MAP

അംഗങ്ങളുമായുള്ള സമ്മേളനത്തിൽ നിന്ന് അംഗങ്ങളുമായുള്ള സമ്മേളനത്തിൽ നിന്ന്  (VATICAN MEDIA Divisione Foto)

പ്രേഷിതചലനാത്മകത സാഹോദര്യം ഊട്ടിയുറപ്പിക്കുന്നു: ഫ്രാൻസിസ് പാപ്പാ

ജനുവരി മാസം പത്താം തീയതി, ഫ്രാൻസിൽ നിന്നുമുള്ള പ്രേഷിതകോൺഗ്രസ് (Congrès Mission) അംഗങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ സ്വകാര്യ സദസ് അനുവദിക്കുകയും, സഭയിൽ പ്രേഷിതരാകുവാൻ എല്ലാവർക്കുമുള്ള ഉത്തരവാദിത്വം ഓർമ്മപ്പെടുത്തുന്നതിലും രൂപീകരിക്കുന്നതിലും സംരംഭം വഹിക്കുന്ന പങ്കിനെ എടുത്തു പറഞ്ഞുകൊണ്ട് സന്ദേശം നൽകുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രത്യാശയും വെളിച്ചവും ഏറെ ആവശ്യമായ ഒരു  ലോകത്തിൽ, സുവിശേഷസേവനത്തിനു വിശ്വസ്തരായി നിലകൊള്ളുന്ന ഫ്രാൻസിൽ നിന്നുമുള്ള പ്രേഷിതകോൺഗ്രസ് (Congrès Mission) അംഗങ്ങൾക്ക് പ്രത്യേകമായി നന്ദി പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ എല്ലാവരെയും ക്ഷണിക്കുന്ന ഈ ജൂബിലി വർഷത്തിൽ, ഒരിക്കലും നിരാശപ്പെടുത്താത്ത  പ്രത്യാശയുടെ സാക്ഷികളായിത്തീരുവാൻ എല്ലാവരെയും പാപ്പാ ആഹ്വാനം ചെയ്തു. സന്തോഷം, പ്രത്യാശയിൽ നിന്നും, പ്രേഷിതപ്രവർത്തനങ്ങളിൽ നിന്നും  വേർപെടുത്താനാവാത്തതാണെന്നു പറഞ്ഞ പാപ്പാ, ഈ സന്തോഷം ക്രിസ്തുവിൽ നിന്നും രൂപം കൊള്ളുന്നതും, സഹോദരങ്ങളിലേക്ക് നമ്മെ നയിക്കുന്നതുമാണെന്നു കൂട്ടിച്ചേർത്തു. അതുകൊണ്ട് തീർത്ഥാടകരാകുക എന്നതിനർത്ഥം സഭയിൽ ഒരുമിച്ച് നടക്കുക എന്നാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

ഫ്രാൻസിലുടനീളം ക്ഷമയോടെയും വിശ്വാസത്തോടെയും പ്രേഷിതകോൺഗ്രസ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് പാപ്പാ നന്ദിയർപ്പിച്ചു. യുദ്ധത്താലും നിരവധി അനീതികളാലും കലുഷിതമായ ഒരു ലോകത്തിൽ പ്രത്യാശ ഏറെ പരീക്ഷണങ്ങൾക്ക് ഉൾപ്പെടുന്നുവെന്നും, ഇതെല്ലാം പലപ്പോഴും സംശയവും ഭാവിയെക്കുറിച്ചുള്ള ഭയവും ചിലപ്പോൾ  നിരാശയും സൃഷ്ടിക്കുന്നുവെന്നത് യാഥാർഥ്യവുമാണെന്നു പറഞ്ഞ പാപ്പാ, ക്രിസ്ത്യാനികളായ നമുക്ക് ക്രിസ്തുവാണ്  പ്രത്യാശയെന്നും, പ്രതീക്ഷയിലേക്കുള്ള വാതിൽ അവൻ മാത്രമാണെന്നും, അതിനാൽ ഈ പ്രത്യാശ മറ്റുള്ളവരുമായി നാം പങ്കുവയ്ക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

മിഷനറിമാരാകുക എന്നതിനർത്ഥം  പരിശുദ്ധാത്മാവിനാൽ  പ്രചോദിതരാകാൻ നമ്മെത്തന്നെ  അനുവദിക്കുക എന്നാണെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. പരിശുദ്ധാത്മാവ്  നമ്മെ സർഗ്ഗാത്മകതയിലേക്ക് നയിക്കുന്നുവെന്നും, എവിടെയായിരുന്നാലും സുവിശേഷം പ്രഘോഷിക്കാൻ അവിടുന്നു  നമ്മെ ക്ഷണിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. യുവജനങ്ങളാണ് പ്രത്യാശയുടെ ആദ്യ തീർഥാടകർ എന്ന് പറഞ്ഞ പാപ്പാ, എന്നാൽ പ്രായമായവരെയും പ്രത്യാശയിലേക്ക് നയിക്കുവാനുള്ള ഉത്തരവാദിത്വം മറന്നുപോകരുതെന്നും ഓർമ്മപ്പെടുത്തി. വിശ്വാസത്തിൽ വളരാനും,  തിരഞ്ഞെടുപ്പുകൾ നടത്താൻ ധൈര്യപ്പെടാനും, സുവിശേഷത്തിന്റെ ജീവിക്കുന്ന സാക്ഷികളായ യേശുവിന്റെ മിഷനറി ശിഷ്യന്മാരാകാനും യുവജനങ്ങളെ സഹായിക്കണമെന്നും പാപ്പാ പറഞ്ഞു.

നാം യേശുക്രിസ്തുവിന്റെ ശിഷ്യന്മാരാണെന്ന് ലോകം തിരിച്ചറിയുന്നത് പരസ്പരമുള്ള സ് നേഹത്തിൽ നിന്നാണ് , അതിനാൽ സ്‌നേഹത്താൽ അന്യോന്യം പരിപാലിക്കുവാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ജനുവരി 2025, 13:37