MAP

ഫാ. അഗസ്റ്റിൻ ദൗദ അമദു ഫാ. അഗസ്റ്റിൻ ദൗദ അമദു 

സീറ ലിയോണിൽ ഒരു കത്തോലിക്കാ വൈദികൻ കൊല്ലപ്പെട്ടു: ഫീദെസ് വാർത്താ ഏജൻസി

പശ്ചിമ ആഫ്രിക്കൻ രാജ്യമായ സീറാ ലിയോണിലെ കെനീമയിൽ ഒരു കത്തോലിക്കാ വൈദികൻ കൊല്ലപ്പെട്ടതായി ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂലൈ 29-ന് രാത്രിയിൽ കെനീമയിൽ അമലോത്ഭവമാതാവിന്റെ നാമത്തിലുള്ള ഇടവകദേവാലയത്തിലെ വൈദികമന്ദിരത്തിൽ അതിക്രമിച്ച് കയറിയ അക്രമികൾ ഇടവകവികാരിയായ ഫാ. അമദുവിനെ അക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പശ്ചിമ ആഫ്രിക്കൻ രാജ്യമായ സീറ ലിയോണിന്റെ കിഴക്കൻ പ്രവിശ്യയായ കെനീമ (Kenema) ജില്ലയിൽ അമലോത്ഭവമാതാവിന്റെ നാമത്തിലുള്ള ഇടവകയുടെ വികാരി ഫാ. അഗസ്റ്റിൻ ദൗദ അമദുവിനെ (Augustine Dauda Amadu) അക്രമികൾ വധിച്ചുവെന്ന് ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു. ജൂലൈ 29-നും 30-നും ഇടയിലുള്ള രാത്രിയിൽ ഇടവകയിലെ വൈദികമന്ദിരത്തിന്റെ ജനലിലൂടെ അതിക്രമിച്ച് കയറിയ അക്രമിസംഘം അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രാദേശികവൃത്തങ്ങളെ അധികരിച്ച് ഫീദെസ് വ്യക്തമാക്കി.

കെനീമയുടെ പ്രാന്തപ്രദേശത്ത് അമലോത്ഭവമാതാവിന്റെ നാമത്തിലുള്ള ഇടവകയുടെ വികാരിയെ, ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ആയുധധാരികളായ അക്രമികൾ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് പ്രവേശിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും, രാത്രി രണ്ടിനും മൂന്നിനും ഇടയ്ക്കാണ് അദ്ദേഹം മരണമടഞ്ഞതെന്നും പ്രാദേശികപോലീസ് സേന അറിയിച്ചതായും സെപ്റ്റംബർ രണ്ടാം തീയതി ഫീദെസ് എഴുതി. അക്രമികൾ ഇടവകയിൽനിന്ന് എന്തെങ്കിലും മോഷ്ടിച്ചുവോ എന്നത് വ്യക്തമല്ലെന്നും പോലീസ് അറിയിച്ചിരുന്നു.

അക്രമികളെപ്പറ്റി വ്യക്തമായ വിവരമില്ലെങ്കിലും ഇടവകയിലെ ജനങ്ങളും, സഭാവൃത്തങ്ങളും കുറ്റകൃത്യത്തിലേക്ക് വെളിച്ചം വീശാൻ സഹായിക്കുന്ന ചില പ്രസ്താവനകൾ നടത്തിയിരുന്നുവെന്നും ഫീദെസ് വ്യക്‌തമാക്കി.

എല്ലാവരോടുമുള്ള സാമീപ്യം കൊണ്ടും വിനയം കൊണ്ടും ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു ഫാ. അമദുവെന്ന് എഴുതിയ വാർത്താ ഏജൻസി, എന്നാൽ അഴിമതിക്കും കുറ്റകൃത്യത്തിനുമെതിരെയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ, നിരവധി സുഹൃത്തുക്കളെയും എന്നാൽ അതേസമയം ചിലയിടങ്ങളിൽ ശത്രുക്കളെയും സമ്മാനിച്ചുവെന്ന് വിശദീകരിച്ചു.

സീറ ലിയോണിന്റെ കിഴക്കൻ പ്രവിശ്യയായ കെനീമയിലെ സുരക്ഷിതാവസ്ഥയെ ദുർബലമാക്കിക്കൊണ്ട് അടുത്തിടെ നിരവധി ക്രൂരമായ കുറ്റകൃത്യങ്ങളും ആക്രമണങ്ങളും, സായുധ കവർച്ചകളും നടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഫീദെസ് അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 സെപ്റ്റംബർ 2025, 15:38