സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാം: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പ്രത്യക്ഷീകരണ തിരുനാൾ ദിവസം, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ, ഫ്രാൻസിസ് പാപ്പാ മധ്യാഹ്നപ്രാർത്ഥന നയിക്കുകയും സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് വിവിധ പ്രാർത്ഥനാഭ്യർത്ഥനകളും പാപ്പാ നടത്തി. ജനുവരി ഏഴാം തീയതി തിരുപ്പിറവിയുടെ തിരുനാൾ ആഘോഷിക്കുന്ന പൗരസ്ത്യസഭയിലെ അംഗങ്ങളെ പാപ്പാ പ്രത്യേകമായി അനുസ്മരിക്കുകയും, തന്റെ പ്രാർത്ഥനകളും, ആശംസകളും അറിയിക്കുകയും ചെയ്തു.
അതോടൊപ്പം, ക്രിസ്തുമസ് കാലഘട്ടങ്ങളിലും യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന വിവിധ രാജ്യങ്ങളിലെ ആളുകൾക്ക് തന്റെ അടുപ്പം ഒരിക്കൽ കൂടി വാഗ്ദാനം ചെയ്യുകയും, സമാധാനത്തിനായുള്ള തന്റെ അഭ്യർത്ഥന പുതുക്കുകയും ചെയ്തു. രക്തസാക്ഷിയായ ഉക്രൈൻ, പലസ്തീൻ, ഇസ്രായേൽ, മ്യാന്മർ എന്നീ രാജ്യങ്ങളെ പാപ്പാ പ്രത്യേകം പേരെടുത്തു പരാമർശിച്ചു.
സമാധാനത്തിൻ്റെ രാജാവായ യേശുവേ, സമാധാനവും ശാന്തിയും നൽകുക! എന്നതായിരുന്നു പാപ്പായുടെ പ്രാർത്ഥന. തുടർന്ന് ലോകമെമ്പാടുമുള്ള മിഷനറിമാരായ കുട്ടികളെയും, യുവജനങ്ങളെയും പാപ്പാ അഭിവാദ്യം ചെയ്തു. ഐക്യം കാത്തുസൂക്ഷിച്ചുകൊണ്ട്, ദൗത്യം തുടരുവാൻ പാപ്പാ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. റോമിൽ, വിശ്വാസത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് പ്രത്യക്ഷീകരണതിരുനാൾ ദിവസം ചരിത്ര-ഫോക്ലോറിക് ഘോഷയാത്രയിൽ പങ്കെടുത്തവർക്കും പാപ്പാ തന്റെ ആശംസകൾ അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: