MAP

ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ  (ANSA)

ദുരിതങ്ങളിലൂടെ കടന്നുപോകുന്ന ജനങ്ങൾക്ക് സാമീപ്യമറിയിച്ച് ഫ്രാൻസിസ് പാപ്പാ

അമേരിക്കയിലെ ലോസ് ആഞ്ചലസിൽ അടുത്തിടെയുണ്ടായ അഗ്നിബാധയുടെ ഇരകൾക്കും, ഉക്രൈൻ ഉൾപ്പെടെ യുദ്ധബാധിതപ്രദേശങ്ങളിൽ ദുരിതത്തിലായിരിക്കുന്നവർക്കും തന്റെ ആത്മീയസാന്നിദ്ധ്യവും പ്രാർത്ഥനകളും ആശംസിച്ച് ഫ്രാൻസിസ് പാപ്പാ. ജനുവരി 22 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലാണ് ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങളെ പാപ്പാ പ്രത്യേകമായി അനുസ്മരിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പ്രകൃതിദുരന്തങ്ങളുടെ ഇരകളെയും, യുദ്ധക്കെടുതിമൂലം കഷ്ടപ്പാടനുഭവിക്കുന്നവരെയും കൈവിടാതെ ഫ്രാൻസിസ് പാപ്പാ. ജനുവരി 22 ബുധനാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത വേളയിൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ അഗ്നിബാധമൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരെയും, ഉക്രൈൻ, പാലസ്തീന, ഇസ്രായേൽ, മ്യാന്മാർ തുടങ്ങിയ ഇടങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും മൂലം ദുരിതത്തിലായിരിക്കുന്നവരെയും പാപ്പാ പ്രത്യേകം അനുസ്മരിക്കുകയും, അവർക്ക് വേണ്ടി പ്രാർത്ഥനകൾ ആശംസിക്കുകയും ചെയ്‌തു.

വലിയൊരു ഭൂപ്രദേശത്തെയും, നിരവധി ജനവാസകേന്ദ്രങ്ങളെയും ചാരക്കൂമ്പാരമാക്കി മാറ്റിയ വൻ അഗ്നിബാധയിൽ ദുരിതമനുഭവിക്കുന്ന ലോസ് ആഞ്ചലസിലെ ജനങ്ങൾക്കൊപ്പമാണ് തന്റെ ഹൃദയമെന്ന് പാപ്പാ പറഞ്ഞു. പ്രദേശത്ത് അഗ്നിബാധയുമായി ബന്ധപ്പെട്ട ദുരിതങ്ങൾ തുടരുകയാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അവിടെ അധിവസിക്കുന്ന ജനങ്ങൾക്കായി ഗ്വാദലൂപ്പ മാതാവ് മാധ്യസ്ഥ്യം വഹിക്കട്ടെയെന്ന് ആശംസിച്ചു. തങ്ങളുടെ വൈവിധ്യത്തിന്റെയും ക്രിയാത്മകതയുടെയും സഹായത്തോടെ പ്രത്യാശയുടെ സാക്ഷികളാകാൻ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം ഉപകരിക്കട്ടെയെന്നും പാപ്പാ കൂട്ടിച്ചേർത്തു.

പീഡനങ്ങളിലൂടെ കടന്നുപോകുന്ന ഉക്രൈനെ ഇത്തവണത്തെ പ്രഭാഷണത്തിലും പാപ്പാ മറന്നില്ല. പാലസ്തീന, ഇസ്രായേൽ, മ്യാന്മാർ എന്നിവടങ്ങളെ പതിവുപോലെ പരാമർശിച്ച പാപ്പാ, സമാധാനത്തിനായി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാമെന്നും യുദ്ധം എന്നും ഒരു പരാജയമാണെന്നും ഓർമ്മിപ്പിച്ചു.

ഗാസായിലുള്ള ക്രൈസ്തവ ഇടവകയിലെ വൈദികനുമായി കഴിഞ്ഞദിവസം സംസാരിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയ പാപ്പാ, അവിടെയുള്ള ഇടവകയിലും കോളേജിലുമായി അറുനൂറ് ആളുകളുണ്ടെന്ന് അറിയിച്ചു. ഗാസാ പ്രദേശത്തും, ലോകത്തിന്റെ മറ്റിടങ്ങളിലും സമാധാനമുണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പാപ്പാ ഓർമ്മിപ്പിച്ചു. യുദ്ധങ്ങളിൽ ലാഭം കൊയ്യുന്നത് ആയുധനിർമ്മാതാക്കൾ മാത്രമാണെന്നും, യുദ്ധം എപ്പോഴും ഒരു പരാജയമാണെന്നും പാപ്പാ ആവർത്തിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ജനുവരി 2025, 18:00