MAP

ഫ്രാൻസീസ് പാപ്പാ  സെപ്റ്റംബർ 28-ന്, വെള്ളിയാഴ്ച, ലൂവെയിനിലെ കത്തോലിക്കാ  സർവ്വകലാശാലയിൽ വച്ച് കലാലയ വിദ്യാർത്ഥിളെ സംബോധന ചെയ്യുന്നു. ഫ്രാൻസീസ് പാപ്പാ സെപ്റ്റംബർ 28-ന്, വെള്ളിയാഴ്ച, ലൂവെയിനിലെ കത്തോലിക്കാ സർവ്വകലാശാലയിൽ വച്ച് കലാലയ വിദ്യാർത്ഥിളെ സംബോധന ചെയ്യുന്നു.  (ANSA)

സത്യാന്വേഷകരും സത്യത്തിൻറെ സാക്ഷികളും ആകുക, പാപ്പാ വിദ്യാർത്ഥികളോട്!

പാപ്പായുടെ ബെൽജിയം സന്ദർശനം. സെപ്റ്റംബർ 28-ന്, വെള്ളിയാഴ്ച, പാപ്പാ ലുവെയിനിലെ കത്തോലിക്കാ സർവ്വകലാശാലയിൽ വച്ച് അദ്ധ്യേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

ബെൽജിയം സന്ദർശന വേളയിൽ പാപ്പാ ലുവെയിനിലെ കത്തോലിക്കാ സർവ്വകലാശാലയിൽ വച്ച് വിദ്യാർത്ഥികളോടു നടത്തിയ പ്രഭാഷണത്തിൻറെ സംഗ്രഹം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കൃതജ്ഞത, ദൗത്യം, വിശ്വസ്തത, എന്നീ ത്രിപദങ്ങളും എങ്ങനെ പഠിക്കണം, എന്തിനു വേണ്ടിയാണ് പഠിക്കുന്നത്, ആർക്കുവേണ്ടിയാണ് പഠിക്കുന്നത് എന്നീ ചോദ്യങ്ങളും ഇഴചേർന്നതായിരുന്നു പാപ്പാ സർവ്വകലാശാലാ വിദ്യാർത്ഥികളോടു നടത്തിയ പ്രഭാഷണം.

സർവ്വകലാശാലാവിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്താനും അവരുടെ വാക്കുകൾ കേൾക്കാനും കഴിഞ്ഞതിലുള്ള തൻറെ സന്തോഷം പ്രഭാഷണാരംഭത്തിൽ പ്രകടിപ്പിച്ച പാപ്പാ അവരുടെ വാക്കുകളിൽ അഭിനിവേശവും പ്രത്യാശയും നീതിക്കായുള്ള അഭിവാഞ്ഛയും സത്യാന്വേഷണവും തെളിഞ്ഞു നില്ക്കുന്നുണ്ടെന്ന വസ്തുത അനുസ്മരിച്ചു. അവർ നേരിടുന്ന പ്രശ്നങ്ങളിൽ തന്നെ ശക്തമായി സ്പർശിച്ചത്  അവരുടെ ഭാവിയും ആശങ്കയുമാണെന്ന് പറഞ്ഞ പാപ്പാ ഇപ്രകാരം തുടർന്നു:

പരിസ്ഥിതിയെയും ജനങ്ങളെയും നശിപ്പിക്കുന്ന തിന്മ എത്രമാത്രം അക്രമാസക്തവും ധിക്കാരപരവുമാണെന്ന് നമുക്ക് വ്യക്തമായി കാണാനാവുന്നുണ്ട്. അതിന് കടിഞ്ഞാണില്ലെന്ന പ്രതീതിയാണുള്ളത്. അതിൻറെ ഏറ്റവും ക്രൂരമായ പ്രയോഗമാണ്  യുദ്ധം . ഞാൻ പേരു പറയുന്നില്ല, ഒരു രാജ്യത്ത്, ഇന്ന് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന നിക്ഷേപങ്ങൾ ആയുധ നിർമ്മാണ ശാലകളാണെന്ന് നിങ്ങൾക്കറിയാം, ഇത് മോശമായ ഒരു കാര്യമാണ്. അതുപോലെതന്നെയാണ് അഴിമതിയും അടിമത്തത്തിൻറെ ആധുനിക രൂപങ്ങളും. യുദ്ധം, അഴിമതി, അടിമത്തത്തിൻറെ പുതിയ രൂപങ്ങൾ. ചിലപ്പോൾ ഈ തിന്മകൾ മതത്തെത്തന്നെ മലിനമാക്കുന്നു, അത് ആധിപത്യത്തിൻറെ ഉപകരണമായി മാറുന്നു. നിങ്ങൾ സൂക്ഷിക്കുക! ഇതൊരു ദൈവനിന്ദയാണ്. രക്ഷാകരസ്നേഹമായ ദൈവവുമായുള്ള മാനവരുടെ ഐക്യം അങ്ങനെ അടിമത്തമായി മാറുന്നു. കരുതലിൻറെ ആവിഷ്കാരമായ സ്വർഗ്ഗീയപിതാവിൻറെ നാമം പോലും അഹമ്മതിയുടെ പ്രകാശനമായി പരിണമിക്കുന്നു. ദൈവം പിതാവാണ്, യജമാനനല്ല; അവിടന്ന് പുത്രനും സഹോദരനുമാണ്, ഏകാധിപതിയല്ല; അവിടന്ന് സ്നേഹത്തിൻറെ ആത്മാവാണ്, ആധിപത്യത്തിൻറെയല്ല.

തിന്മയ്ക്കല്ല അവസാന വാക്കെന്ന് ക്രൈസ്തവർക്കറിയാം, ഇക്കാര്യത്തിൽ നാം ശക്തരായി നിലകൊള്ളണം. ഇത് നമ്മുടെ ഉത്തരവാദിത്വം കുറയ്ക്കുന്നില്ല, മറിച്ച് പ്രതിബദ്ധത വർദ്ധമാനമാക്കുകയാണ് ചെയ്യുന്നത്: പ്രത്യാശ  നമ്മുടെ ഉത്തരവാദിത്വമാണ്. ഏറ്റെടുക്കേണ്ട ഒരു പ്രതിബദ്ധത, കാരണം പ്രത്യാശ ഒരിക്കലും നിരാശപ്പെടുത്തുന്നില്ല. ഈ ഉറപ്പ് അശുഭാപ്തിബോധത്തെ ജയിക്കുന്നു.

ഈ വാക്കുകളെതുടർന്ന് പാപ്പാ നന്ദി, ദൗത്യം, വിശ്വസ്തത എന്നിവയെക്കുറിച്ചു പ്രതിപാദിച്ചു. നമ്മുടെ വാസഗേഹം നമുക്ക് നല്കപ്പെട്ടിരിക്കുന്നതാകയാൽ നമുക്കുണ്ടായിരിക്കേണ്ട ആദ്യത്തെ മനോഭാവം നന്ദിയായിരിക്കണമെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ ഇങ്ങനെ തുടർന്നു: നമ്മൾ യജമാനന്മാരല്ല, നമ്മൾ ഭൂമിയിൽ അതിഥികളും തീർത്ഥാടകരുമാണ്. അതിനെ ആദ്യം പരിപാലിക്കുന്നത് ദൈവമാണ്: ഭൂമിയെ സൃഷ്ടിച്ച ദൈവമാണ് നമ്മെ ആദ്യം പരിപാലിക്കുന്നത്. 

രണ്ടാമത്തെ മനോഭാവം ദൗത്യമാണ്: ഭൂമിയുടെ സൗന്ദര്യം സംരക്ഷിക്കാനും എല്ലാവരുടെയും, പ്രത്യേകിച്ച്, ഭാവിതലമുറയുടെ ഭാവിക്കായി നട്ടുവളർത്താനുമാണ് നാം ലോകത്തിലുള്ളത്. ഇതാണ് സഭയുടെ "പാരിസ്ഥിതിക പരിപാടി". എന്നാൽ നമ്മുടെ മനസ്സാക്ഷിയിലും, നമ്മുടെ സമൂഹത്തിൽ പോലും ധാർഷ്ട്യവും അക്രമവും സ്പർദ്ധയും നിലനിന്നാൽ ഒരു വികസന പദ്ധതിയും വിജയിക്കില്ല. പ്രശ്നത്തിൻറെ ഉറവിടത്തിലേക്ക് പോകേണ്ടതുണ്ട്, പ്രസ്തുത ഉറവിടം മനുഷ്യൻറെ ഹൃദയമാണ്. പാരിസ്ഥിതിക വിഷയത്തിൻറെ നാടകീയമായ അടിയന്തിരാവശ്യകത വരുന്നതും മനുഷ്യൻറെ ഹൃദയത്തിൽ നിന്നാണ്: അതായത്, എല്ലായ്പ്പോഴും സാമ്പത്തിക താൽപ്പര്യത്തിന് മുൻതൂക്കം നൽകുന്ന ശക്തരുടെ ധിക്കാരപരമായ നിസ്സംഗതയിൽ നിന്ന്. ഈ അവസ്ഥയിൽ സകല അഭ്യർത്ഥനകളും നിശബ്ദമാക്കപ്പെടുകയോ കമ്പോളത്തിന് അനുയോജ്യമാകുന്നതിനാനുപാതികമായി സ്വീകരിക്കപ്പെടുകയോ ചെയ്യും. ഇത് വാണിഭ ആദ്ധ്യാത്മികതയാണ്.

ഇവിടെ സമഗ്രവികസനത്തിന് വെല്ലുവിളി ഉയരുന്നു. ഈ സമഗ്ര വികസനം മൂന്നാമത്തെ മനോഭാവമായ വിശ്വസ്തത ആവശ്യപ്പെടുന്നു. ദൈവത്തോടുള്ള വിശ്വസ്തതയും മനുഷ്യനോടുള്ള വിശ്വസ്തതയും. ഈ വികസനം വാസ്തവത്തിൽ എല്ലാ ആളുകളെയും അവരുടെ ജീവിതത്തിൻറെ എല്ലാ മേഖലകളിലും ബാധിക്കുന്നു: അതായത്, ശാരീരികവും ധാർമ്മികവും സാംസ്കാരികവും സാമൂഹിക രാഷ്ട്രീയവുമായ എല്ലാ തലങ്ങളെയും; അടിച്ചമർത്തലുകളുടെയും  വലിച്ചെറിയലുകളുടെയും എല്ലാ രൂപങ്ങളെയും ഈ വികസനം എതിർക്കുന്നു. ഓരോ അംഗത്തെയും, നമ്മെത്തന്നെയും, നീതിയിലേക്കും സത്യത്തിലേക്കും പരിവർത്തനം ചെയ്യാൻ, സർവ്വോപരി, പരിശ്രമിച്ചുകൊണ്ട് സഭ ഈ ദുരുപയോഗങ്ങളെ അപലപിക്കുന്നു. ഈ അർത്ഥത്തിൽ, സമഗ്രമായ വികസനം നമ്മുടെ വിശുദ്ധിയ്ക്ക് ആഹ്വാനം ചെയ്യുന്നു. അത് സകലരുടെയും നീതിഭരിതവും സന്തുഷ്ടവുമായ ജീവിതത്തിലേക്കുള്ള ഒരു വിളിയാണ്. ആകയാൽ, പ്രകൃതിയെ തന്നിഷ്ടം കൈകാര്യം ചെയ്യുക അല്ലെങ്കിൽ പ്രകൃതിയെ പരിപാലിക്കുക എന്നിങ്ങനെ, തിരഞ്ഞെടുക്കുന്നതിന് രണ്ടു സാധ്യതകളാണുള്ളത്.

തുടർന്നു പാപ്പാ മാനവ പരിസ്തിതി വിജ്ഞാനീയത്തെക്കുറിച്ച് പരാമർശിച്ചു. ഇവിടെ പാപ്പാ, സഭയിൽ സ്ത്രീകൾക്കുള്ള പങ്കിനെക്കുറിച്ചു പ്രതിപാദിച്ചു.  ആക്രമണങ്ങൾ, അനീതികൾ, ആശയപരമായ മുൻവിധികൾ എന്നിവ ഇവിടെ കടന്നുവരുന്നുണ്ടെന്നും പാപ്പാ വിശദീകരിച്ചു. സഭ സ്ത്രീയാണെന്നും അവൾ മണവാട്ടിയാണെന്നും  പറഞ്ഞ പാപ്പാ സഭ ദൈവദാനമാണെന്ന വസ്തുതയും അവതരിപ്പിച്ചു. ഈ ദൈവജനത്തിൽ സ്ത്രീ , മകളും സഹോദരിയും അമ്മയുമാണെന്നും പാപ്പാ പറഞ്ഞു. വാസ്തവത്തിൽ, സ്ത്രീകളും പുരുഷന്മാരും ആളുകളാണെന്നും "ആരംഭം" മുതൽ തന്നെ അവർ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ആ വിളി ഒരു ദൗത്യമാണെന്നും വിശദീകരിച്ച പാപ്പാ ഇതിൽനിന്നാണ് സമൂഹത്തിലും സഭയിലും അവരുടെ പങ്ക് നിർഗ്ഗമിക്കുന്നതെന്ന് ഉദ്ബോധിപ്പിച്ചു. പരിത്രാണ ചരിത്രത്തിൻറെ കേന്ദ്രസ്ഥാനത്ത് ഒരു സ്ത്രീ, അതായത്, കന്യകാമറിയം, ആണ് എന്ന സത്യത്തെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു. 

ഈ വിചിന്തന ശകലത്തെ തുടർന്ന് പാപ്പാ സർവ്വകലാശാലാ വിദ്യാർത്ഥികളുടെ പഠന ജീവിതത്തെക്കുറിച്ചു പരാമർശിച്ചു.  എങ്ങനെ പഠിക്കാം? എന്തിനാണ് പഠിക്കുന്നത്? ആർക്കുവേണ്ടി പഠിക്കണം? എന്നീ ചോദ്യങ്ങൾ പാപ്പാ ഉന്നയിക്കുകയും  അവയ്ക്ക് ഉത്തരമേകുകയും ചെയ്തു.

എങ്ങനെ പഠിക്കാം എന്ന ചോദ്യം വിശകലനം ചെയ്യവെ പാപ്പാ എല്ലാ ശാസ്ത്രങ്ങളെയും  പോലെ ഒരു രീതി മാത്രമാണുള്ളതെന്നും കൂടാതെ ഒരു ശൈലിയും അതിനുണ്ടെന്നും ഉദ്ബോധിപ്പിച്ചു. വാസ്തവത്തിൽ പഠനം എല്ലായ്പോഴും, അവനവനെയും മറ്റുള്ളവരെയും അറിയാനുള്ള  മാർഗ്ഗമാണെന്നും എന്നാൽ പൊതുവായ ഒരു ശൈലിയുണ്ടെന്നും അത് ഒന്നിച്ചു പഠിക്കുകയെന്നതാണെന്നും പാപ്പാ പറഞ്ഞു.

എന്തിനാണ് പഠിക്കുന്നത് എന്ന ചോദ്യമായിരുന്നു രണ്ടാമത്തേത്. പഠിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു കാരണവും നമ്മെ ആകർഷിക്കുന്ന ഒരു ലക്ഷ്യവുമുണ്ടെന്നും എന്നാൽ അവ നല്ലതായിരിക്കണമെന്നും, എന്തെന്നാൽ, പഠനത്തിൻറെ അർത്ഥവും നമ്മുടെ ജീവിതദിശയും അവയെആശ്രയിച്ചിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

പാപ്പാ വിശകലനം ചെയ്ത മൂന്നാമത്തെ ചോദ്യം ആർക്കുവേണ്ടി പഠിക്കണം എന്നതായിരുന്നു. അവനവനു വേണ്ടിയാണോ, അതോ മറ്റുള്ളവർക്കു കണക്കുകൊടുക്കാൻ വേണ്ടിയാണോ, അല്ലെങ്കിൽ മറ്റുള്ളവരെ പഠിപ്പിക്കാനും സേവിക്കാനും കഴിയുന്നതിനാണോ നാം  പഠിക്കുന്നത്  എന്ന ആത്മശോധനയുടെ പ്രാധാന്യമാണ് പാപ്പാ ഇവിടെ എടുത്തകാട്ടിയത്.

പഠനം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് സ്വയം ചോദിക്കുന്നതിന് മുമ്പ്, ഒരു സർവ്വകലാശാലാ വിദ്യാർത്ഥിക്ക് ചോദിക്കാൻ കഴിയുന്ന ഒരു നല്ല ചോദ്യം  ഞാൻ ആരെയാണ് സേവിക്കുന്നത് എന്നെത്തന്നെയാണോ? അതോ എനിക്ക് മറ്റൊരു സേവനത്തിനായി തുറന്ന മനസ്സുണ്ടോ? എന്നതാണെന്നും പാപ്പാ പറഞ്ഞു. ലോകത്തിൻറെ ഏതു ഭാഗത്തായാലും ശരി, സർവ്വകലാശാല, ധനസമ്പാദനത്തിനോ അധികാരം കൈയ്യാളുന്നതിനോ മാത്രമായി വിദ്യാർത്ഥികളെ ഒരുക്കുന്നത് കാണുന്ന പക്ഷം അത് തന്നെ വേദനിപ്പിക്കുമെന്ന് പാപ്പാ വെളിപ്പെടുത്തി. സർവ്വകാലാശാല സാക്ഷ്യപ്പെടുത്തേണ്ടത് പൊതുനന്മയ്ക്കായി പ്രവർത്തിക്കാനുള്ള കഴിവിനെയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പ്രിയ വിദ്യാർത്ഥികളേ, നിങ്ങൾക്ക് സ്വാതന്ത്ര്യം വേണോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് പാപ്പാ സത്യത്തിൻറെ അന്വേഷകരും സത്യത്തിൻറെ സാക്ഷികളും ആകാൻ പാപ്പാ ആഹ്വാനം ചെയ്തു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 സെപ്റ്റംബർ 2024, 10:47