യേശുവിന്റെ തിരുഹൃദയ സ്നേഹം സകലതും ക്ഷമിക്കുന്നു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
കത്തോലിക്കാ സഭയുടെ പാരമ്പര്യത്തിലും ആത്മീയതയിലും ‘ഹൃദയം’ എന്നത് കേവലം ഒരു അവയവം എന്നതിലുപരി, മനുഷ്യന്റെ ഏറ്റവും ആഴമേറിയ വ്യക്തിത്വത്തെയും സ്നേഹത്തെയും വികാരങ്ങളെയും ഇച്ഛാശക്തിയെയും പ്രതിനിധീകരിക്കുന്നു. ദൈവവുമായുള്ള ബന്ധം സ്ഥാപിക്കപ്പെടുന്നതും, ദൈവസ്നേഹം അനുഭവിക്കപ്പെടുന്നതും, മനുഷ്യന്റെ ഏറ്റവും വലിയ രഹസ്യങ്ങൾ സൂക്ഷിക്കപ്പെടുന്നതും ഈ ‘ആന്തരിക ഹൃദയ’ത്തിലാണ്.
വിശുദ്ധ ഗ്രന്ഥത്തിൽ ഹൃദയം എന്നത് വിശ്വാസത്തിന്റെയും, ധൈര്യത്തിന്റെയും, സങ്കടത്തിന്റെയും, സന്തോഷത്തിന്റെയും, ഏറ്റവും പ്രധാനമായി സ്നേഹത്തിന്റെയും ഇരിപ്പിടമായി പലപ്പോഴും വിശേഷിപ്പിക്കുന്നു. “നിന്റെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടുംകൂടെ നിന്റെ ദൈവമായ കർത്താവിനെ സ്നേഹിക്കുക” (മർക്കോസ് 12:30) എന്ന വചനം, മനുഷ്യന്റെ സമഗ്രമായ സ്നേഹം ഹൃദയത്തിൽ നിന്നായിരിക്കണം എന്ന് പഠിപ്പിക്കുന്നു. പ്രാർത്ഥനയും ധ്യാനവും ഹൃദയത്തിൽ നിന്ന് ഉത്ഭവിക്കുമ്പോഴാണ് അവയ്ക്ക് ജീവൻ വരുന്നത്.
ഇപ്രകാരം ഇന്നും സജീവമായി നമ്മുടെ ജീവിതത്തിൽ താങ്ങും തണലും അഭയസ്ഥാനവുമായി നിലകൊള്ളുന്നതാണ് യേശുവിന്റെ തിരുഹൃദയം. പാപികളെ രക്ഷിക്കാൻവേണ്ടി സ്വജീവൻ ബലിയർപ്പിച്ച അവിടുത്തെ നിസ്വാർത്ഥ സ്നേഹത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയാണ് തിരുഹൃദയം. നിരുപാധികമായ സ്നേഹം, ത്യാഗം, ക്ഷമ എന്നിവ ഈ ഹൃദയത്തിൽ നിന്ന് പ്രവഹിക്കുന്നതുകൊണ്ട്, മനുഷ്യൻ എങ്ങനെയായിരിക്കണം സ്നേഹിക്കേണ്ടത് എന്ന് തിരുഹൃദയം നമ്മെ പഠിപ്പിക്കുന്നു.
വേഗതയാർന്നതും മത്സരാധിഷ്ഠിതവുമായ ഈ ആധുനിക ലോകത്ത്, മനുഷ്യബന്ധങ്ങൾ പലപ്പോഴും ഉപരിപ്ലവമാവുകയും, സ്നേഹവും, സഹാനുഭൂതിയും കുറയുകയും ചെയ്യുന്ന ഒരു സാഹചര്യമുണ്ട്. സ്വാർത്ഥതയും, വ്യക്തിഗത നേട്ടങ്ങളും മുൻഗണന നേടുമ്പോൾ, തിരുഹൃദയ ഭക്തിക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. യഥാർത്ഥ സ്നേഹം ത്യാഗമാണെന്നും, മറ്റുള്ളവർക്കുവേണ്ടി സ്വയം നൽകുന്നതാണെന്നും തിരുഹൃദയം നമ്മെ ഓർമ്മിപ്പിക്കുന്നു. ഇത് സ്വാർത്ഥതയിൽ നിന്ന് പുറത്തുവന്ന് സഹജീവികളെ സ്നേഹിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. പാപികളോടുള്ള ഈശോയുടെ അനുകമ്പയും ക്ഷമയും തിരുഹൃദയ ഭക്തിയിലൂടെ നാം ആഴത്തിൽ മനസ്സിലാക്കുന്നു. ഇത് പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കാനും അനുരഞ്ജനത്തിലൂടെ ദൈവവുമായി വീണ്ടും അടുക്കാനും നമ്മെ സഹായിക്കുന്നു. ലോകത്തിൽ നന്മ പ്രവർത്തിക്കാനും, അനീതിക്കെതിരെ പോരാടാനും, ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ഉപകരണങ്ങളാകാനും തിരുഹൃദയ ഭക്തി നമ്മെ പ്രചോദിപ്പിക്കുന്നു.
ഇപ്രകാരം ജീവിതത്തിന്റെ അർത്ഥം ആധുനിക യുഗത്തിൽ കുറഞ്ഞുപോകുന്ന അവസരത്തിലാണ്, ഈ ഭക്തിയുടെ പ്രാധാന്യം ഓർമ്മപ്പെടുത്തിക്കൊണ്ട്, ഫ്രാൻസിസ് പാപ്പാ ദിലെക്സിത്ത് നോസ് എന്ന ചാക്രികലേഖനത്തിനു രൂപം നൽകുന്നത്. ലേഖനത്തിന്റെ 125 മുതൽ 128 വരെയുള്ള ഖണ്ഡികകളിൽ, തിരുഹൃദയ ഭക്തി ഈ കാലഘട്ടത്തിൽ ഈ ലോകത്തിനു പരിചയപ്പെടുത്തിയ, വിശുദ്ധ മാർഗരീത്ത മരിയ അലക്കോക്കിന്റെ തിരുഹൃദയ അനുഭവങ്ങൾക്ക് പ്രചാരണം നൽകിയ വിശുദ്ധ ക്ളോഡ് ദേ ല കൊളോംബിയറിനെയാണ് പരിചയപ്പെടുത്തുന്നത്. വിശുദ്ധന്റെ ജീവിതം എടുത്തുകാണിക്കുന്നത്, തിരുഹൃദയ ഭക്തിയുടെ സാക്ഷികളാകുവാനുള്ള നമ്മുടെ ദൗത്യത്തെ ഓർമ്മപ്പെടുത്തുന്നതിനാണ്.
വിശുദ്ധ മാർഗരീത്തക്ക് കർത്താവ് നൽകിയ തിരുഹൃദയ ദർശനങ്ങളെ കുറിച്ച് വിശുദ്ധ ക്ളോഡ് അറിഞ്ഞ ഉടൻ തന്നെ, ഈ ഭക്തിയുടെ പ്രചാരകൻ ആകുവാനുള്ള തന്റെ വിളിയെ തിരിച്ചറിയുന്നു. ദർശനങ്ങൾ, പൊതുവെ വ്യക്തിപരമാണെങ്കിലും, തിരുഹൃദയദർശനത്തിന്റെ പ്രാധാന്യം, ലോകം മുഴുവനും വേണ്ടി ഉള്ളതാണെന്ന വിശുദ്ധന്റെ തിരിച്ചറിവാണ്, തന്റെ ദൗത്യത്തെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത്. എന്നാൽ ദർശനങ്ങൾക്ക് വെറും വാക്മയ ചിത്രത്തിന്റെ മോടി നല്കുകയല്ല അദ്ദേഹം ചെയ്തത്, മറിച്ച് വിശുദ്ധ ഗ്രന്ഥത്തിന്റെ വെളിച്ചത്തിൽ, ദർശനങ്ങൾക്ക്, മനുഷ്യന് ഗ്രഹിക്കുവാൻ തക്കവണ്ണം, വ്യാഖ്യാനങ്ങളും നൽകി.
മരിയ അലക്കോക്കിന്റെ ദർശനങ്ങളിൽ, തന്റെ വ്യക്തിപരമായ ത്യാഗങ്ങളെയും, സമർപ്പണങ്ങളെയും കുറിച്ച് പരാമർശിക്കുന്നുവെങ്കിലും, അത് പലർക്കും വിശ്വാസത്തിലേക്കുള്ള വഴി തുറന്നുകൊടുത്തേക്കാമെങ്കിലും, യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ആഴമായ ധ്യാനങ്ങൾ, അതിന്റെ ആധികാരികതയിൽ, മനുഷ്യാനുഭവങ്ങളിലോ, മാനുഷിക ശ്രമങ്ങളിലോ മാത്രം തളച്ചിടപ്പെടുന്നില്ല, മറിച്ച് അവിടെ വിവരണങ്ങൾക്ക് അതീതമായ, ഒരു വിട്ടുകൊടുക്കൽ പ്രക്രിയയാണ് നടക്കുന്നത്. ഇത് നമ്മെ, സമാധാനത്തിന്റെയും, സുരക്ഷിതത്വത്തിന്റെയും, തീരുമാനങ്ങളുടെയും ജീവിതത്തിൽ ഉറപ്പിക്കുന്നുവെന്നാണ് വിശുദ്ധൻ പറയുന്നത്. ഇത് ഒരു പ്രാർത്ഥനയുടെ രൂപത്തിൽ അവതരിപ്പിക്കുന്നതും പാപ്പാ എടുത്തുപറയുന്നു.
"നിന്നിൽ പ്രത്യാശ വയ്ക്കുന്നവരെ നീ കാണണമെന്നും, നിന്നിൽ നിന്ന് പ്രതീക്ഷിക്കുമ്പോൾ അവർക്ക് ഒരു കുറവും ഉണ്ടാവുകയില്ലെന്നും ഞാൻ വിശ്വസിക്കുന്നു. അതിനാൽ, പരിഭവങ്ങളൊന്നും കൂടാതെ ഭാവിയിലേക്ക് ജീവിക്കാനും, എന്റെ എല്ലാ ഉത്കണ്ഠകളും വിട്ടുകൊടുക്കാനും ഞാൻ തീരുമാനിച്ചു. ഞാൻ ഒരിക്കലും എന്റെ പ്രതീക്ഷ കൈവിടുകയില്ല, എന്റെ ജീവിതത്തിന്റെ അവസാന നിമിഷം വരെ ഞാൻ അത് നിലനിർത്തും; എന്നാൽ നരകത്തിലെ എല്ലാ പിശാചുക്കളും ആ സമയത്ത് അത് എന്നിൽ നിന്ന് എടുത്തുകളയാൻ നിഷ്ഫലമായി പരിശ്രമിക്കും. എന്നെ സംബന്ധിച്ചിടത്തോളം, കർത്താവേ, എന്റെ എല്ലാ ആത്മവിശ്വാസവും അങ്ങയിൽ മാത്രമാണ്. ഈ ആത്മവിശ്വാസം ഒരിക്കലും ആരെയും വഞ്ചിച്ചിട്ടില്ല. അതുകൊണ്ട് ഞാൻ നിത്യ സന്തുഷ്ടനായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്." വിശുദ്ധ ക്ളോഡിന്റെ പ്രാർത്ഥനയിലെ ഈ വരികൾ, ഫ്രാൻസിസ് പാപ്പാ കുറിക്കുമ്പോൾ, ആത്മീയതയുടെ ആഴമേറിയ അനുഭവമാണ് നമ്മളുമായി പങ്കുവയ്ക്കുന്നത്.
യേശുവിന്റെ തിരുഹൃദയ ഭക്തി നമ്മുടെ ജീവിതങ്ങളിലും ആഴത്തിലുള്ള പരിവർത്തനം നടത്തുവാൻ ശക്തിയുള്ളതാണെന്നും, യേശുവിന്റെ തിരുഹൃദയത്തിൽ അഭയം തേടുകയും, പ്രത്യാശ വയ്ക്കുകയും ചെയ്യുന്നവർക്ക്, ജീവിതത്തിൽ ഒരിക്കലും നിരാശപ്പെടേണ്ടതായി വരികയുമില്ലെന്നും ഈ പ്രാർത്ഥന നമ്മെ ബോധ്യപ്പെടുത്തുന്നു.
എന്നാൽ ഈ തിരുഹൃദയ ഭക്തിയിൽ വളരുമ്പോൾ, നമ്മിൽ ഉണ്ടാകാവുന്ന പൈശാചിക പ്രലോഭനങ്ങളെയും നമുക്ക് ഒഴിവാക്കുക സാധ്യമല്ല. യേശുവിന്റെ തിരുഹൃദയഭക്തിയുടെ പ്രചാരം താൻ തിരഞ്ഞെടുത്ത ഒരു മാർഗ്ഗമല്ലെന്നും, മറിച്ച് അത് ദൈവം തന്നെ ഭരമേൽപിച്ച വലിയ ഒരു ദൗത്യമാണെന്നും വിശുദ്ധൻ കുറിച്ച വാക്കുകളും, പാപ്പാ എടുത്തു പറയുന്നുണ്ട്. ഒരു പക്ഷെ ഇന്നത്തെ ലോകത്തിൽ അത്ഭുതങ്ങളും, അടയാളങ്ങളും വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന അപകടകരമായ അവസ്ഥയെ എടുത്തു പറയുവാനും കൂടിയാണ് പാപ്പാ ഈ വിശുദ്ധന്റെ എളിമയാർന്ന വരികൾ പാപ്പാ കുറിച്ചത്.
കൊളോംബിയറിന്റെ ആത്മീയതയിൽ വിശുദ്ധ മാർഗരറ്റിന്റെ സമ്പന്നവും മനോഹരവുമായ ആത്മീയ അനുഭവവും ഇഗ്നേഷ്യൻ അഭ്യാസങ്ങളെക്കുറിച്ചുള്ള വളരെ മൂർത്തമായ ചിന്തയും തമ്മിൽ സമന്വയമുണ്ടെന്നതും പാപ്പാ ചൂണ്ടിക്കാണിക്കുന്നുണ്ട്. തിരുഹൃദയത്തിന്റെ ഭക്തിയിൽ, തന്റെ ആത്മീയതയുടെ ആഴത്തിൽ, അദ്ദേഹം കണ്ടെത്തിയ ചില തിരിച്ചറിവുകളും പാപ്പാ കുറിക്കുന്നുണ്ട്. തന്നെ അന്വേഷിക്കുന്നവർക്ക് സ്വയം വെളിപ്പെടുത്തിയ യേശുവിന്റെ മനോഭാവത്തെ വിശുദ്ധൻ എടുത്തുപറയുന്നു. പീഡാസഹങ്ങളുടെയും വേദനകളുടെയും നടുവിൽ ആയിരിക്കുമ്പോഴും യേശു തന്റെ ഹൃദയം ദൈവത്തിങ്കലേക്കു തിരിക്കുന്നതിനാൽ, പിതാവ് കൽപ്പിക്കുന്നവയെ സ്വീകരിക്കുവാൻ അവനു മടി തോന്നുന്നില്ല. ജീവിതത്തിൽ കഷ്ടപ്പാടുകളുടെയും, സങ്കടങ്ങളുടെയും വേലിയേറ്റത്തിൽ ഈ തിരുഹൃദയത്തിലേക്ക് നമ്മുടെ ഹൃദയങ്ങളെ നാം ചേർത്ത് വയ്ക്കണം.
രണ്ടാമത്തേത്, തന്നെ ഒറ്റിക്കൊടുക്കുന്ന യൂദാസിനോടും ഭീരുത്വത്തോടെ അവനെ ഉപേക്ഷിക്കുന്ന ശിഷ്യന്മാരോടും, മറ്റുള്ളവരോടും അവൻ പുലർത്തുന്ന ഹൃദയത്തിന്റെ ഭാവമാണ്. ഇത്രയൊക്കെ ക്രൂരതയും, ചതിയും കാണിച്ചിട്ടും, ഒന്നും മനസ്സിൽ വയ്ക്കാതെ അവരോട് ആർദ്രതയോടെ പെരുമാറുന്ന യേശുവിന്റെ തിരുഹൃദയം നമുക്ക് ഏറെ ആശ്വാസമാണ്.
ശത്രുക്കളോട് യഥാർഥ ആർദ്രത നിറഞ്ഞ, വെറുപ്പില്ലാത്ത, വിദ്വേഷമില്ലാത്ത ആ ഹൃദയത്തെ വിശുദ്ധൻ തന്നോട് തന്നെയുള്ള യേശുവിന്റെ ആർദ്രതയായി മനസിലാക്കുന്നു. ഒരുപക്ഷെ ഇന്നത്തെ ലോകത്തിൽ, നമ്മെ മനസിലാക്കുവാൻ പലരുടെയും അടുത്തേക്ക് യാത്രയാകുമ്പോൾ, യേശു തന്നെത്തന്നെ വെളിപ്പെടുത്തിക്കൊണ്ട്, നമ്മോട് പറയുന്നതും ഈ ആർദ്രതയുടെ മാധുര്യമാണ്.
ഈ ഖണ്ഡികകൾ, നമ്മുടെ ജീവിതത്തെ ആകമാനം ഒന്ന് പരിശോധിക്കുവാനും, യേശുവിന്റെ ഹൃദയത്തിൽ നമ്മുടെ ജീവിതത്തെ സമർപ്പിക്കുവാനുമുള്ള ക്ഷണമാണ്. വിശുദ്ധ കൊളംബിയറിനെ പോലെ, ഉപരിപ്ലവമായ ഒരു ബന്ധത്തേക്കാൾ, അഗാധമായ ഹൃദയങ്ങൾ തമ്മിലുള്ള ബന്ധത്തിലേക്കു, ഈ വാക്കുകൾ നമ്മെ ക്ഷണിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: