വിശ്വാസം കാത്തുസൂക്ഷിക്കുക, പാപ്പാ സർവ്വകലാശാലാ വിദ്യാർത്ഥികളോട്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മറച്ചുവയ്ക്കേണ്ട ഒന്നായിട്ടല്ല, മറിച്ച് മറ്റുള്ളവരുമായി പങ്കുവയക്കേണ്ട ഒരു നിധിയായി അമൂല്യ ദാനമായ വിശ്വാസത്തെ കാത്തുപരിപാലിക്കാൻ പാപ്പാ സർവ്വകലാശാലാദ്ധ്യേതാക്കളായ യുവതയ്ക്ക് പ്രചോദനം പകരുന്നു.
അടുത്തയിടെ ബത്ലഹേം സർവ്വകലാശാലയ്ക്കയച്ച ഒരു സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ വിശ്വാസ സംരക്ഷണത്തിൻറെ പ്രാധാന്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
2024-ലെ തിരുപ്പിറവിത്തിരുന്നാളോടുകൂടി തുടക്കംകുറിക്കപ്പെട്ടിരിക്കുന്ന ജൂബിലി വത്സരത്തെക്കുറിച്ചു തൻറെ സന്ദേശത്തിൽ പരാമർശിക്കുന്ന പാപ്പാ ഇത് നവജീവനെയും പ്രത്യാശയെയും അനുരഞ്ജനത്തെയും സൂചിപ്പിക്കുന്നതാകട്ടെയെന്നും ആദ്ധ്യാത്മിക നവീകരണത്തിനും ക്രിസ്തുവിൻറെ ആന്ദഭരിത ശിഷ്യരായിരിക്കാനുള്ള വിളിയിലുള്ള സ്ഥൈര്യത്തെ ബലപ്പെടുത്തുന്നതിനും യുവജനത്തിന് അവസരങ്ങളേകട്ടെയെന്നും ആശംസിക്കുന്നു.
തങ്ങളുടെ അദ്വിതീയതയിലും മൗലികതയിലും യുവജനത്തിനു മാത്രം നല്കാൻ കഴിയുന്ന സംഭാവന ലോകത്തിനു നഷ്ടമാകാതിരിക്കുന്നതിന് കർത്താവ് അവരെ ജീവൻ കൊണ്ടു നിറയ്ക്കുകയും യൗവനത്തെ മൂല്യവത്താക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ ഉറപ്പുനൽകുന്നു.
യൗവനത്തിൽ യുവജനത്തിന് ചിലപ്പോൾ ബലഹീനതയോ, ആശയക്കുഴപ്പമോ, നിരാശയോ തോന്നിയേക്കാമെന്ന വസ്തുത എടുത്തുകാട്ടുന്ന പാപ്പാ അപ്പോൾ ശാശ്വത പ്രത്യാശയുടെ ഉറവിടമായ യേശുവിന് സകലവും പ്രാർത്ഥനയിൽ സമർപ്പിക്കാൻ അവരെ ഉപദേശിക്കുന്നു.
ഒരിക്കലും "ഒറ്റയ്ക്ക് മുന്നേറാൻ" ശ്രമിക്കരുതെന്നും, മറിച്ച് കലാലയ വർഷങ്ങളുടെ വിലയേറിയ പൈതൃകമായ വിദ്യഭ്യാസപരവും സാമൂഹികവുമായ സൗഹൃദബന്ധങ്ങൾ വളർത്തിയെടുക്കാൻ ശ്രമിക്കണമെന്നും കാരണം ഒന്നിച്ചു നില്ക്കുമ്പോൾ അവരുടെ ശക്തി അത്ഭുതകരമായിരിക്കുമെന്നും പാപ്പാ പറയുന്നു.
പൊതുവായ ജീവിതത്തെക്കുറിച്ച് ആവേശഭരിതരാകുമ്പോഴെല്ലാം, യുവത മറ്റുള്ളവർക്കും സമൂഹത്തിനും വേണ്ടി വലിയ ത്യാഗങ്ങൾ ചെയ്യാൻ പ്രാപ്തരാണ് എന്നതും പാപ്പാ അനുസ്മരിക്കുന്നു. നമ്മുടെ നിരവധി സഹോദരീസഹോദരന്മാരെ ബാധിക്കുന്ന നിലവിലെ അക്രമ സാഹചര്യത്തെക്കുറിച്ചു സൂചിപ്പിക്കുന്ന പാപ്പാ പ്രത്യാശഭരിത ഐക്യദാർഢ്യത്തിൻറെ മാതൃകകൾ നമ്മുടെ മാനവകുടുംബത്തിന് ഏറെ ആവശ്യമാണെന്ന് ഓർമ്മിപ്പിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: