പറഞ്ഞ പാപ്പാ, ഈ ബന്ധങ്ങൾ ഏതൊക്കെയാണെന്നും എടുത്തുപറഞ്ഞു.

ദൈവത്തോടുള്ള ബന്ധം, മെത്രാനോടുള്ള അടുപ്പം, വൈദികരുമായുള്ള അടുപ്പം, പരസ്പരമുള്ള അടുപ്പം എന്നിങ്ങനെ നാല് അടിസ്ഥാന ബന്ധങ്ങളെ പാപ്പാ അടിവരയിട്ടു പറഞ്ഞു. സഭയെ കൂടുതൽ പങ്കാളിത്തവും മിഷനറിയും ആക്കുന്നതിനുള്ള ആത്മീയ നവീകരണത്തിന്റെയും ഘടനാപരമായ പരിഷ്കരണത്തിന്റെയും പാതയായ സിനഡൽ മാർഗങ്ങളിൽ ചരിക്കുന്നതിനു പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു. അതോടൊപ്പം കാരുണ്യം പരിശീലിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ എടുത്തു പറഞ്ഞു. ജീവിതഭാരത്തെ നേരിടാനുള്ള ഒരു പിന്തുണ ആവശ്യപ്പെടുന്നവർക്ക്, സഹായങ്ങൾ നൽകിക്കൊണ്ട് അവരിൽ ക്രിസ്തുവിനെ ദർശിക്കുവാൻ പാപ്പാ എല്ലാവരെയും പ്രോത്സാഹിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 ജനുവരി 2025, 11:49