MAP

പരസ്പരം സമ്മാനങ്ങൾ കൈമാറുന്നു പരസ്പരം സമ്മാനങ്ങൾ കൈമാറുന്നു   (VATICAN MEDIA Divisione Foto)

മാൾട്ട രാഷ്ട്രപതി പാപ്പായെ സന്ദർശിച്ചു

മാൾട്ട റിപ്പബ്ലിക്കിൻ്റെ പ്രസിഡണ്ട് മിറിയം സ്പിറ്റെറി ഡെബോനോ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചു കൂടിക്കാഴ്ച്ച നടത്തി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

2024 മുതൽ മാൾട്ട സ്വതന്ത്രരാജ്യത്തിന്റെ രാഷ്ട്രപതിയായി സേവനമനുഷ്ഠിക്കുന്ന മിറിയം സ്പിറ്റെറി ഡെബോനോ വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പായെ സന്ദർശിക്കുകയും, പരിശുദ്ധ പിതാവുമായി സംഭാഷണം നടത്തുകയും ചെയ്തു. ജനുവരി മാസം ഇരുപത്തിനാലാം തീയതി ഇറ്റാലിയൻ സമയം രാവിലെ 8. 55 നു ആരംഭിച്ച കൂടിക്കാഴ്ച്ച ഏകദേശം ഇരുപതുമിനിറ്റുകളോളം നീണ്ടുനിന്നു. കൂടിക്കാഴ്ചയുടെ അവസാനം ഇരുവരും പരസ്പരം സമ്മാനങ്ങളും കൈമാറി. ഫിസിയോതെറാപ്പിയും ശാരീരിക പുനരധിവാസ ചികിത്സകളും ചെയ്യുമ്പോൾ സഹായകരമാകുന്ന വേദനാസംഹാരിയായ ഒരു ഉപകരണമാണ് പ്രസിഡന്റ് പാപ്പായ്ക്ക് നൽകിയത്. ഈ ഉപകരണം, വത്തിക്കാന്റെ ഉപവിപ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്ന ഡിക്കസ്റ്ററിയുടെ ക്ലിനിക്കിന് സമ്മാനിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.

പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം,  വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്റെ സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി മോൺസിഞ്ഞോർ പോൾ റിച്ചാർഡ് ഗല്ലഗറുമായും പ്രസിഡന്റ് മിറിയം സ്പിറ്റെറി കൂടിക്കാഴ്ച്ച നടത്തി. പൊതുതാൽപ്പര്യമേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരുവരും അടിവരയിട്ടു പറഞ്ഞു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ദൃഢമായ ഉഭയകക്ഷി ബന്ധത്തിന് അഭിനന്ദനങ്ങളും രേഖപ്പെടുത്തി.

മെഡിറ്ററേനിയൻ മേഖലയിലെ സാഹചര്യങ്ങൾ, ഇസ്രായേലിലെയും പലസ്തീനിലെയും സംഘർഷങ്ങൾ, ഉക്രെയ്നിലെ പ്രതിസന്ധി, കുടിയേറ്റവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ എന്നിങ്ങനെയുള്ള അന്താരാഷ്ട്ര പ്രസക്തമായ വിവിധ വിഷയങ്ങൾ ചർച്ചയിൽ സംസാരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 ജനുവരി 2025, 11:52