MAP

ഫ്രാൻസിസ് പാപ്പായ്ക്ക് ലഭിച്ച പുതിയ ഇലക്ട്രിക്ക് വാഹനം ഫ്രാൻസിസ് പാപ്പായ്ക്ക് ലഭിച്ച പുതിയ ഇലക്ട്രിക്ക് വാഹനം 

ഫ്രാൻസിസ് പാപ്പായുടെ ഉപയോഗത്തിനായി പുതിയ ഇലക്ട്രിക്ക് കാർ നൽകി മെഴ്‌സിഡസ് കമ്പനി

2030-ഓടെ വായുമലിനീകരണമില്ലാത്ത വാഹനങ്ങൾ മാത്ര ഉപയോഗിക്കാനുള്ള തീരുമാനമെടുത്തിട്ടുള്ള വത്തിക്കാനിൽ, പാപ്പായുടെ ഉപയോഗത്തിനായി പുതിയ തുറന്ന ഇലക്ട്രിക് കാർ മെഴ്‌സിഡസ് കമ്പനി നൽകി. ഇലക്ട്രിക് ജി-ക്ലാസ് അടിസ്ഥാനമാക്കി പ്രത്യേകമായി നിർമ്മിച്ച ഈ വാഹനം ഡിസംബർ 4 ബുധനാഴ്ചയാണ് കമ്പനി പാപ്പായ്ക്ക് നൽകിയത്. കമ്പനി സി.ഇ.ഓ. ഉൾപ്പെടെ, വാഹനനിർമ്മാണത്തിൽ ഏർപ്പെട്ട എല്ലാ തൊഴിലാളികളും പാപ്പായുടെ ആവശ്യപ്രകാരം ചടങ്ങിൽ സംബന്ധിച്ചിരുന്നു. ഇനിമുതൽ ബുധനാഴ്ചകളിലെ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന് ഈ വാഹനമായിരിക്കും ഉപയോഗിക്കുക.

ക്രിസ്റ്റീൻ സേവ്സ്, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാൻ ന്യൂസ്

ഫ്രാൻസിസ് പാപ്പായുടെ യാത്രകൾ ഇനിമുതൽ കൂടുതൽ പ്രകൃതിസൗഹൃദപരമാക്കാൻ ആധുനിക സാങ്കേതിക വിദ്യകളുള്ള പുതിയ തുറന്ന ഇലക്ട്രിക് കാർ മെഴ്‌സിഡസ് കമ്പനി പാപ്പായ്ക്ക് നൽകി. ജൂബിലി വർഷത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇത്തരമൊരു സംരഭത്തിന് കമ്പനി മുന്നോട്ടിറങ്ങിയത്. പരിശുദ്ധ പിതാവിനായി ഇത്തരമൊരു സേവനം ചെയ്യാൻ സാധിച്ചത് വലിയൊരു ബഹുമതിയായാണ് തങ്ങൾ കണക്കാക്കുന്നതെന്ന് മെഴ്‌സിഡസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഓല കല്ലേനിയൂസ് വത്തിക്കാൻ ന്യൂസ്-റേഡിയോയ്ക്കനുവദിച്ച കൂടിക്കാഴ്ചയിൽ പറഞ്ഞു.

1930 മുതൽ കഴിഞ്ഞ ഏതാണ്ട് നൂറു വർഷങ്ങളോളമായി പാപ്പാമാരുടെ യാത്രകൾക്കുപയോഗിക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട് തങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ടെന്ന് മെഴ്‌സിഡസ് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. നിലവിൽ പ്രത്യേകം തയ്യാറാക്കിയ ഒരു ജി-ക്ലാസ് വാഹനം തന്നെയാണ് പാപ്പാ പൊതുകൂടിക്കാഴ്ചാസമ്മേളനങ്ങളിൽ ഉപയോഗിക്കുന്നത്. എന്നാൽ അതിൽ പെട്രോളാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. മലിനീകരണത്തോത് പൂജ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് തങ്ങളും നീങ്ങുന്നതെന്ന് കല്ലേനിയൂസ് അറിയിച്ചു.

ഫ്രാൻസിസ് പാപ്പായുടെ പ്രത്യേകമായ ആവശ്യങ്ങൾ കൂടി പരിഗണിച്ച്, കഴിഞ്ഞ ഏതാണ്ട് ഒരു വർഷത്തെ പരിശ്രമത്തിനൊടുവിലാണ് മെഴ്‌സിഡസ് പൂർണ്ണമായും കൈകൾകൊണ്ടുണ്ടാക്കിയ പുതിയ പാപ്പാ മൊബൈൽ തയ്യാറാക്കിയിട്ടുള്ളത്. പാപ്പായുടെ യാത്ര കൂടുതൽ ആയാസരഹിതവുമാക്കുക എന്ന ഉദ്ദേശത്തോടെ വട്ടം കറക്കാൻ സാധിക്കുന്ന സീറ്റാണ് പാപ്പായ്ക്കായി കമ്പനി ഒരുക്കിയത്. പാപ്പായുടെ പൊതുകൂടിക്കാഴ്ചാസമ്മേളനവുമായി ബന്ധപ്പെട്ട യാത്രയുടെ പ്രത്യേകതകൾ കൂടി കണക്കിലെടുത്ത് കുറഞ്ഞ വേഗതയിൽ സഞ്ചരിക്കാനായി പ്രത്യേകമായി ഒരുക്കിയതാണ് ഈ വാഹനം.

SCV1 (വത്തിക്കാൻ സിറ്റി സ്റ്റേറ്റ് 1) എന്ന നമ്പരോടുകൂടിയ വാഹനം വെള്ളനിറത്തിലുള്ളതാണ്. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം, മെഴ്‌സിഡസ് അധികാരികൾക്കും ജോലിക്കാർക്കും പാപ്പാ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ചു.

1930-ൽ പതിനൊന്നാം പിയൂസ് പാപ്പായ്ക്കാണ് മെഴ്‌സിഡസ് ആദ്യമായി ഒരു വാഹനം നൽകിയത്. 2030-നുള്ളിൽ വായുമലിനീകരണമില്ലാത്ത വാഹനങ്ങൾ മാത്രം ഉപയോഗിക്കാനുള്ള ലക്ഷ്യമാണ് വത്തിക്കാനുള്ളത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ഡിസംബർ 2024, 15:26