ക്രൈസ്തവവിശ്വാസത്തിന്റെ വേരുകൾ കണ്ടെത്തി ഐക്യം സാധ്യമാക്കുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, സി. റോസ് മരിയ, വത്തിക്കാന്‍ ന്യൂസ്
പ്രത്യാശ നഷ്ടപ്പെട്ട്, നിരാശയിൽ കഴിയുന്ന മനുഷ്യർക്ക് ദൈവവചനം, പ്രത്യാശയുടെ നാളമായി മാറുന്നുവെന്നും, യേശു പ്രത്യാശ നൽകുന്നുവെന്നാണ് തിരുവചനത്തിലൂടെ നാം മനസ്സിലാക്കുന്നതെന്നും ഫ്രാൻസിസ് പാപ്പാ. ക്രൈസ്തവഐക്യവാരത്തിന്റെ സമാപനവുമായി ബന്ധപ്പെട്ട്, വിശുദ്ധ പൗലോസിന്റെ മാനസാന്തരത്തിരുനാൾ ആഘോഷിക്കപ്പെടുന്ന ജനുവരി 25 ശനിയാഴ്ച വൈകുന്നേരം, റോമൻ മതിലുകൾക്ക് പുറത്തുള്ള വിശുദ്ധ പൗലോസിന്റെ നാമത്തിലുള്ള ബസിലിക്കയിൽവച്ച് വിശുദ്ധബലിയർപ്പിച്ച വേളയിലാണ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ദൈവം നമ്മെ മരണത്തിൽ നിന്നും ഉയർപ്പിച്ച് ജീവിതം പുതുതായി തുടങ്ങാനുള്ള ശക്തി നൽകുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
വിശുദ്ധ മാർത്തയുടെ വിശ്വാസ പ്രഖ്യാപനത്തെ അധികരിച്ചുള്ള തന്റെ പ്രഭാഷണത്തിൽ, മാർത്തയുടെ വിശ്വാസത്തിന്റെ മറുപടിയായി “ഞാനാണ് പുനരുത്ഥാനവും ജീവനും”, നീ ഇത് വിശ്വസിക്കുന്നുണ്ടോ?" എന്ന യേശുവിന്റെ വാക്കുകൾ ആവർത്തിച്ച പപ്പാ, ഈ സുവിശേഷഭാഗം നമ്മെ പഠിപ്പിക്കുന്നത് അഗാധമായ ശൂന്യതയുടെ സമയത്തും നാം ഒറ്റയ്ക്കല്ലെന്നും നമുക്ക് പ്രത്യാശയോടെ ജീവിതം തുടരാമെന്നുമാണെന്ന് ഉദ്‌ബോധിപ്പിച്ചു.
പ്രത്യാശ, ജൂബിലി വർഷത്തിന്റെ പ്രധാന ഘടകവും, എക്യുമെനിക്കൽ യാത്രയുടെ അടിത്തറയുമാണെന്ന് ഫ്രാൻസിസ് പപ്പാ ചൂണ്ടിക്കാട്ടി. എക്യുമെനിക്കൽ കൗൺസിലുകളിൽ ആദ്യത്തേതായ നിഖ്യ കൗൺസിലിന്റെ 1700 വാർഷികം 2025-ൽ നടക്കുന്നത് പരാമർശിച്ച പാപ്പ, ഒരേ ദൈവത്തിൽ വിശ്വസിക്കുകയും, ഒരേ വിശ്വാസപ്രമാണം ഏറ്റുചൊല്ലുകയും ചെയ്യുന്ന എല്ലാ ക്രിസ്ത്യാനികളും, വിശ്വാസത്തിലും ഐക്യത്തിലും വളരാൻ ഇതൊരു അവസരമായി കാണണമെന്നും ഓർമ്മിപ്പിച്ചു.
പെസഹാ ആചാരണത്തിന് പൊതുവായ ഒരു തീയതി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകാൻ ആഹ്വാനം ചെയ്ത പാപ്പാ, ഈ വർഷം ജൂലിയൻ, ഗ്രിഗോറിയൻ കലണ്ടറുകൾ അനുസരിച്ച് ഒരേ ദിനത്തിലാണ് പെസഹാ ആചരിക്കപ്പെടുന്നതെന്ന് അനുസ്മരിച്ചു.
ഏകദൈവത്തിലുള്ള നമ്മുടെ വിശ്വാസം ഉറപ്പിക്കുവാനും, ദൈവത്തിലേക്കുള്ള വഴി കണ്ടെത്താനുമുള്ള വിളിയാണ് നമുക്ക് മുന്നിലുള്ളതെന്നും, നമ്മുടെ എല്ലാ പ്രത്യാശയുടെയും ഉറവിടമായ ദൈവത്തിൻ്റെ ഏകജാതനായ ക്രിസ്തുവിന് സാക്ഷ്യം നൽകുന്നതിൽ നാം ഒരിക്കലും തളരരുതെന്നും പാപ്പാ തന്റെ പ്രഭാഷണത്തിൽ ആഹ്വാനം ചെയ്‌തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: