MAP

സ്പെയിനിലെ സന്ധ്യാഗൊ ദെ കൊമ്പൊസ്തേലയിലേക്കുള്ള  ഇറ്റലിക്കാരായ തീർത്ഥാടക സംഘത്തെ വ്യാഴാഴ്ച (19/12/24) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഫ്രാൻസീസ് പാപ്പാ സ്വീകരിച്ചപ്പോൾ. സ്പെയിനിലെ സന്ധ്യാഗൊ ദെ കൊമ്പൊസ്തേലയിലേക്കുള്ള ഇറ്റലിക്കാരായ തീർത്ഥാടക സംഘത്തെ വ്യാഴാഴ്ച (19/12/24) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഫ്രാൻസീസ് പാപ്പാ സ്വീകരിച്ചപ്പോൾ.  

തീർത്ഥാടന അടയാളങ്ങൾ: നിശബ്ദത, സുവിശേഷം, പരസഹായം, പാപ്പാ!

ഫ്രാൻസീസ് പാപ്പാ, സ്പെയിനിലെ സന്ധ്യാഗൊ ദെ കൊമ്പൊസ്തേലയിലേക്കുള്ള ഇറ്റലിക്കാരടങ്ങിയ തീർത്ഥാടക സംഘത്തെ വ്യാഴാഴ്ച (19/12/24) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അപ്പോസ്തലന്മാരുടെ കബറിടങ്ങളിലേക്ക് നടത്തുന ക്രൈസ്തവ തീർത്ഥാനങ്ങൾ തിരിച്ചറിയുന്നതിനുള്ള ത്രിവിധ അടയളങ്ങളാണ് അതിൽ പ്രകടമാകുന്ന നിശബ്ദതയും ഒപ്പം കൊണ്ടുപോകുന്ന സുവിശേഷവും ആവശ്യത്തിലിരിക്കുന്നവർക്കേകുന്ന സേവനവും എന്ന് മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

വിശുദ്ധ യാക്കോബിൻറെ കബറിടം സന്ദർശിക്കുന്നതിന് സ്പെയിനിലെ സന്ധ്യാഗൊ ദെ കൊമ്പൊസ്തേലയിലേക്ക് ഡോൺ ഗ്വണേല്ല സമൂഹത്തിൻറെ നേതൃത്വത്തിൽ നടത്തുന്ന തീർത്ഥാടനത്തിനുള്ള ഇറ്റലിക്കാരായ തീർത്ഥാടകരുടെ അയ്യായിരത്തോളം പേരടങ്ങിയ സംഘത്തെ വ്യാഴാഴ്ച (19/12/24) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ഈ തീർത്ഥാടകർ അപ്പൊസ്തോലിക പ്രതിബദ്ധതയുടെ സജീവ തെളിവാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി സന്ധ്യാഗൊ ദെ കൊമ്പൊസ്തേലയിലേക്കുള്ള തീർത്ഥാടകരുടെ സംഖ്യയിൽ വർദ്ധനവുണ്ടായിട്ടുള്ളത് അനുസ്മരിച്ച പാപ്പാ ഇവിടെ വളരെ ഗൗരവതരമായ ഒരു ചോദ്യമുയരുന്നുവെന്നും സന്ധ്യാഗൊ ദി കൊമ്പസ്തേല യാത്രനടത്തുന്നവർ വാസ്തവത്തിൽ യഥാർത്ഥ തീർത്ഥാടനം നടത്തുന്നുണ്ടോ എന്നതാണ് ആ ചോദ്യമെന്നും പറഞ്ഞു.

ഈ തീർത്ഥാടനം തിരിച്ചറിയുന്നതിനുള്ള മൂന്ന് അടയാളങ്ങളിൽ ആദ്യത്തെതായ നിശബ്ദതയെക്കുറിച്ചു പരാമർശിച്ച പാപ്പാ മൗനത്തിൽ നടത്തുന്ന തീർത്ഥാടനം ഹൃദയംകൊണ്ടുള്ള ശ്രവണം സാധ്യമാക്കുന്നുവെന്നും വാസ്തവത്തിൽ ദൈവം സംസാരിക്കുന്നത് നിശബ്ദതയിലാണെന്നും ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

രണ്ടാമത്തെ അടയാളം സുവിശേഷമാണെന്നും അത് എല്ലായ്പ്പോഴും കൂടെ ഉണ്ടായിരിക്കണമെന്നും തീർത്ഥടനം നടത്തേണ്ടത് പരമമായ ആത്മദാനംവരെ യേശു നടത്തിയ യാത്രയുടെ പുനർവായനയിലൂടെയാവണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

അവസാനത്തെ അടയാളം മത്തായിയുടെ സുവിശേഷത്തിലെ ഇരുപത്തിയഞ്ചാം അദ്ധ്യായത്തിലെ വാക്യമാണ്. അതായത് “എൻറെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തു തന്നത്” (മത്തായി 25,40).

വിശുദ്ധ ലൂയിജി ഗ്വണേല്ല പറയുമായിരുന്നതു പോലെ വിശ്വാസിയുടെ ജീവിതം എന്നത് ആരും പിന്നിലായിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുകയെന്നതാണ്. ആകയാൽ വഴിയിലുടനീളം മറ്റുള്ളവരുടെ, വിശിഷ്യ, ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ, ആവശ്യത്തിലിരിക്കുന്നവരുടെ, കാര്യത്തിൽ ശ്രദ്ധയുള്ളവരായിരിക്കുക. സന്ധ്യാഗൊ ദെ കൊമ്പൊസ്തേലയിലേക്കുള്ള തീർത്ഥാടനം സുവിശേഷവത്ക്കരണത്തിൻറെയും പരിചരണത്തിൻറെയുമായ പ്രേഷിത പ്രവർത്തനത്തിന് പ്രചോദനമാകട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ഡിസംബർ 2024, 14:29