വാഴ്ത്തപ്പെട്ടവരായ ഫ്രസ്സാത്തിയും അക്കൂത്തിസും വിശുദ്ധരുടെ ഗണത്തിലേക്ക്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പീയെർ ജോർജോ ഫ്രസ്സാത്തി, കാർലൊ അക്കൂത്തിസ് എന്നീ വാഴ്ത്തപ്പെട്ടവർ സെപ്റ്റംബർ 7-ന്, ഞായറാഴ്ച വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നു.
അന്ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണമായിരിക്കും വിശുദ്ധപദപ്രഖ്യാപന തിരുക്കർമ്മവേദി.
പ്രാദേശികസമയം രാവിലെ പത്തുമണിക്ക് ലിയൊ പതിനാലാമൻ പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ സാഘോഷമായ സമൂഹദിവ്യബലി ആരംഭിക്കും. കർദ്ദിനാളന്മാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും സഹകാർമ്മികരായിരിക്കും.
ഇറ്റലിയിലെ ടൂറിൻ സ്വദേശിയായ അല്മായനും ഡൊമീനിക്കൻ മൂന്നാം സഭയിലെ അംഗവും ആയിരുന്നു സാമൂഹ്യനീതിക്കായി പോരാടിയ പീയെർ ജോർജൊ ഫ്രസ്സാത്തി. 1901 ഏപ്രിൽ 6-നു ജനിച്ച ഫ്രസ്സാത്തി 1925 ജൂലൈ 4-ന് മരണമടഞ്ഞു.
ആധുനിക സാങ്കേതികവിദ്യ ഉപാധിയാക്കി ദിവ്യകാരുണ്യ ഭക്തിയുടെ പ്രചാരകനായി മാറിയ ബാലനാണ് വാഴ്ത്തപ്പെട്ട കാർലൊ അക്കൂത്തിസ്. ലണ്ടനിൽ ജനിച്ച ഇറ്റാലിയൻ വംശജനായ അക്കൂത്തിസിൻറെ കുടുംബം ഇറ്റലിയിലെ മിലാനിലേക്കു താമസം മാറ്റുകയും ബാലൻ അവിടെ വളരുകയും ചെയ്തു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ചരിത്രം കണ്ണിചേര്‍ത്ത ‘വെബ് സൈറ്റ്’ നിർമ്മിച്ചുകൊണ്ട് ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കുന്നതിന് പരിശ്രമിച്ച കാർലൊ അക്കൂത്തിസിൻറെ ജനനം 1991 മെയ് 3-നായിരുന്നു. ലൂക്കേമിയ അല്ലെങ്കില്‍ രക്താര്‍ബുദം പടിപെട്ട് കിടപ്പിലായി 15-Ɔο വയസ്സില്‍ 2006 ഒക്ടോബർ 12-ന് അക്കൂത്തിസ് മരണമടഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: