ക്രിസ്തുസ്നേഹത്തിനു സാക്ഷ്യം വഹിക്കുക എക്യുമെനിക്കൽ ശുശ്രൂഷയാണ് : പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
വിശുദ്ധ ഹെൻട്രിയുടെ തിരുനാളിനോടനുബന്ധിച്ചു റോമിൽ എത്തിച്ചേർന്ന ഫിൻലണ്ടിൽ നിന്നുള്ള ക്രൈസ്തവ ഐക്യ കൂട്ടായ്‍മയുടെ പ്രതിനിധി സംഘത്തെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു. ഫിൻലൻഡിലെ ഓർത്തോഡോക്സ് സഭയുടെ പുതിയ തലവൻ ആർച്ചുബിഷപ്പ് ഏലിയാ, ഹെൽസിങ്കി രൂപതയുടെ അധ്യക്ഷൻ മോൺസിഞ്ഞോർ റായിമോ ഗോയറോള, മോൺസിഞ്ഞോർ മാത്തി സലോമാകി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തിയത്. പ്രതിനിധി സംഘത്തെ സ്വീകരിക്കുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം പാപ്പാ എടുത്തു പറഞ്ഞു.
ലൂഥറൻ, ഓർത്തോഡോക്സ്, കത്തോലിക്കാ സഭാസമൂഹങ്ങളിൽ നിന്നുള്ളവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്. "പ്രത്യാശയുടെ തീർത്ഥാടകർ" എന്ന നിലയിൽ 2025 ജൂബിലി വർഷത്തിൽ നാം ഒരുമിച്ചു യാത്ര ചെയ്യുകയാണെന്നും, വിശ്വാസത്തിന്റെ ഈ യാത്രയിൽ പ്രത്യാശയോടെ മുന്നോട്ടു നീങ്ങണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. സമാധാനത്തിന്റെ സന്ദേശവാഹകനെന്ന നിലയിൽ, വിശുദ്ധ ഹെൻട്രിയുടെ, സമാധാനത്തിനായി പ്രാർത്ഥനകൾ ഒരിക്കലും നിർത്തരുതെന്ന ഉദ്ബോധനവും പാപ്പാ ഓർമ്മപ്പെടുത്തി. പ്രതിനിധി സംഘത്തോടൊപ്പം എത്തിച്ചേർന്ന ഗായകസംഘത്തിനും പാപ്പാ പ്രത്യേകം നന്ദിയർപ്പിച്ചു.
വിശ്വാസത്തിന്റെ അസാധാരണമായ പ്രഖ്യാപനമായ നിഖ്യാവിശ്വാസപ്രമാണം യേശുക്രിസ്തുവെന്ന സത്യത്തിലേക്ക് നമ്മെ നയിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. സത്യത്തിന്റെ ഈ സ്വരലയം കാതുകളിൽ മാത്രമല്ല, ഹൃദയത്തിലും നാം ശ്രവിക്കണമെന്നും, ഇത് നിരാശപ്പെടുത്താത്ത പ്രത്യാശ നമുക്ക് സമ്മാനിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു. സ്നേഹത്തിന്റെ പ്രകടനമായ ക്രിസ്തുവിന്റെ അവതാരത്തിനു സാക്ഷ്യം വഹിക്കുക എന്നതാണ് എക്യൂമെനിക്കൽ സേവനത്തിന്റെ കാതലെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: