MAP

കുഞ്ഞുങ്ങളുടെ പുഞ്ചിരി ഭാവിയുടെ അടയാളമാണ്: പാപ്പാ

ജനുവരി മാസം എട്ടാം തീയതി ബുധനാഴ്ച്ച, ഫ്രാൻസിസ് പാപ്പാ വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ച് പൊതുകൂടിക്കാഴ്ച്ച നടത്തി. സമൂഹത്തിൽ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന ചൂഷണങ്ങളെ പാപ്പാ തന്റെ പ്രബോധന പരമ്പരയിൽ എടുത്തു പറഞ്ഞു. സമാധാനത്തിനായി ആഹ്വാനം നൽകുകയും ചെയ്തു.
പൊതുവാരകൂടിക്കാഴ്ച്ച: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വിശുദ്ധ പത്രോസിന്റെ ദേവാലയത്തെ പോലും നേത്രദൃഷ്ടിയിൽ നിന്നും മറയ്ക്കുന്ന തരത്തിൽ മൂടൽ മഞ്ഞു ഭൂമിയെ ആവരണം ചെയ്ത ജനുവരി മാസം എട്ടാം തീയതി, തണുപ്പിനെയും, തലേദിവസത്തെ മഴ അവശേഷിപ്പിച്ച ജലകണങ്ങളെയും വകവയ്ക്കാതെ, അതിരാവിലെ തന്നെ വിശ്വാസികൾ, പാപ്പായുടെ പൊതുകൂടിക്കാഴ്ചയ്ക്കുവേണ്ടി, പോൾ ആറാമൻ ശാലയിലേക്കുള്ള കവാടത്തിൽ കാത്തുനിന്നിരുന്നു. ശൈത്യകാലമായതിനാൽ, പൊതുകൂടിക്കാഴ്ച്ച വത്തിക്കാൻ ചത്വരത്തിലായിരുന്നില്ല മറിച്ച്, വത്തിക്കാൻ അതിരുകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന, പതിനായിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളുവാൻ തക്ക വണ്ണം സജ്ജമാക്കിയിരിക്കുന്ന പോൾ ആറാമൻ ശാലയിൽ വച്ചായിരുന്നു. വിവിധരാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരുമായി ആയിരങ്ങൾ പ്രതിവാരപൊതുദർശന പരിപാടിയിൽ പങ്കുകൊള്ളുന്നതിനെത്തിയിരുന്നു. ചത്വരത്തിൽ വച്ച് നടത്തുന്നതുപോലെ, വെളുത്ത തുറന്ന വാഹനത്തിൽ ജനങ്ങളുടെ ഇടയിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ  സന്ദർശനം ഇല്ലായിരുന്നുവെങ്കിലും, പ്രാർത്ഥനാനിർഭരമായി, പാപ്പായുടെ വരവിനായി ആകാംക്ഷയോടെ കാത്തിരുന്നവരിൽ നിരവധി കുട്ടികളുമുണ്ടായിരുന്നു. നവദമ്പതികളും, രോഗികളായവരും മുൻനിരയിൽ ഫ്രാൻസിസ് പാപ്പായുടെ പ്രത്യേക ആശീർവാദത്തിനായി സജ്ജീകരിച്ചിരുന്ന ഇരിപ്പിടങ്ങളിൽ ഇരുപ്പുറപ്പിച്ചിരുന്നു.

ഇറ്റാലിയൻ സമയം രാവിലെ ഒമ്പതുമണിയോടെ, ശാലയിലെ പ്രധാന വേദിയിൽ ഒരുക്കിയിരുന്ന പീഠത്തിലേക്ക് ഫ്രാൻസിസ് പാപ്പാ വീൽ ചെയറിൽ കടന്നുവന്നപ്പോൾ, കൂടിവന്നവർ എഴുന്നേറ്റു നിന്ന് ഹർഷാരവത്തോടെ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് ത്രിത്വസ്തുതിയോടുകൂടി പാപ്പാ പൊതുകൂടിക്കാഴ്ചയ്ക്കു തുടക്കം കുറിച്ചു. പിന്നീട് വിശുദ്ധ ലൂക്കയുടെ സുവിശേഷം പതിനെട്ടാം അധ്യായം, പതിനഞ്ചുമുതൽ പതിനേഴുവരെയുള്ള തിരുവചനഭാഗം വായിക്കപ്പെട്ടു. ആദ്യം ഇറ്റാലിയൻ ഭാഷയിലും, തുടർന്ന് അതേഭാഗം ഫ്രഞ്ച്, ഇംഗ്ലീഷ്,ജർമ്മൻ,സ്പാനിഷ്,പോർച്ചുഗീസ്,അറബി,പോളിഷ് തുടങ്ങിയ ഭാഷകളിലും  വായിക്കപ്പെട്ടു.

ഇതായിരുന്നു വചനഭാഗം:

"അവന്‍ കൈകള്‍വച്ച്‌ അനുഗ്രഹിക്കേണ്ടതിന്‌ ശിശുക്കളെ അവന്റെ അടുത്ത്‌ അവര്‍ കൊണ്ടുവന്നു. അവന്റെ ശിഷ്യന്‍മാര്‍ ഇതു കണ്ടപ്പോള്‍ അവരെ ശകാരിച്ചു. എന്നാല്‍, യേശു അവരെ തന്റെ അടുത്തേക്കു വിളിച്ചിട്ടു പറഞ്ഞു: ശിശുക്കള്‍ എന്റെ അടുത്തു വരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്‌. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്‌. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല."

വചനവായനയ്ക്കു ശേഷം, ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചു.

"പ്രിയ സഹോദരീ സഹോദരങ്ങളെ ശുഭദിനം

ഇത്തവണത്തേയും, അടുത്തതവണത്തേയും പ്രബോധനങ്ങൾ കുട്ടികൾക്കുവേണ്ടി പ്രത്യേകം സമർപ്പിക്കുന്നതിന് ഞാൻ ആഗ്രഹിക്കുന്നു. പ്രത്യേകമായും ബാലവേലയെന്ന വിപത്തിനെപ്പറ്റി വിചിന്തനം നടത്തുവാൻ ആഗ്രഹിക്കുന്നു. ഇന്ന് നമ്മുടെ ദൃഷ്ടികൾ, സാങ്കൽപ്പിക ലോകങ്ങളിലേക്കും, ചൊവ്വയിലേക്കുമൊക്കെ ഉറപ്പിക്കുവാൻ നമുക്ക് അറിയാമെങ്കിലും, നമ്മുടെ അരികുകളിൽ ഉപേക്ഷിക്കപ്പെട്ടതും, ചൂഷണം ചെയ്യപ്പെടുകയും, ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു കുട്ടിയുടെ കണ്ണുകളിലേക്ക് നോക്കാൻ നാം ഏറെ ബുദ്ധിമുട്ടുന്നു. നിർമ്മിതബുദ്ധിയുടെ സൃഷ്ടിയിലും, ബഹുഗ്രഹാസ്തിത്വങ്ങൾ രൂപകൽപ്പന ചെയ്യുകയും ചെയ്യുന്ന നൂറ്റാണ്ടിൽ, എന്നാൽ അപമാനിതവും ചൂഷണം ചെയ്യപ്പെടുന്നതും മാരകമായി മുറിവേറ്റതുമായ ബാല്യകാലത്തിന്റെ വിപത്തിനെ മനസിലാക്കുവാൻ പരാജയപ്പെടുന്നു. നമുക്ക് ഇതിനെ പറ്റി ചിന്തിക്കാം.

കുട്ടികളെപ്പറ്റി വിശുദ്ധ ഗ്രന്ഥം നമുക്ക് തരുന്ന സന്ദേശം എന്താണെന്നു നമുക്ക് ആദ്യം തന്നെ ചോദിക്കാം. പഴയനിയമത്തിൽ യഹോവയുടെ ദിവ്യനാമത്തിനു ശേഷം, ഏകദേശം അയ്യായിരത്തോളം തവണ ആവർത്തിക്കപ്പെടുന്ന വാക്കാണ്,"പുത്രൻ" എന്നുള്ളത്. സങ്കീർത്തനം 127 ആം അദ്ധ്യായം മൂന്നാം തിരുവചനം ഇപ്രകാരമാണ് പറയുന്നത്: "കര്‍ത്താവിന്റെ ദാനമാണ്‌ മക്കള്‍,ഉദരഫലം ഒരു സമ്മാനവും." നിർഭാഗ്യവശാൽ ഈ വലിയ ദാനം എപ്പോഴും ബഹുമാനത്തോടെ പരിഗണിക്കപ്പെടുന്നില്ല. വിശുദ്ധ ഗ്രന്ഥം തന്നെ നമ്മെ ചരിത്രത്തിന്റെ താളുകളിലേക്ക്, സന്തോഷത്തിന്റെ ഗീതം മുഴങ്ങുന്നതും, ഇരകളുടെ നിലവിളികൾ ഉയരുന്നതുമായ ഭാഗത്തേക്ക് നയിക്കുന്നു.

നവജാതനായ യേശുവിന്റെമേൽപ്പോലും, ഹെരോദിന്റെ അക്രമകൊടുങ്കാറ്റു പൊട്ടിപ്പുറപ്പെടുകയും, അത് ബെത്ലഹേമിലെ കുരുന്നുകളുടെ ജീവൻ ഹനിക്കുകയും ചെയ്യുന്നു. ചരിത്രത്തിലെ മറ്റ് രൂപങ്ങളിൽ ആവർത്തിക്കുന്ന ഒരു ഇരുണ്ട നാടകം.  ഇന്നും പലരുടെയും  പ്രത്യേകിച്ചും കുട്ടികളുടെ ജീവിതത്തിൽ സംഭവിക്കുന്നതുപോലെ, യേശുവിനും തന്റെ  മാതാപിതാക്കൾക്കും, ഒരു അന്യരാജ്യത്ത് അഭയാർഥികളാകാനുള്ള പേടിസ്വപ്നം നമുക്ക് തിരുവചനത്തിൽ കാണാം. തന്റെ പരസ്യ ജീവിത കാലത്ത്,  ഗ്രാമങ്ങൾ തോറും ചുറ്റിസഞ്ചരിച്ചുകൊണ്ട് ശിഷ്യരോടൊപ്പം പ്രസംഗിച്ചുകൊണ്ടിരുന്ന യേശുവിന്റെ അടുത്തേക്ക് ഏതാനും ചില അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ ആശീർവദിക്കുന്നതിനായി കൊണ്ടുവരുന്നു. എന്നാൽ ശിഷ്യന്മാർ അവരെ ശാസിക്കുന്നു. നിഷ്ക്രിയ വസ്തുക്കളായി മാത്രം ശിശുക്കളെ കണ്ടിരുന്ന ഒരു പാരമ്പര്യത്തെ തുടർന്ന് യേശു ഖണ്ഡിക്കുന്നു. അവൻ ശിഷ്യന്മാരെ വിളിച്ചിട്ടു പറയുന്നു, " ശിശുക്കള്‍ എന്റെ അടുത്തു വരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്‌. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്‌".

സമാനമായ മറ്റൊരു  ഭാഗത്തിൽ, യേശു ഒരു കുട്ടിയെ വിളിച്ച് ശിഷ്യന്മാരുടെ നടുവിൽ നിർത്തി ഇങ്ങനെ പറയുന്നു: "നിങ്ങൾ പശ്ചാത്തപിക്കുകയും കുട്ടികളെപ്പോലെ ആകുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല" (മത്തായി 18:3). ഇന്ന് നമുക്ക് കുട്ടികളെപ്പറ്റി ചിന്തിക്കാം. ഇന്നും, പ്രത്യേകമായി, ധാരാളം കുട്ടികൾ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. എന്നാൽ പുഞ്ചിരിക്കാത്ത ഒരു കുട്ടിക്ക്, സ്വപ്നം കാണാത്ത  ഒരു കുട്ടിക്ക് തന്റെ  കഴിവുകളെ തിരിച്ചറിയുവാനോ, അവയെ വികസിപ്പിക്കുവാനോ കഴിയില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും, ജീവന് വില കൽപ്പിക്കാത്ത, കുട്ടികളെ ചൂഷണം ചെയ്യുന്ന ഒരു സമ്പദ്‌വ്യവസ്ഥ നിലവിലുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ ഏറ്റവും വലിയ പ്രതീക്ഷയുടെയും സ് നേഹത്തിന്റെയും നിക്ഷേപം ഈ വ്യവസ്ഥ അഗ്നിക്കിരയാക്കുന്നു.

പ്രിയ സഹോദരീ സഹോദരന്മാരേ, തങ്ങളെ ദൈവത്തിന്റെ മക്കളായി അംഗീകരിക്കുന്നവർക്ക്, സുവിശേഷം മറ്റുള്ളവർക്ക് അറിയിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നവർക്ക്, നിസ്സംഗരായിരിക്കുവാൻ സാധിക്കുകയില്ല. കൊച്ചു സഹോദരിമാരും സഹോദരങ്ങളും സ്നേഹിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നതിനുപകരം അവരുടെ ബാല്യകാലം, അവരുടെ സ്വപ്നങ്ങൾ, ചൂഷണത്താലും, പാർശ്വവൽക്കരണത്താലും കൊള്ളയടിക്കപ്പെടുന്നത് അംഗീകരിക്കുവാനാവില്ല.

സ്‌നേഹം നൽകിക്കൊണ്ടും, സ്വീകരിച്ചുകൊണ്ടും നമ്മുടെ ഹൃദയങ്ങൾ കരുതലിന്റെയും, ആർദ്രതയുടെയും ഭാവങ്ങളിലേക്ക് തുറക്കപ്പെടുന്നതിനും, പ്രായത്തിലും, ജ്ഞാനത്തിലും, കൃപയിലും ഓരോ കുട്ടിയും വളരുന്നതിനും, നമുക്ക് പ്രാർത്ഥിക്കാം. നന്ദി

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ ഇറ്റാലിയന്‍ ഭാഷയിലെ പ്രഭാഷണത്തിന്‍റെ സംഗ്രഹം ഫ്രഞ്ച്, ഇംഗ്ലീഷ്,ജർമ്മൻ,സ്പാനിഷ്,പോർച്ചുഗീസ്,അറബി,പോളിഷ്, ചൈനീസ് തുടങ്ങി വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. സ്പാനിഷ് ഭാഷക്കാരായ ആളുകളോട്, പാപ്പാ തന്റെ മാതൃഭാഷയായ സ്പാനിഷിൽത്തന്നെയാണ് സംസാരിച്ചത്.

പതിവുപോലെ പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അവസാനം ഇറ്റലിക്കാരെ  അഭിവാദ്യം ചെയ്യവെ പാപ്പാ യുവജനത്തെയും പ്രായംചെന്നവരെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം സംബോധന ചെയ്തു. പൊതുകൂടിക്കാഴ്ചാവേളയിൽ വേദിയിൽ സർക്കസ് അവതരിപ്പിച്ചുകൊണ്ട്, പാപ്പായെയും, സദസിൽ പങ്കെടുത്തവരെയും ചിരിപ്പിച്ച കലാകാരന്മാർക്ക് പാപ്പാ പ്രത്യേകം നന്ദി പറഞ്ഞു.

യുദ്ധവേദികളായ ഉക്രൈയിൻ, നാസറത്ത് , ഇസ്രായേൽ, എന്നീ നാടുകളെ അനുസ്മരിച്ച പാപ്പാ അവിടങ്ങളിൽ സമധാനം വീണ്ടും പുലരുന്നതിനായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും യുദ്ധം എന്നും ഒരു തോൽവിയാണെന്ന തൻറെ ബോധ്യം ആവർത്തിക്കുകയും ചെയ്തു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. തദ്ദനന്തരം പാപ്പാ, എല്ലാവർക്കും തൻറെ അപ്പസ്തോലിക ആശീർവാദവും  നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 ജനുവരി 2025, 12:09