മനുഷ്യാന്തസ്സ് ഉയർത്തിപ്പിടിക്കാൻ സഹായിക്കേണ്ടത് ഇന്നിന്റെ ആവശ്യം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ദരിദ്രരും സമൂഹത്താൽ തള്ളിക്കളയപ്പെട്ടവരുമായ മനുഷ്യരുടെ എണ്ണം വർദ്ധിച്ചുവരുന്ന ഇക്കാലത്ത്, മനുഷ്യാന്തസ്സ് ഉയർത്തിപ്പിടിക്കാനായുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നത് ഏറെ പ്രധാനപ്പെട്ട ഒന്നാണെന്ന് ഫ്രാൻസിസ് പാപ്പാ. സമൂഹത്തിൽ കാഴ്ചക്കാരായി നിൽക്കാതെ, മറ്റുള്ളവരെ സഹായിക്കാനായി, ആളുകൾക്കിടയിലേക്ക് നല്ല സമരിയക്കാരനെപ്പോലെ കാരുണ്യത്തോടും അഭിനിവേശത്തോടും കൂടി കടന്നുചെല്ലുന്നതും ഏറെ വിലമതിക്കപ്പെടുന്നതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഹിൽട്ടൺ ഫൗണ്ടേഷൻ അംഗങ്ങൾക്ക് ജനുവരി 22 ബുധനാഴ്ച വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച് അനുവദിച്ച വേളയിലാണ്, മറ്റുള്ളവരെ സഹായിക്കുന്നതിന്റെ പ്രാധാന്യവും അതിന്റെ മഹത്വവും പാപ്പാ എടുത്തുപറഞ്ഞത്.
വീണുകിടക്കുന്ന മനുഷ്യരെ സഹായിക്കാനും, കൈപിടിച്ചുയർത്താനുമല്ലെങ്കിൽ മറ്റുള്ളവരെ താഴെയുള്ളവരായിക്കണ്ട് മുകളിൽനിന്ന് നോക്കാൻ നമുക്ക് അവകാശമില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പരിതാപകരമായ അവസ്ഥയിൽ കഴിയുന്ന മനുഷ്യരുടെ ജീവിതങ്ങളെ ഉയർത്തിയെടുക്കുവാനും അവരുടെ ജീവിതങ്ങളെ മെച്ചപ്പെടുത്തുവാനുമായി ഹിൽട്ടൺ ഫൗണ്ടേഷൻ നടത്തുന്ന പ്രവർത്തനങ്ങളെ പാപ്പാ അഭിനന്ദിച്ചു.
വിദ്യാഭ്യാസ, ആരോഗ്യ, കുടിയേറ്റ മേഖലകളിലും, ദാരിദ്ര്യനിർമ്മാർജ്ജനത്തിനായും ഫൗണ്ടേഷൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് പരാമർശിക്കവേ, ഇത്തരം പ്രവർത്തനങ്ങൾ സ്നേഹത്തിന്റെയും സഹാനുഭൂതിയുടേതുമായ സാക്ഷ്യമാണെന്ന് പ്രസ്താവിച്ചു. മറ്റുള്ളവർക്ക് സമീപസ്ഥരായിരിക്കാനും, അവരോട് സഹാനുഭൂതിയോടെ പെരുമാറാനുമാണ് നാം തയ്യാറാകേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ഹിൽട്ടൺ ഫൗണ്ടേഷൻ സ്ഥാപകനായ കോൺറാഡ് നിക്കോൾസൻ ഹിൽട്ടൺ, സന്ന്യസ്‌തകൾക്ക് നൽകിയിരുന്ന സഹായത്തെക്കുറിച്ച് പ്രതിപാദിച്ച പാപ്പാ, പാവപ്പെട്ടവർക്കും സമൂഹത്തിന്റെ അടിത്തട്ടിൽ ആയിരിക്കുന്നവർക്കും സമർപ്പിതകൾ നടത്തുന്ന സേവനങ്ങൾക്ക് പിന്തുണ നൽകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം തിരിച്ചറിഞ്ഞിരുന്നുവെന്നും, അതുകൊണ്ടുതന്നെ തന്റെ വിൽപ്പത്രത്തിൽ സന്ന്യസ്‌തകളെ സഹായിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് എഴുതിയിരുന്നുവെന്നും അനുസ്മരിച്ചു. സന്ന്യസ്‌തകൾ നടത്തുന്ന സേവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പാപ്പാ തന്റെ പ്രഭാഷണത്തിൽ പ്രത്യേകം അനുസ്മരിച്ചു.
സന്ന്യസ്‌തകൾ മറ്റുള്ളവർക്ക് സേവനമനുഷ്ഠിക്കുന്നവരാണെന്നും, എന്നാൽ അവർ ആരുടെയും സേവകരല്ലെന്നും പാപ്പാ എടുത്തുപറഞ്ഞു. വത്തിക്കാനിലെ വിവിധ ഓഫീസുകളിൽ സേവനമനുഷ്ഠിക്കുന്ന സന്ന്യസ്‌തകളെ, പ്രത്യേകിച്ച് സമർപ്പിതർക്കായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷ, വത്തിക്കാൻ ഗവർണറേറ്റിന്റെ തലപ്പത്തേക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന സി. റഫായേല പെത്രീനി, വത്തിക്കാൻ പൈതൃകസമ്പത്ത് കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ ഉപമേധാവി തുടങ്ങിയവരെ പ്രത്യേകം അനുസ്മരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: