MAP

കൊറിയേരെ ദെല്ലോ സ്‌പോർട്ട് ദിനപത്രം കൊറിയേരെ ദെല്ലോ സ്‌പോർട്ട് ദിനപത്രം   (ANSA)

ആരോഗ്യകരമായ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുക: ഫ്രാൻസിസ് പാപ്പാ

ഇറ്റാലിയൻ കായിക ദിനപ്പത്രമായ "കൊറിയേരെ ദെല്ലോ സ്‌പോർട്ടിന്റെ" ശതാബ്ദിയാഘോഷവേളയിൽ, ഫ്രാൻസിസ് പാപ്പാ കായികരംഗം സമൂഹത്തിനു നൽകുന്ന സാഹോദര്യ മനോഭാവത്തെ അടിവരയിട്ടു കൊണ്ട് സന്ദേശം നൽകി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

കായിക രംഗത്ത്, സാഹോദര്യബോധത്തോടെ ഇടപഴകുന്നത്, ജീവിതത്തിൽ മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കുന്നുവെന്നു എടുത്തു പറഞ്ഞു കൊണ്ട്, ഫ്രാൻസിസ് പാപ്പാ ഇറ്റാലിയൻ കായിക ദിനപ്പത്രമായ "കൊറിയേരെ ദെല്ലോ സ്‌പോർട്ടിന്റെ"  ശതാബ്ദിയാഘോഷവേളയിൽ സന്ദേശം പങ്കുവച്ചു. തന്റെ കുട്ടിക്കാലത്ത്, കായികരംഗം പ്രത്യേകമായും കാല്പന്തുകളി പ്രദാനം ചെയ്ത സന്തോഷകരമായ അനുഭവങ്ങൾ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു പാപ്പാ തന്റെ സന്ദേശം നൽകിയത്. ചരിത്രത്താളുകളിൽ രേഖപ്പെടുത്തുന്ന ഈ ശതാബ്ദിയാഘോഷനിമിഷങ്ങൾ, ജനങ്ങൾക്ക് നൽകിയ സേവനങ്ങൾക്ക് ലഭിച്ച വലിയ ഒരു പാരിതോഷികമാണെന്നും പാപ്പാ പറഞ്ഞു. അതിനാൽ ഇനിയും കായികരംഗത്തിന്റെ  മൂല്യം സമൂഹത്തിനു നൽകുവാൻ പത്രത്തിന് സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

കളിക്കളത്തിൽ എതിരാളികൾ മാത്രമാണുള്ളതെന്നും, അല്ലാതെ ശത്രുക്കൾ ഇല്ലെന്നും, അതിനാൽ  വിജയവും, പരാജയവും പുതിയ പാഠങ്ങൾ പഠിക്കുന്നതിനുള്ള അവസരങ്ങളാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. നാമെല്ലാവരും വിലയേറിയവരും സവിശേഷരുമാണെങ്കിലും, എല്ലാം തികഞ്ഞവരല്ല എന്ന തിരിച്ചറിവും കായികരംഗം പ്രദാനം ചെയ്യുന്നെന്നും പാപ്പാ കൂട്ടിച്ചേർത്തു. തുടർന്ന് താൻ പ്രോത്സാഹിപ്പിക്കുന്ന അർജന്റീനിയൻ സംഘത്തിന്റെ പ്രത്യേകതയും പാപ്പാ പറഞ്ഞു. തെരുവിൽ കളിച്ചിരുന്ന പാവപ്പെട്ട കുട്ടികളെ, തന്റെ വാതിലുകൾ തുറന്നുകൊടുത്തുകൊണ്ട്, ജീവിതത്തിന്റെ വിശാലമായ പാത കാട്ടിക്കൊടുത്ത, സലേഷ്യൻ വൈദികനായ ലോറെൻസോ മാസയുടെ മാതൃക എടുത്തുപറയേണ്ടതാണെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു.

ഇപ്രകാരം പാവങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിക്കുവാൻ നിരവധി കായികരംഗങ്ങൾക്ക് മൈതാനം തുറന്നുകൊടുത്ത കത്തോലിക്കാ സഭയുടെ മാതൃകകളും പാപ്പാ ചൂണ്ടിക്കാട്ടി.  അതിനാൽ ആരോഗ്യകരമായ കായിക സംസ്കാരം പ്രചരിപ്പിക്കുക എന്നതിനർത്ഥം മനുഷ്യരാശിയെ അതിന്റെ ഏറ്റവും മനോഹരവും ആധികാരികവുമായ മൂല്യങ്ങളിൽ വളരാൻ പ്രേരിപ്പിക്കുക എന്നതാണെന്നും, അതിനു "കൊറിയേരെ ദെല്ലോ സ്‌പോർട്' നൽകിയ സംഭാവനകളും പാപ്പാ നന്ദിയോടെ സ്മരിച്ചു. എല്ലാവരെയും ചേർത്തുനിർത്തുന്ന മാനവികതയുടെ ഒരു നല്ല സംസ്കാരം വളർത്തിയെടുക്കുന്നതിനു, ഒഴിവാക്കലിന്റെയും ഹിംസയുടെയും യുക്തിയെ നാം തള്ളിക്കളയണമെന്നും പാപ്പാ ആവശ്യപ്പെട്ടു. ഇത് വൈകല്യങ്ങളുടെ വെല്ലുവിളികളെ പോലും അതിജീവിക്കുന്നതും, ജീവിതത്തെക്കുറിച്ചുള്ള ഒരു സ്തുതിഗീതമായി  കായികത്തെ മാറ്റുന്നതിനും ഇടവരുത്തുമെന്നും പാപ്പാ എടുത്തു പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ഒക്‌ടോബർ 2024, 13:57