MAP

മധ്യാഹ്നപ്രാർത്ഥനാവേളയിൽ പങ്കെടുക്കുന്ന വിശ്വാസികൾ മധ്യാഹ്നപ്രാർത്ഥനാവേളയിൽ പങ്കെടുക്കുന്ന വിശ്വാസികൾ   (VATICAN MEDIA Divisione Foto)

ദൈവാരാധനയ്ക്ക് ആന്തരികപ്രചോദനം ഉൾക്കൊള്ളണം: ഫ്രാൻസിസ് പാപ്പാ

പ്രത്യക്ഷീകരണ തിരുനാൾ ദിനമായ ജനുവരി മാസം ആറാം തീയതി, ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ ചത്വരത്തിൽ മധ്യാഹ്ന പ്രാർത്ഥന നയിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

കിഴക്കു നിന്നുമുള്ള ജ്ഞാനികളുടെ  സന്ദർശനത്തിന്റെ ഓർമ്മ ആചരിക്കുന്ന പ്രത്യക്ഷീകരണ തിരുനാൾ ദിനമായ ജനുവരി മാസം ആറാം തീയതി, തിങ്കളാഴ്ച്ച ഫ്രാൻസിസ് പാപ്പാ മധ്യാഹ്നപ്രാർത്ഥന നയിക്കുകയും, സന്ദേശം നല്കുകയും ചെയ്തു.  പ്രാർത്ഥനയിൽ ആയിരക്കണക്കിന് വിശ്വാസികളും സംബന്ധിച്ചു.  യേശുവിനെ കാണുവാനും, ആരാധിക്കുവാനും ജ്ഞാനികൾ ദൂരെ നിന്നും കടന്നു വരുമ്പോൾ, ജറുസലേം നഗരത്തിലുള്ളവർ നിഷ്ക്രിയരായി നിലകൊണ്ട വിരോധാഭാസമായ സാഹചര്യത്തെ എടുത്തുപറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ വാക്കുകൾ ആരംഭിച്ചത്.

നക്ഷത്രത്താൽ ആകർഷിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്ത ജ്ഞാനികൾ, വഴിയിൽ ഏറെ അപകടസാധ്യതകളും അനിശ്ചിതത്വങ്ങളും നേരിട്ടുകൊണ്ടാണ് ബെത്ലഹേമിൽ എത്തിച്ചേർന്നതെന്നും, ഇത് അവരുടെ ഉള്ളിൽ സവിശേഷമായ ഒരു പ്രചോദനം ലഭിച്ചതിന്റെ വലിയ തെളിവാണെന്നും പാപ്പാ പറഞ്ഞു. ആന്തരികമായ ഈ ഉൾവിളിയെ പിന്തുടർന്നതിനാലാണ്, അവർക്ക് യേശുവിനെ ആരാധിക്കുവാൻ സാധിച്ചതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

പുരോഹിതന്മാരും,  ദൈവശാസ്ത്രജ്ഞരും വിശുദ്ധ തിരുവെഴുത്തുകൾ ശരിയായി വ്യാഖ്യാനിക്കുകയും മിശിഹായെ എവിടെ കണ്ടെത്തണമെന്ന് പൂജരാജാക്കന്മാർക്ക് കൃത്യമായ നിർദേശങ്ങൾ നൽകിയെങ്കിലും, അവർ തങ്ങളുടെ ഇരിപ്പിടങ്ങളിൽ നിന്നും അണുവിട ചലിക്കുവാൻ തയ്യാറാകാതിരുന്നതിനെ പാപ്പാ പ്രത്യേകമായി  ചൂണ്ടിക്കാട്ടുകയും, ഈ പ്രവൃത്തി നമ്മുടെ ആത്മശോധനയ്ക്ക് വിധേയമാക്കുവാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

ശാരീരികമായി ദൈവത്തോട് വളരെ അടുത്തായിരുന്നുകൊണ്ട്, ഹൃദയത്തിന്റെയും ജീവിതത്തിന്റെയും വാതിലുകൾ തുറക്കാതെ നിഷ്ക്രിയരായി നിൽക്കുന്നവരാണോ നാം എന്ന് സ്വയം പരിശോധിക്കുവാൻ പാപ്പാ ആവശ്യപ്പെട്ടു. പ്രത്യക്ഷീകരണ തിരുനാളിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിക്കു ശേഷമാണ്, പാപ്പാ മധ്യാഹ്ന പ്രാർത്ഥന നയിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ജനുവരി 2025, 11:05