മതാന്തരസംവാദങ്ങൾ നീതിയും സമാധാനവുമുള്ള ഒരു ലോകത്തിന് സഹായകരം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പരസ്പരബഹുമാനത്തോടും, കണ്ടുമുട്ടലിന്റെ ഒരു സംസ്കാരം വളർത്തുകയെന്ന ലക്ഷ്യത്തോടും കൂടി മതമേലദ്ധ്യക്ഷന്മാർ സമ്മേളനങ്ങളും സംവാദങ്ങളും നടത്തുന്നത്, മെച്ചപ്പെട്ടതും നീതിയുക്തവുമായ ഒരു ലോകത്തെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകൾ വളർത്തുന്നതാണെന്ന് ഫ്രാൻസിസ് പാപ്പാ. ഇത്തരമൊരു പ്രതീക്ഷ ഇക്കാലത്തെ നമ്മുടെ സമൂഹത്തിന് ഏറെ ആവശ്യമുണ്ടെന്നും പാപ്പാ അഭിപ്രായപ്പെട്ടു. അൽബേനിയയിലെ തിരേനയിലുള്ള ബെക്താഷി സമൂഹത്തിന്റെ നേതാവ് ഹാജി ദേദേ എഡ്‌മണ്ട് ബ്രാഹിമാജിനും സമൂഹത്തിന്റെ മറ്റ് പ്രതിനിധികൾക്കും ജനുവരി പതിനാറ് വ്യാഴാഴ്ച വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് മതങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞത്.
അൽബേനിയയിലുള്ള കത്തോലിക്കാസഭയും അവിടുത്തെ ബെക്താഷി സമൂഹവും തമ്മിലുള്ള ബന്ധവും സൗഹൃദവും ഏവർക്കും, പ്രത്യേകിച്ച് പൊതുസമൂഹത്തിന് നന്മയാണ് ഉളവാക്കുന്നതെന്ന് പറഞ്ഞ പാപ്പാ, ജനതകൾ തമ്മിലുള്ള സമാധാനപരമായ സഹവാസത്തിനും, സാഹോദര്യത്തിന്റെ വളർച്ചയ്ക്കും ഇത് സഹായകരമാണെന്ന് പ്രസ്താവിച്ചു.
സാധാരണജീവിതം പലപ്പോഴും ദുഷ്കരമാകുന്ന ഈ ലോകത്ത്, അക്രമത്തിന്റെയും പൊരുത്തമില്ലായ്മയുടെയും ചിന്തകളെയും യുക്തിയെയും നിരസിക്കാനും, സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും അതുവഴി പൊതുനന്മയുടെയും പാതയിലേക്ക് നടക്കാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
1993-ൽ നടന്ന സമാധാനത്തിനായുള്ള ബാൽക്കൻ പ്രാർത്ഥനാസമ്മേളനം, 2011-ൽ അസീസിയിൽ വച്ച് നടന്ന സമാധാനത്തിനായുള്ള ആഗോളപ്രാർത്ഥനാദിനം എന്നിങ്ങനെയുള്ള ഇടങ്ങളിൽ ബെക്താഷി സമൂഹവും കത്തോലിക്കാസഭയും ഒരുമിച്ചുണ്ടായിരുന്നത് പാപ്പാ തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു. അൽബേനിയയിലെ ബെക്താഷി സമൂഹത്തിനും, മറ്റ് ഇസ്ലാമികവിശ്വാസികൾക്കും, ക്രൈസ്തവർക്കും തുടങ്ങി, രാജ്യത്തെ വിവിധ മതങ്ങൾക്ക് രാജ്യത്തിനുള്ളിലും കിഴക്കും പടിഞ്ഞാറും തമ്മിലും അനുരഞ്ജനത്തിന്റെയും പരസ്പരവളർച്ചാസഹായത്തിന്റെയും പാലമായി നിൽക്കാൻ സാധിക്കുമെന്നും പാപ്പാ പ്രസ്താവിച്ചു.
ലോകജനതകൾ, പ്രത്യേകിച്ച് യുവജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനുരഞ്ജനത്തിന്റെയും, സമാധാനത്തിന്റേതുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിൽ മതാന്തരസംവാദങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: