MAP

ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

സേവനത്തിൽ പരിശുദ്ധ അമ്മയാണ് നമ്മുടെ മാതൃക: ഫ്രാൻസിസ് പാപ്പാ

പാവപ്പെട്ടവർക്കും, ദുരിതമനുഭവിക്കുന്നവർക്കും, സേവനമനുഷ്ഠിക്കുന്നതിന്റെ പ്രാധാന്യം എടുത്തുകാട്ടിയും, ശുശ്രൂഷയിൽ പരിശുദ്ധ അമ്മയുടെ മാതൃക മുന്നോട്ടുവച്ചും ഫ്രാൻസിസ് പാപ്പാ. ജനുവരി പതിനൊന്നിന് വത്തിക്കാനിലെത്തിയ, "വ്യാകുലമാതാവിന്റെ പേരിലുള്ള സഹകരണമാർക്കറ്റുകളുടെ" പ്രതിനിധികൾക്കനുവദിച്ച സ്വകാര്യകൂടികാഴ്ചയിലാണ് പരിശുദ്ധ അമ്മയെപ്പോലെ ലോകത്തിന്റെ വേദനകളറിഞ്ഞ് ശുശ്രൂഷാമനോഭാവത്തോടെ മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യം പാപ്പാ ഓർമ്മിപ്പിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സുസ്ഥിരമായ വികസനത്തിനായി, ഒരുക്കത്തോടെ സമൂഹത്തിന് മുന്നിൽ മൂല്യാധിഷ്ടിതമായ സേവനമേകുന്നതിന്റെ പ്രാധാന്യവും, പ്രകൃതി ദുരന്തങ്ങളും, യുദ്ധങ്ങളും കാരണമോ, കഴിവ് കുറവോ, സമൂഹത്തിലെ അവഗണന മൂലമോ കൂടുതൽ സഹായമാവശ്യമുള്ളവർക്ക് അത് നൽകുന്നതിന്റെ ആവശ്യവും എടുത്തുപറഞ്ഞും, ഇത്തരമൊരു ശുശ്രൂഷയിൽ പരിശുദ്ധ അമ്മയുടെ മാതൃക എടുത്തുകാട്ടിയും ഫ്രാൻസിസ് പാപ്പാ. ജനുവരി പതിനൊന്ന് ശനിയാഴ്ച, സ്പെയിനിലെ ഗ്രനാദയിൽനിന്ന് വത്തിക്കാനിലെത്തിയ, "വ്യാകുലമാതാവിന്റെ പേരിലുള്ള കോവിറാൺ സഹകരണമാർക്കറ്റുകളുടെ" (COVIRAN - Supermercados Cooperativa Virgen de las Angustias) പ്രതിനിധികൾക്കനുവദിച്ച സ്വകാര്യകൂടികാഴ്ചയിലാണ് മറ്റുള്ളവർക്ക് ശുശ്രൂഷ നൽകുന്നതിൽ ഏവർക്കും ഉണ്ടായിരിക്കേണ്ട മനോഭാവത്തെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.

മറ്റുള്ളവർക്ക് സഹായമെത്തിക്കുന്നതിൽ പരസ്പരസഹകരണത്തിന്റെയും, അതുവഴി മനോഹരമായ ഒരുമയുടെ ഒരു ചിത്രമുണ്ടാക്കുന്നതിന്റെയും ഒപ്പം സമൂഹത്തിൽ ഏവരുടെയും പ്രാധാന്യം തിരിച്ചറിയുന്നതിന്റെയും ആവശ്യം തന്റെ പ്രഭാഷണത്തിൽ പാപ്പാ എടുത്തുപറഞ്ഞു.

ഒരു അമ്മയെന്ന നിലയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായം അപേക്ഷിക്കുന്നതിന്റെയും, അവളുടെ മാതൃകയിലും മദ്ധ്യസ്ഥ്യത്തിലും ശുശ്രൂഷ ചെയ്യുന്നതിന്റെയും പ്രാധാന്യവും പാപ്പാ ഓർമ്മിപ്പിച്ചു. “ഒരമ്മ ചെയ്യുന്നതുപോലെ” എന്ന കോവിറോൺ സൂപ്പർ മാർക്കറ്റുകളുടെ മുദ്രാവാക്യത്തിന്റെ ഭംഗിയും പാപ്പാ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു.

തന്റെ പുത്രനായ യേശുവിന്റെ വേദനകളിൽ വ്യാകുലമാതാവ് അനുഭവിക്കുന്ന വേദന പോലെ, പരിശുദ്ധ അമ്മയുടെ പ്രവർത്തനശൈലിയോട് ചേർന്ന്, നാം സേവനങ്ങൾ നൽകുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നവരുടെ വേദനകളിൽ പങ്കുചേർന്നുവേണം പ്രവർത്തിക്കേണ്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

കോവിറോൺ സൂപ്പർ മാർക്കറ്റുകളുടെ സ്ഥാപനത്തിന്റെ അറുപത്തിയഞ്ചാം വാർഷികദിനവുമായി ബന്ധപ്പെട്ടായിരുന്നു ഈ പ്രസ്ഥാനത്തിന്റെ പ്രതിനിധികൾ വത്തിക്കാനിലെത്തിയത്. സ്പാനിഷ് ഭാഷയിലായിരുന്നു പാപ്പായുടെ പ്രഭാഷണം. ഗ്രനാദയിലെ കറേരയിലുള്ള പരിശുദ്ധ കന്യകയുടെ ബസലിക്കയിലെ വ്യാകുലമാതാവിന്റെ ചിത്രത്തെ ആധാരമാക്കിയായ പേരാണ് തങ്ങളുടെ സ്ഥാപനത്തിന് കോവിറാൺ തിരഞ്ഞെടുത്തത്. ലോകത്തിന്റെ വേദനകൾ കാൽവരിയോളം വഹിച്ച യേശുവിനെയാണ് മറ്റുള്ളവർക്കുള്ള സേവനങ്ങളിൽ നാം ശുശ്രൂഷിക്കുന്നതെന്ന് പാപ്പാ തന്റെ പ്രഭാഷണമധ്യേ ഓർമ്മിപ്പിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ജനുവരി 2025, 15:50