MAP

യുക്രെയ്നിൽ വേദനിക്കുന്നവരുടെ നിലവിളി. യുക്രെയ്നിൽ വേദനിക്കുന്നവരുടെ നിലവിളി.   മുഖപ്രസംഗം

മൊസൂളിന്റെ അവശിഷ്ടങ്ങളിൽ നിന്ന് യുക്രെയ്നിലെ അവശിഷ്ടങ്ങളിലേക്ക് പാപ്പായുടെ സ്വരം

മൊസൂളിന്റെ അവശിഷ്ടങ്ങളിൽ നിന്ന് യുക്രെയ്നിലെ അവശിഷ്ടങ്ങളിലേക്ക് പാപ്പായുടെ സമാധാനത്തിന്റെയും പ്രത്യാശയുടേയും സ്വരം.

മുഖപ്രസംഗം - അന്ദ്രേയാ തൊർനിയേല്ലി

പരിശുദ്ധ പിതാവ് തന്റെ പാപ്പാ സ്ഥാനത്തിന്റെ പത്താമത് വർഷത്തിലേക്ക് കടക്കുമ്പോൾ ഒരു വർഷം മുമ്പു് ഇറാഖിൽ പാപ്പാ പറഞ്ഞ വാക്കുകൾ നാടകീയമായി ഇന്നും അർത്ഥഗർഭമായി നിൽക്കുന്നത് ഓർമ്മിക്കുന്നു.

ഫ്രാൻസിസ് പാപ്പാ തന്റെ പത്താമത് വർഷം ആരംഭിക്കുന്നു. എന്നാൽ നാടകീയമായി യുദ്ധത്തിന്റെ ഭീകരത യൂറോപ്പിന്റെ ഹൃദയത്തിൽ അടയാളപ്പെടുത്തിക്കൊണ്ടാണ് ഈ വാർഷികം.

പാപ്പാ ആയതിൽ പിന്നെ നടത്തിയ ഏറ്റം പ്രധാനവും ധീരവുമായ അപ്പോസ്തോലിക യാത്രയ്ക്കിടെ ഇറാഖിൽ  ഫ്രാൻസിസ് പാപ്പാ പറഞ്ഞ വാക്കുകളെ ഒന്നു വീണ്ടും കേൾക്കുന്നത് ശ്രദ്ധേയമാകുന്നു. വളരെ വലിയ സുരക്ഷാ പ്രശ്നങ്ങൾമൂലം അപകട സാധ്യതകളും തടസ്സങ്ങളും ഉണ്ടായിരുന്നിട്ടും ഫ്രാൻസിസ് പാപ്പാ വളരെ ശക്തമായി ആഗ്രഹിച്ച ഒരു സന്ദർശനമായിരുന്നു അത്.

മൗലികവാദത്തിന്റെ ഇരകളായവരോടുള്ള തന്റെ സാമിപ്യം പ്രകടമാക്കാനും, രാജ്യത്തിന്റെ പുനർനിർമ്മാണത്തിന്റെ ദുഷ്കരമായ പാതയ്ക്ക് പ്രോൽസാഹനം നൽകാനും, ക്രൈസ്തവരുമായും മറ്റു മത വിശ്വാസികളുമായും സമാധാനം കാംക്ഷിക്കുന്ന നിരവധി മുസ്ലിം വിശ്വാസികൾക്ക്  ഒരു കൈ നീട്ടാനുമായി  എല്ലാ പ്രതിസന്ധികളെയും മാറ്റി വച്ച്, ജോൺ പോൾ രണ്ടാമന് സാക്ഷാൽക്കരിക്കാൻ കഴിയാതിരുന്ന സ്വപ്നങ്ങളിലൊന്നായ ആ തീർത്ഥാടനം 2021 മാർച്ച് മാസത്തിൽ ഫ്രാൻസിസ് പാപ്പാ ഏറ്റെടുത്തു.

ആ സന്ദർനത്തിന്റെ ഏറ്റവും ഉച്ചസ്ഥാനം നാശത്തിന്റെ അവശിഷ്ടമായി തീർന്ന മൊസൂൾ നഗരത്തിലേക്ക് നടത്തിയ യാത്രയായിരുന്നു. ആ അവസരത്തിൽ  ഫ്രാൻസിസ് പാപ്പാ പറഞ്ഞു, "ഇന്ന് നാമെല്ലാവരും പ്രാർത്ഥനയിൽ നമ്മുടെ സ്വരം യുദ്ധത്തിന്റെയും ആയുധസംഘർഷത്തിന്റെയും ഇരകൾക്ക് വേണ്ടി സർവ്വശക്തനായ ദൈവത്തിലേക്കുയർത്തുന്നു. ഇവിടെ മൊസൂളിൽ യുദ്ധത്തിന്റെ യും ശത്രുതയുടേയും ദാരുണമായ അനന്തര ഫലങ്ങൾ വളരെ വ്യക്തമാണ്. നാഗരികതയുടെ പിള്ളതൊട്ടിലായ ഈ രാജ്യത്ത് പുരാതന ആരാധനാലയങ്ങൾ നശിപ്പിക്കപ്പെടുകയും അനേകായിരങ്ങൾ -മുസ്ലിങ്ങളും, ക്രൈസ്തവരും, യസീദികളും തീവ്രവാദം മൂലം നിർബന്ധിതമായി കുടിയൊഴിപ്പിക്കപ്പെടുകയോ കൊല ചെയ്യപ്പെടുകയോ ചെയ്യേണ്ടി വന്ന ഇത്ര ക്രൂരമായ ഒരു പ്രഹരമേൽക്കേണ്ടി വന്നത് വേദനാജനകമാണ്!"

ഒരു വർഷത്തിനു ശേഷം ഒരിക്കൽ കൂടെ കുടിലതയിൽ " പ്രത്യേക സൈനീക നടപടി " എന്ന് നിർവ്വചിച്ച  യുക്രെയ്നിലെ വൃത്തികെട്ട യുദ്ധത്തിൽ നിഷ്കളങ്കരായ ജനങ്ങളുടെ ശരീരങ്ങൾ കീറി മുറിക്കപ്പെടുന്നതും,  കുട്ടികൾ കൊല്ലപ്പെടുന്നതും, കുടുംബങ്ങൾ വിഭജിക്കപ്പെടുന്നതും,  ബോംബുകളിൽ നിന്ന് രക്ഷപെടാൻ ദശലക്ഷക്കണക്കിന് ആളുകൾ എല്ലാം ഇട്ടെറിഞ്ഞ്  അഭയാർത്ഥികളാകുന്നതും, നഗരങ്ങൾ യുദ്ധക്കളങ്ങളാവുന്നതും, വീടുകൾ ചുട്ടെരിക്കപ്പെടുന്നതും കാണുന്നു. ഉണങ്ങാൻ വർഷങ്ങൾ വേണ്ടിവരുന്ന ഹൃദയത്തിന്റെ മുറിവുകളെക്കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം. ഇപ്രാവശ്യം യുദ്ധം വളരെ അടുത്താണ്. യുദ്ധത്തിലേക്കു കടക്കരുതെന്ന ജോൺ പോൾ രണ്ടാമന്റെ പ്രവാചനാത്മകമായ അഭ്യർത്ഥന കേൾക്കാതെ പോയ -ഇറാഖിലെ യുദ്ധം പോലെ വിദൂരത്തല്ല. അബ്രഹാമിന്റെ നാടിനെ തീവ്രവാദത്തിന്റെ കുപ്പത്തൊട്ടിയാക്കിയ യുദ്ധം. യുദ്ധം " തിരിച്ചു പോക്കില്ലാത്ത ഒരു സാഹസീകതയാണ്".

ഇപ്രാവശ്യം വെറുപ്പും അക്രമവും "നാഗരികതയുടെ ഏറ്റുമുട്ടൽ " സംബന്ധിച്ച സിദ്ധാന്തങ്ങളിട്ട് മൂടി വയ്ക്കാൻ കഴിയില്ല. അവയ്ക്ക് സാങ്കല്പികമായ മത പ്രചോദനങ്ങളുമായി യാതൊരു ബന്ധവുമില്ല. ഇപ്രാവശ്യം രണ്ടു വശത്തും നേർക്കുനേർ വരുന്ന സ്ത്രീ പുരുഷന്മാർ ഒരേ ക്രൈസ്തവ വിശ്വാസവും ജ്ഞാനസ്നാനവും പങ്കിടുന്നവരാണ്. റഷ്യൻ സൈന്യത്തിന്റെ യുക്രെയ്നിലെ ആക്രമണത്തിലും ലോകത്തെ ആണവ സംഘർഷത്തിലേക്ക് വലിച്ചിഴക്കുന്ന തരത്തിലേക്ക് യുദ്ധത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നതിലും  പ്രതീക്ഷയുടെ ലക്ഷണങ്ങൾ കണ്ടെത്താൻ എളുപ്പമല്ല. എങ്കിലും, മൊസൂളിൽ ഒരു വർഷം മുൻപ് എന്ന പോലെ ഫ്രാൻസിസ് പാപ്പാ തന്റെ "സാഹോദര്യം സഹോദര വധത്തേക്കാൾ (fratricide) നിലനിൽക്കുന്നതാണെന്നും, പ്രത്യാശ വെറുപ്പിനേക്കാൾ ശക്തിയുള്ളതാണെന്നും, സമാധാനം യുദ്ധത്തേക്കാൾ സുശക്തമാണെന്നുമുള്ള ബോധ്യം" ആവർത്തിച്ചു കൊണ്ട് ഇപ്പോഴും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞു.

ദൈവത്തോടു സമാധാനമെന്ന വരത്തിനായി പ്രാർത്ഥിച്ചു കൊണ്ട്, ഒരിക്കലും അത് തിരയുന്നതിലും പിൻതുടരുന്നതിലും ഭംഗം വരുത്താതെ, ഒരു വെടിനിറുത്തലും യഥാർത്ഥ ചർച്ചകളുടെ ആരംഭവും സാധ്യമാക്കാൻ ഒരു വഴിയും വിട്ടു കളയരുതെന്നും പാപ്പാ പറഞ്ഞു. കാരണം നമ്മൾ സമാധാനം ആഗ്രഹിക്കുന്നെങ്കിൽ നമ്മൾ സമാധാനത്തിനാണ് തയ്യാറാകേണ്ടത് യുദ്ധത്തിനല്ല. രാഷ്ട്രങ്ങൾ തമ്മിലുള്ള സഹവർത്തിത്വം കെട്ടിപ്പടുക്കാൻ പുതിയ പാതകൾ പിൻതുടരാൻ ധൈര്യവും ക്രിയാത്മകതയുമാണാവശ്യം അല്ലാതെ  ശക്തിയുടേയോ പ്രതിരോധത്തിന്റെ അടിസ്ഥാനമല്ല. ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കാണാൻ കഴിഞ്ഞ ഐക്യദാർഢ്യത്തിന്റെ വലിയ തരംഗവും ദശലക്ഷക്കണക്കിന് അഭയാർത്ഥികൾക്ക് വാതിൽ തുറന്ന പോളണ്ടുപോലുള്ള രാജ്യങ്ങളുടെ ഔദാര്യവുമാണ്  ഇന്ന് പ്രതീക്ഷയ്ക്ക് വകനൽകുന്നത്.

ഒരു വർഷം മുമ്പ് ഊറിൽ നടന്ന അന്തർമത സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞു: "എവിടെ നിന്ന് നമുക്ക് നമ്മുടെ സമാധാനത്തിന്റെ യാത്ര തുടങ്ങാൻ കഴിയും? ശത്രുക്കൾ ഉണ്ടാകില്ല എന്ന തീരുമാനത്തിൽ നിന്ന്. നക്ഷത്രങ്ങളിലേക്ക് നോക്കാൻ ധൈര്യമുള്ള, ദൈവത്തിൽ വിശ്വസിക്കുന്ന ഒരാൾക്കും യുദ്ധം ചെയ്യാൻ ശത്രുക്കളില്ല. അവർക്ക്  ഒരേ ഒരു ശത്രുവേയുള്ളൂ അഭിമുഖീകരിക്കാൻ, ഹൃദയ വാതിക്കൽ വന്ന് പ്രവേശിക്കാൻ മുട്ടിവിളിക്കുന്ന ഒന്ന്. ആ ശത്രു വെറുപ്പാണ് .  ചിലർ സുഹൃത്തുക്കളായിരിക്കുന്നതിനേക്കാൾ ശത്രുക്കളാകാൻ പരിശ്രമിക്കുമ്പോൾ, പലരും മറ്റുള്ളവരുടെ ചിലവിൽ സ്വന്തലാഭം തേടുമ്പോൾ, ദൈവത്തിന്റെ പാതകൾ പിൻതുടരുന്നവർക്ക് ഒരിക്കലും ആർക്കെങ്കിലും എതിരാകാൻ കഴിയില്ല മറിച്ച് എല്ലാവർക്കും വേണ്ടിയാകാനേ കഴിയൂ. ഏതെങ്കിലും രീതിയിലുള്ള അടിച്ചേൽപ്പിക്കലോ, അടിച്ചമർത്തലോ, അധികാര

ദുർവിനിയോഗമോ ധിക്കാരമനോഭാവമോ സ്വീകരിക്കാൻ അവർക്ക് കഴിയില്ല."  ഹൃദയങ്ങളുടെ നിരായുധീകരണത്തിൽ നിന്നാണ്  സമാധാനത്തിന്റെ വഴി ആരംഭിക്കുന്നത് എന്നാണ് ഈ ഒമ്പത് വർഷം ഫ്രാൻസിസ് പാപ്പാ നമ്മെ പഠിപ്പിച്ചത്. ഒരാൾ ക്രൈസ്തവൻ എന്ന് സ്വയം വിളിക്കാൻ  സ്നേഹത്തിനു വേണ്ടി കുരിശിൽ കൊല്ലപെടാൻ അനുവദിച്ച മനുഷ്യനായ ദൈവത്തിന്റെതായിരിക്കുക എന്നാണ് അർത്ഥമാക്കുന്നത്. നിസ്സഹായനായ ഒരു ഇരയാകാൻ തിരഞ്ഞെടുത്ത്, രണ്ടായിരം വർഷമായി അവൻ നമ്മോടു അടിച്ചമർത്തപ്പെട്ടവരുടെയും, അക്രമിക്കപ്പെടുന്നവരുടേയും, തോൽപ്പിക്കപ്പെട്ടവരുടേയും, ഏറ്റം അവസാനത്തെവരുടേയും, തഴയപ്പെട്ടവരുടേയും ഭാഗത്തു നിൽക്കാൻ ആവശ്യപ്പെടുന്നു. അവൻ നമ്മളോടു സമാധാനം വിതയ്ക്കാൻ ആവശ്യപ്പെടുന്നു; ഒരിക്കലും വിദേഷമോ, യുദ്ധമോ, അക്രമമോ വിതയ്ക്കാതിരിക്കാനും...

(പരിഭാഷ - സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്)

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 മാർച്ച് 2022, 13:31