പൗരോഹിത്യജീവിതത്തിൽ ബലിയർപ്പണവും സാഹോദര്യവും സമർപ്പണവും പ്രധാനപ്പെട്ടത്: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പുരോഹിതർ, ദൈവം തങ്ങളിൽ ഏല്പിച്ചിരിക്കുന്നകടമകളും, തങ്ങളുടെ വിളിയും അതിന്റെ പൂർണ്ണതയിൽ ജീവിക്കുന്നത് പ്രധാനപ്പെട്ടതാണെന്നോർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. പൗരോഹിത്യമെന്നത് ഉദ്യോഗസ്ഥമനോഭാവത്തോടെ സ്ഥാനമാനങ്ങൾക്ക് വേണ്ടി ജീവിക്കേണ്ട ഒന്നല്ലെന്നും, മറ്റുള്ളവരുടെ നന്മയ്ക്കായി ജീവിതാവസാനം വരെ പ്രവർത്തിക്കുക എന്നതാണ് പ്രധാനപ്പെട്ടതെന്നും പാപ്പാ പറഞ്ഞു. സഹോദരങ്ങൾക്കുള്ള സേവനത്തിലൂടെ ദൈവത്തിനായി പൂർണ്ണമായി സ്വയം സമർപ്പിക്കുകയെന്നതാണ് ഒരു പുരോഹിതൻ ചെയ്യേണ്ടത്. വൈദികർക്കായുള്ള റോമിലെ അർജന്റീന കോളേജിൽനിന്നുള്ള പരിശീലകർക്കും വൈദികർക്കും ജനുവരി പതിനാറ് വ്യാഴാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് പൗരോഹിത്യജീവിതത്തിൽ വേണ്ട മൂല്യങ്ങളെക്കുറിച്ച് പാപ്പാ സംസാരിച്ചത്.
ജീവിതാവസാനം വരെ ആത്മാവിന്റെ ശത്രുക്കൾക്കെതിരെ പോരാടുന്നതും പ്രധാനപ്പെട്ടതാണെന്ന്, ബ്രൊച്ചേറോ എന്ന വൈദികന്റെ ജീവിതത്തെ പരാമർശിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. അമേരിക്കയിൽ കാണപ്പെടുന്ന മാർജ്ജാരവംശത്തിൽപ്പെടുന്ന പൂമ ആക്രമിക്കപ്പെട്ട് വീണു കിടക്കുമ്പോഴും സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നുവെന്ന് ബ്രൊച്ചേറോ എന്ന വിശുദ്ധനായ വൈദികൻ പറഞ്ഞിരുന്നുവെന്ന് അനുസ്മരിച്ച പാപ്പാ, അദ്ധ്യാത്മികജീവിതത്തിൽ നന്മയിൽ ജീവിക്കുന്ന കാര്യത്തിൽ ഈയൊരു മനോഭാവം കാത്തുസൂക്ഷിക്കണമെന്നും പാപ്പാ അനുസ്മരിച്ചു.
പുരോഹിതർക്കുണ്ടാകേണ്ട പൗരോഹിത്യസഹോദര്യത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, ഇത് പുരോഹിതരും അവരുടെ മെത്രാന്മാരും, പുരോഹിതർ തമ്മിലുള്ള ബന്ധത്തിലും ഉണ്ടാകേണ്ട ഒരു ഗുണമാണെന്ന് ഉദ്‌ബോധിപ്പിച്ചു. തുറന്ന മനസ്സോടെയും സഹോദര്യത്തോടും വിശ്വാസത്തോടുംകൂടി തെറ്റുകൾ തിരുത്താൻ മറ്റു വൈദികരെ ആഹ്വാനം ചെയ്യാൻ സാധിക്കുക, തിരുത്തലുകൾ സ്വീകരിക്കുക, അടുത്തടുത്ത് കുമ്പസാരം നടത്തുക, തങ്ങളുടെ ആധ്യാത്മിക, ഭൗതിക, അപ്പസ്തോലിക കാര്യങ്ങൾ പങ്കുവയ്ക്കുക തുടങ്ങിയവയും പ്രധാനപ്പെട്ടതാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
അനുദിനവിശുദ്ധബലിയർപ്പണത്തിന്റെ പ്രാധാന്യവും പാപ്പാ തന്റെ പ്രഭാഷണത്തിൽ പ്രത്യേകം എടുത്തുപറഞ്ഞു. ഏതു ബുദ്ധിമുട്ടുകൾ ഉണ്ടായാലും നിത്യവും ബലിയർപ്പിക്കുന്നതിന് ബ്രൊച്ചേറോ എന്ന വൈദികൻ തന്റെ ജീവിതത്തിൽ എന്തുമാത്രം പ്രാധാന്യം കൊടുത്തിരുന്നുവെന്നത് പാപ്പാ പ്രത്യേകം പരാമർശിച്ചു.
പൗരോഹിത്യവിളിയെന്നത്, ജീവിതത്തോട് കൂട്ടിച്ചേർക്കപ്പെട്ട ഒരു വിശേഷണം മാത്രമല്ലെന്നും, രക്ഷ പോലെയുള്ള മൂല്യങ്ങളുടെ പ്രാധാന്യം നിലനിൽക്കുമ്പോൾത്തന്നെ, ദൈവത്തിന് നമ്മെക്കുറിച്ചുള്ള സ്നേഹത്തിന്റെ പദ്ധതി ജീവിക്കുകയാണ് പൗരോഹിത്യവിളിയെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: