MAP

സൗഖ്യമേകുന്ന ക്രിസ്തു സൗഖ്യമേകുന്ന ക്രിസ്തു 

ക്രിസ്തുവിനെ ദർശിക്കാനും അനുഗമിക്കാനുമുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുക

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ ഏലിയാ-സ്ലീവ-മൂശക്കാലം ഒന്നാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം. സുവിശേഷഭാഗം: ലൂക്ക 18 35-43
ശബ്ദരേഖ - ക്രിസ്തുവിനെ ദർശിക്കാനും അനുഗമിക്കാനുമുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുക

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സമാന്തരസുവിശേഷങ്ങൾ മൂന്നും കുറച്ച് വ്യത്യാസങ്ങളോടെ അവതരിപ്പിക്കുന്ന മനോഹരമായ ഒരു വചനഭാഗമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപതാം അദ്ധ്യായം ഇരുപത്തിയൊൻപത് മുതൽ മുപ്പത്തിനാല് വരെയും, വിശുദ്ധ മർക്കോസിന്റെ സുവിശേഷം പത്താം അദ്ധ്യായം നാൽപ്പത്തിയാറ് മുതൽ അൻപത്തിരണ്ട്‌ വരെയും വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനെട്ടാം അദ്ധ്യായം മുപ്പത്തിയഞ്ച് മുതൽ നാൽപ്പത്തിമൂന്ന് വരെയുമുള്ള തിരുവചനങ്ങളിൽ ഈ സംഭവം നാം കാണുന്നുണ്ട്. വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിൽനിന്നാണ് വിശുദ്ധ മത്തായിയും വിശുദ്ധ ലൂക്കായും ഈ സംഭവം പകർത്തിയെടുക്കുന്നതെന്നാണ് ബൈബിൾ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്. അന്ധനായ ഒരു യാചകന് യേശു കാഴ്ച കൊടുക്കുന്ന സംഭവമാണ് നാം ഇവിടെ വായിക്കുന്നത്. വിശുദ്ധ മർക്കോസ് അവന്റെ പേര് ബർതിമേയൂസ് എന്നാണെന്ന് വ്യക്തമായി പറയുന്നുണ്ട്. മത്തായിയാകട്ടെ രണ്ട് അന്ധൻമാർക്കാണ് യേശു കാഴ്ച നൽകുന്നത് എന്നാണ് തന്റെ സുവിശേഷത്തിൽ എഴുതിവയ്ക്കുക.

സമീപത്തുകൂടി കടന്നുപോകുന്ന യേശു

ജെറീക്കോയ്ക്ക് സമീപത്തുവച്ചാണ് അന്ധനായ ഈ മനുഷ്യനെ സുഖപ്പെടുത്തുന്ന സംഭവം നടക്കുന്നത്. വഴിയരികിൽ ഇരുന്ന് ഭിക്ഷ യാചിക്കുന്ന ഒരു കുരുടനായ മനുഷ്യൻ. ആ വഴിയിലൂടെ ഒരു ജനക്കൂട്ടം കടന്നുപോകുന്നുവെന്ന് മനസ്സിലാക്കിയ അവന് അതാരാണെന്ന് അറിയാൻ ആഗ്രഹമുണ്ടാകുന്നു. അത് യേശുവും അവന്റെ കൂടെയുള്ള ജനവുമാണെന്നറിയുമ്പോൾ, "ദാവീദിന്റെ പുത്രനായ യേശുവേ, എന്നിൽ കനിയണമേ!" (ലൂക്ക 18, 38; മത്തായി 20, 30; മർക്കോസ് 10, 47) എന്ന് ഉച്ചത്തിൽ അവൻ വിളിച്ചപേക്ഷിക്കുന്നു

പ്രാർത്ഥനയും പ്രതിബന്ധങ്ങളും

ദൈവപുത്രനായ ക്രിസ്‌തു ആരാണ് എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഒരു പ്രയോഗമാണ് അന്ധനായ യാചകൻ സകല ജനത്തിനും മുന്നിൽ വിളിച്ചുപറയുന്നത് "ദാവീദിന്റെ പുത്രൻ". വിശുദ്ധ ലൂക്കയുടെ സുവിശേഷം ഒന്നാം അദ്ധ്യായത്തിൽ നാം കാണുന്ന സഖറിയയുടെ പ്രവചനാഗീതത്തിൽ, പരിശുദ്ധാത്മാവിനാൽ നിറയുന്ന സഖറിയാ, തന്റെ ജനത്തെ സന്ദർശിച്ച് രക്ഷിക്കുന്ന ഇസ്രയേലിന്റെ ദൈവമായ കർത്താവിനെക്കുറിച്ച് പ്രവചിക്കുന്നുണ്ട് (ലൂക്ക 1, 69), വിശുദ്ധ ലൂക്കയുടെ തന്നെ സുവിശേഷം രണ്ടാം അദ്ധ്യായത്തിൽ ആട്ടിടയന്മാർക്ക് കർത്താവിന്റെ ദൂതൻ പ്രത്യക്ഷപ്പെട്ട് സകല ജനത്തിനും വേണ്ടിയുള്ള സദ്വാർത്ത പറയുന്ന അവസരത്തിൽ ഇതിനോട് ചേർന്ന് പോകുന്ന ഒരു ചിന്ത നമ്മൾ കാണുന്നുണ്ട്. "ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു (ലൂക്കാ 2,11). ഇവിടെയിതാ ജെറുസലേമിലേക്കുള്ള യാത്രയടുക്കുന്ന സമയമെടുക്കുന്ന സമയത്ത്, അന്ധനായ ഒരു മനുഷ്യനിലൂടെ യേശു ദാവീദിന്റെ പുത്രനാണെന്ന, അവൻ വരുവാണിരുന്ന രക്ഷകനാണെന്ന ഒരു സാക്ഷ്യമാണ് വചനം നമുക്ക് മുന്നിൽ വയ്ക്കുന്നത്.

തന്റെ അടുത്തേയ്ക്ക് വരുന്ന അന്ധയാചകനോട് യേശു ചോദിക്കുന്നു, " ഞാൻ നിനക്കുവേണ്ടി എന്ത് ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്?" (ലൂക്ക 18, 41). ക്രിസ്തുവിൽ ദാവീദിന്റെ പുത്രനെ ഏറ്റുപറയുന്ന അന്ധയാചകൻ അവനോട് മറുപടി പറയുന്നു, "കർത്താവേ എനിക്ക് കാഴ്ച ലഭിക്കണം" (ലൂക്ക 18,41). ഭിക്ഷ യാചിച്ചുകൊണ്ട് വഴിയരികിലിരുന്ന അന്ധയാചകൻ, ഇതാ തനിക്കരികിലൂടെ കടന്നുപോകുന്ന യേശുവിന്റെ കനിവ്, കരുണ തേടുന്നു, അവൻ കാണാനുള്ള കൃപയ്ക്കായി അപേക്ഷിക്കുന്നു, തന്റെ അന്ധതയിൽനിന്ന് രക്ഷ നേടുന്നു. നിശ്ശബ്ദനായിരിക്കാൻ അവനോട് പറഞ്ഞ് അവനെ ശകാരിച്ച മനുഷ്യരുടെ മുന്നിലാണ് അവൻ തന്റെ യാചനയിൽ ഉറച്ചുനിന്നതും, താൻ ആഗ്രഹിച്ചത് നെടുവോളം, ദൈവപുത്രനായ ക്രിസ്തുവിനെ കാണാനുള്ള കഴിവ് ലഭിക്കുവോളം നിലവിളിച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്നത്. അങ്ങനെ അടുത്തുകൂടി കടന്നുപോകുന്ന ദൈവത്തെ അന്വേഷിച്ചറിഞ്ഞ്, മറ്റുള്ളവരുടെ എതിർപ്പുകൾക്ക് മുന്നിലും, ക്രിസ്തുവിന്റെ കരുണയ്ക്കായി നിലവിളിച്ച്, അവനിലൂടെ അനുഗ്രഹം സ്വന്തമാക്കുന്ന, കാഴ്ച നേടുന്ന, അന്ധകാരത്തിന്റെ ലോകത്തുനിന്ന് പ്രകാശത്തിന്റെ ലോകത്തേക്ക് കടന്നുവരുന്ന, മിശിഹായെ കാണാനായി കണ്ണ് തുറന്നുകിട്ടുന്ന, അവന്റെ പിന്നാലെ പോകുന്ന അന്ധയാചകനാണ് നമുക്ക് മുന്നിൽ ഇന്നുള്ളത്.

അന്ധയാചകനും ശിഷ്യന്മാരും

അന്ധനായ മനുഷ്യൻ ക്രിസ്തുവിന്റെ ഇടപെടലിലൂടെ കാഴ്ച നേടുന്നതും, അവനെ അനുഗമിക്കുന്നതും പ്രതീകാത്മകമായ ഒരു സംഭവമായാണ് കരുതപ്പെടുന്നത്. ക്രിസ്തുവിന്റെ കൂടെ ആയിരുന്നിട്ടും അവനെ തിരിച്ചറിയാനും, അവന്റെ സഹനത്തിന്റെ അർത്ഥവും വിലയും തിരിച്ചറിയാനും കഴിവില്ലാതിരുന്ന, കാഴ്ചയില്ലാതിരുന്ന, അവന്റെ സഹനത്തിൽ കൂടെ നിൽക്കാൻ കരുത്തില്ലാതിരുന്ന ശിഷ്യന്മാർക്ക്, ക്രിസ്തുവിന്റെ പുനരുത്ഥാനശേഷം സംഭവിക്കാനിരിക്കുന്ന മാറ്റത്തിന്റെ ഒരു ചിത്രമാണ് ഇവിടെ നാം കാണുക. മറ്റുള്ളവരുടെ ശകാരങ്ങൾക്കും, കളിയാക്കലുകൾക്കും, അവർ നേരിടേണ്ടിവരുന്ന എതിർപ്പുകൾക്കും മുന്നിൽ ഗുരുവിൽനിന്ന് അകന്ന് ഓടിപ്പോയ ശിഷ്യന്മാർക്കൊക്കെ അവന്റെ ഉയിർപ്പിന് ശേഷം , ഉത്ഥിതനായ ക്രിസ്തുവിനോട് ചേർന്ന് നിൽക്കാൻ, അവനുവേണ്ടി സഞ്ചരിക്കാൻ, അവനുവേണ്ടി സാക്ഷ്യമായി ജീവിതം നൽകാൻ സാധിക്കുന്നത് നമ്മൾ കാണുന്നുണ്ട്.

അന്ധയാചകനും ക്രൈസ്തവവിശ്വാസികളും

തനിക്കരികിലൂടെ കടന്നുപോകുന്ന ജനക്കൂട്ടത്തെക്കുറിച്ചും, യേശുവിനെക്കുറിച്ചും അന്ധനായ ആ മനുഷ്യനുണ്ടായിരുന്ന ജിജ്ഞാസയും, ദാവീദിന്റെ പുത്രനായി, രക്ഷകനായി യേശുവിനെ തിരിച്ചറിഞ്ഞ് അവന്റെ സഹായം അപേക്ഷിക്കാനും, മറ്റുള്ളവർ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ശകാരിക്കുകയും ചെയ്യുമ്പോഴും, ദൈവത്തെ കാണാൻ തക്കവിധം തന്റെ കണ്ണുകൾ തുറക്കപ്പെടാൻ വേണ്ടി അവൻ നടത്തുന്ന കഠിന പരിശ്രമവുമൊക്കെ ഇന്ന് നാം കാണുമ്പോൾ, ഈ തിരുവചനം നമ്മോട് പറയുന്ന ചില പ്രധാന ചിന്തകളുണ്ട്. ഇരുട്ടിന്റെയും പാപത്തിന്റെയും അജ്ഞതയുടെയും അന്ധതയിൽ തുടരാനല്ല, വെളിച്ചത്തിലേക്ക് വരാനാണ്, ക്രിസ്തുവിനരികിലേക്ക് വരാനും, അവനോട് ചേർന്ന്, അവന്റെ പിന്നാലെ സഞ്ചരിക്കാനുമായാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. നമ്മുടെ വിശ്വാസജീവിതത്തിലും ഈ പടവുകൾ നാം ചവിട്ടിക്കയറേണ്ടതുണ്ട്. പ്രാർത്ഥനയിലാകട്ടെ, വിശുദ്ധ കുർബാനയർപ്പണത്തിലാകട്ടെ, വിശ്വാസജീവിതത്തിലാകട്ടെ, വഴിയരികുകളിലേക്ക് ഒതുങ്ങാൻ, ക്രിസ്തുവിൽനിന്ന് ഒരൽപം അകന്നു നടക്കാനുള്ള പ്രലോഭനം നമ്മുടെയൊക്കെ ജീവിതങ്ങളിലുണ്ട്. എന്നാൽ എന്ന് ഈ അന്ധയാചകനെപ്പോലെ, സ്വരമുയർത്തി കർത്താവിനെ, ദാവീദിന്റെ പുത്രനായ ക്രിസ്തുവിനെ വിളിച്ചപേക്ഷിക്കാൻ നാം തയ്യാറാകുന്നോ അന്നേ നമ്മുടെയൊക്കെ വിശ്വാസത്തിന്റെ കണ്ണുകൾ തുറന്ന്, ജീവിതത്തെക്കുറിച്ചും നമ്മെക്കുറിച്ചുമുളള ദൈവികമായ പദ്ധതികളെ തിരിച്ചറിയാനും, ദൈവികമാർഗ്ഗത്തിലൂടെ സഞ്ചരിക്കാനുമുള്ള കരുത്തും മനോധൈര്യം ആഗ്രഹവും നമ്മിലേക്ക് കടന്നുവരൂ എന്ന് നമുക്ക് തിരിച്ചറിയാം. വേണ്ട അനുഗ്രഹങ്ങൾ ലഭിച്ചുകഴിയുമ്പോൾ, ദൈവത്തെ മറന്നുകളയുന്നതിനുള്ള ഒരു പ്രലോഭനവും നമുക്കിടയിൽ പലപ്പോഴും കാണാറുണ്ട്. എല്ലാം നന്നായി പോകുമ്പോൾ, ആവശ്യത്തിന് ആരോഗ്യവും, മനഃസമാധാനവും, സമ്പത്തും, സുഹൃത്തുക്കളും ഒക്കെ ആയിക്കഴിയുമ്പോൾ, ഇനി ദൈവത്തിന്റെ ആവശ്യമില്ലെന്ന ഒരു ചിന്ത ചിലപ്പോഴെങ്കിലും നമ്മിലേക്കൊക്കെ കടന്നുവരാറില്ലേ? എന്നാൽ, താൻ ആഗ്രഹിച്ചത് നേടിയപ്പോൾ, പ്രകാശത്തിന്റെ, സന്തോഷത്തിന്റെ ലോകത്തിലേക്ക് കടന്നുവരാൻ തനിക്ക് സാധിച്ചപ്പോൾ, യഥാർത്ഥ പ്രകാശവും സന്തോഷവുമായ ക്രിസ്തുവിന്റെ പിന്നാലെ സഞ്ചരിക്കാൻ അന്ധനായ യാചകൻ കാണിച്ച വിവേകവും വിധേയത്വമനോഭാവവും സ്വന്തമാക്കാൻ നമുക്കും പരിശ്രമിക്കാം.

ഇസ്രായേൽ ജനത്തിന് വിമോചനം നൽകിയ, തന്റെ ചട്ടങ്ങളും കൽപ്പനകളും അനുസരിച്ച് ജീവിക്കാൻ നമ്മോട് ആവശ്യപ്പെടുന്ന, കർത്താവിനോട് ചേർന്ന് നിൽക്കാൻ (നിയമാവർത്തനം 6, 20-25), പാപത്തിന്റെയും അന്ധകാരത്തിന്റെയും വഴികൾ ഉപേക്ഷിച്ച് വിശ്വാസത്തിന്റെയും വിശ്വസ്തതയുടെയും വഴിയിലേക്ക്, ദൈവത്തിലേക്ക് തിരികെപ്പോകാൻ (ഏശയ്യാ 31, 4-9) നമുക്കും പരിശ്രമിക്കാം. വിശുദ്ധ പൗലോസ് തെസ്സലോനിക്കയിലെ സഭയെ ഓർമ്മിപ്പിക്കുന്നതുപോലെ, സഹനങ്ങളുടെയും പീഡനങ്ങളുടെയും ദുരിതങ്ങളുടെയും അവസ്ഥയിലായിരിക്കുമ്പോഴും, ദൈവരാജ്യത്തെപ്രതിയുള്ള പ്രതീക്ഷകളോടെ, ക്രിസ്തുവിലുള്ള പ്രത്യാശയോടെയും വിശ്വാസത്തോടെയും (2 തെസ. 1, 3-10) മുന്നോട്ടു പോകാം. കർത്താവ് നമ്മിൽ കരുണയാകട്ടെ, അവൻ നമ്മുടെ വിശ്വാസത്തിന്റെ കണ്ണുകൾ തുറക്കട്ടെ. ഈ ലോകത്തിലെ നമ്മുടെ വിശ്വാസതീർത്ഥയാത്രയിൽ പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥ്യം നമുക്ക് എന്നും തുണയാകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 സെപ്റ്റംബർ 2025, 13:16