സംഘർഷങ്ങൾ നിലനിൽക്കുന്ന ഇടങ്ങളിൽ മതങ്ങൾ സമാധാനം പ്രോത്സാഹിപ്പിക്കണം: കർദ്ദിനാൾ സൂപ്പി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്നതും പുതുതായി ഉയർന്നുവരുന്നതുമായ സംഘർഷങ്ങളും ധ്രുവീകരണചിന്തകളും ആശങ്കയുണർത്തുന്നതാണെന്നും, മതങ്ങൾ ലോകത്ത് സമാധാനം പ്രോത്സാഹിപ്പിക്കണമെന്നും ഇറ്റാലിയൻ മെത്രാൻസമിതിയുടെ പ്രസിഡന്റ് കർദ്ദിനാൾ മത്തെയോ സൂപ്പി. സെപ്റ്റംബർ മൂന്ന് ബുധനാഴ്ച ഇറ്റാലിയൻ ടെലിവിഷൻ ചാനലായ റ്റിവി 2000-ത്തിന്റെ വാർത്താപ്രോഗ്രാമായ റ്റിജി 2000-ൽ, ലോകസമാധാനത്തിന് ഭീഷണിയുയർത്തിക്കൊണ്ട് മദ്ധ്യപൂർവ്വദേശങ്ങൾ മുതൽ ഉക്രൈൻ വരെയുള്ള ഇടങ്ങളിൽ തുടരുന്ന സംഘർഷങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.
നിലവിലെ സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ പൊതുവായതും ഏവർക്കും സ്വീകാര്യവുമായ സംവിധാനങ്ങളില്ലെങ്കിൽ, ബലപ്രയോഗത്തിന്റേതായ യുക്തി മാത്രമാണ് ഏക പോംവഴിയെന്ന് കരുതുന്ന ഒരു മനോഭാവമാണ് നമ്മുടെ സമൂഹത്തിൽ ഉയർന്നുവരുന്നതെന്ന് കർദ്ദിനാൾ സൂപ്പി ഓർമ്മിപ്പിച്ചു. ദുർബലരായവർ മറ്റുള്ളവരെക്കാൾ ശക്തരാകാനുള്ള ശ്രമമാണ് പലയിടങ്ങളിലും നടത്തുന്നതെന്നും, അതിനായി ആയുധങ്ങൾ ശേഖരിക്കാനും എതിർ നിലപാടുകൾ ഏറ്റെടുക്കാനുമാണ് അവർ പരിശ്രമിക്കുന്നതെന്നും അദ്ദേഹം അപലപിച്ചു.
വിദ്വേഷം ഇല്ലാതാക്കാനാണ് നാമെല്ലാവരും ശ്രമിക്കേണ്ടതെന്ന് റ്റിവി 2000-ത്തിലൂടെ ഓർമ്മിപ്പിച്ച ഇറ്റാലിയൻ മെത്രാൻസമിതിയുടെ അദ്ധ്യക്ഷൻ, പരസ്പര ബഹുമാനത്തിലൂടെയും, മറ്റുള്ളവരെക്കുറിച്ച് കൂടുതലായി അറിവ് നേടിയും, പരസ്പര സഹകരണത്തിലൂടെയുമാണ് ഇത് യാഥാർത്ഥ്യമാക്കേണ്ടതെന്ന് വിശദീകരിച്ചു.
മതങ്ങൾ അക്രമങ്ങളെയും യുദ്ധങ്ങളെയും ന്യായീകരിക്കാൻ ഏതെങ്കിലും വിധത്തിൽ ശ്രമിക്കുന്നുണ്ടെങ്കിൽ അത്തരം ഇടപെടലുകളെ തടയേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും കർദ്ദിനാൾ സൂപ്പി ഓർമ്മിപ്പിച്ചു. മതങ്ങൾ സമാധാനസ്ഥാപനത്തിനായി ശ്രമിക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം, ഇന്നത്തെ സമൂഹത്തിൽ ഇത് ഏറെ പ്രധാനപ്പെട്ടതാണെന്ന് എടുത്തുപറഞ്ഞു.
ഉക്രൈനിലും ഗാസാ പ്രദേശങ്ങളിലും ശക്തമായി തുടരുന്ന ആക്രമണങ്ങളുടെയും, അതിന്റെ ഇരകളായി നിരവധിയാളുകൾക്ക് ജീവൻ നഷ്ടപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്യുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ്, സമാധാനത്തിനായി ശ്രമിക്കേണ്ടതിന്റെയും ബലപ്രയോഗത്തിന്റെ യുക്തി ഉപേക്ഷിക്കേണ്ടതിന്റെയും ആവശ്യകതയിലേക്ക് കർദ്ദിനാൾ സൂപ്പി വിരൽചൂണ്ടിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: