MAP

ഫ്രാൻസിസ് പാപ്പാ സീറോ മലബാർ സഭാ സ്ഥിരം സിനഡിനെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ സീറോ മലബാർ സഭാ സ്ഥിരം സിനഡിനെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ - ഫയൽ ചിത്രം  (VATICAN MEDIA Divisione Foto)

സുപ്രധാന തീരുമാനങ്ങളുമായി സീറോ മലബാർ സഭയുടെ സിനഡ്

ഫരീദാബാദ്, കല്യാൺ, ഷംഷാബാദ്, ഉജ്ജയിൻ എന്നീ രൂപതകളെ അതിരൂപതകളാക്കി ഉയർത്തി. ഫരീദാബാദ്, ഷംഷാബാദ്, ഉജ്ജയിൻ എന്നീ രൂപതാദ്ധ്യക്ഷൻമാരെ മെത്രാപ്പോലീത്താമാരായി ഉയർത്തി. കല്യാൺ അതിരൂപതയ്ക്ക് പുതിയ മെത്രാപ്പോലീത്ത, അദിലാബാദ്, ബെൽത്തങ്ങാടി രൂപതകൾക്ക് പുതിയ മെത്രാന്മാർ. ഹൊസൂർ രൂപത ഇനി മുതൽ തൃശൂർ അതിരൂപതയ്ക്ക് കീഴിൽ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

നാല് രൂപതകളെ അതിരൂപതകളാക്കി ഉയർത്തിയും അവയ്ക്ക് മെത്രാപ്പോലീത്താമാരെ നിയമിച്ചും സീറോ മലബാർ സഭയുടെ സിനഡ്. കല്യാൺ അതിരൂപതയ്ക്കും അദിലാബാദ്, ബെൽത്തങ്ങാടി രൂപതകൾക്കും പുതിയ മേലദ്ധ്യക്ഷന്മാർ. ഹൊസൂർ രൂപത ഇനിമുതൽ തൃശൂർ അതിരൂപതയ്ക്ക് കീഴിൽ.

ഫരീദാബാദ് അതിരൂപത

സീറോമലബാർ ശ്രേഷ്ഠഅതിരൂപതയുടെ സിനഡിന്റെ അനുവാദത്തോടും, പരിശുദ്ധ സിംഹാസനവുമായുള്ള കൂടിയാലോചനയ്ക്ക് ശേഷവും ഫരീദാബാദ് രൂപതയെ, മെട്രോപൊളീറ്റൻ അതിരൂപതയായി സീറോമലബാർ എർണാകുളം-അങ്കമാലി ശ്രേഷ്ഠമെത്രാപ്പോലീത്ത അഭി. മാർ റാഫേൽ തട്ടിൽ ഉയർത്തി. ബിജ്നോർ, ഗോരഖ്പൂർ രൂപതകൾ ഇനി മുതൽ ഫരീദാബാദ് അതിരൂപതയ്ക്ക് കീഴിലായിരിക്കും.

നാളിതുവരെ ഫരീദാബാദ് രൂപതാദ്ധ്യക്ഷനായിരുന്ന ആർച്ച്ബിഷപ് മാർ കുരിയാക്കോസ് ഭരണികുളങ്ങരയെ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി സിനഡ് തിരഞ്ഞെടുത്തു.

കല്യാൺ അതിരൂപത, പുതിയ മെത്രാപ്പോലീത്ത

സീറോമലബാർ ശ്രേഷ്ഠഅതിരൂപതയുടെ സിനഡിന്റെ അനുവാദത്തോടും, പരിശുദ്ധ സിംഹാസനവുമായുള്ള കൂടിയാലോചനയ്ക്ക് ശേഷവും കല്യാൺ രൂപതയെ, മെട്രോപൊളീറ്റൻ അതിരൂപതയായി സീറോമലബാർ എർണാകുളം-അങ്കമാലി ശ്രേഷ്ഠമെത്രാപ്പോലീത്ത അഭി. മാർ റാഫേൽ തട്ടിൽ ഉയർത്തി. ചാന്ദാ, രാജ്കോട്ട് രൂപതകൾ ഇനി മുതൽ കല്യാൺ  അതിരൂപതയ്ക്ക് കീഴിലായിരിക്കും.

നാളിതുവരെ ശ്രേഷ്ഠഅതിരൂപതാകൂരിയ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിനെ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി സിനഡ് തിരഞ്ഞെടുത്തു.

നാളിതുവരെ കല്യാൺ രൂപതയുടെ മെത്രാനായിരുന്ന മാർ തോമസ് ഇലവനാലിന്റെ രാജിക്കത്ത് മെത്രാന്മാരുടെ സിനഡിന്റെ അനുവാദത്തോടെ സീറോമലബാർ എർണാകുളം-അങ്കമാലി ശ്രേഷ്ഠമെത്രാപ്പോലീത്ത അഭി. മാർ റാഫേൽ തട്ടിൽ സ്വീകരിച്ചിരുന്നു.

ഷംഷാബാദ് അതിരൂപത

സീറോമലബാർ ശ്രേഷ്ഠഅതിരൂപതയുടെ സിനഡിന്റെ അനുവാദത്തോടും, പരിശുദ്ധ സിംഹാസനവുമായുള്ള കൂടിയാലോചനയ്ക്ക് ശേഷവും ഷംഷാബാദ് രൂപതയെ, മെട്രോപൊളീറ്റൻ അതിരൂപതയായി സീറോമലബാർ എർണാകുളം-അങ്കമാലി ശ്രേഷ്ഠമെത്രാപ്പോലീത്ത അഭി. മാർ റാഫേൽ തട്ടിൽ ഉയർത്തി. അദിലാബാദ് രൂപത ഇനി മുതൽ ഷംഷാബാദ് അതിരൂപതയ്ക്ക് കീഴിലായിരിക്കും.

നാളിതുവരെ ഷംഷാബാദ് രൂപതാ മെത്രാനായിരുന്ന മാർ പ്രിൻസ് ആന്റണി പാണേങ്ങാടനെ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി സിനഡ് തിരഞ്ഞെടുത്തു.

ഉജ്ജയിൻ അതിരൂപത

സീറോമലബാർ ശ്രേഷ്ഠഅതിരൂപതയുടെ സിനഡിന്റെ അനുവാദത്തോടും, പരിശുദ്ധ സിംഹാസനവുമായുള്ള കൂടിയാലോചനയ്ക്ക് ശേഷവും ഉജ്ജയിൻ രൂപതയെ, മെട്രോപൊളീറ്റൻ അതിരൂപതയായി സീറോമലബാർ എർണാകുളം-അങ്കമാലി ശ്രേഷ്ഠമെത്രാപ്പോലീത്ത അഭി. മാർ റാഫേൽ തട്ടിൽ ഉയർത്തി. ഇനി മുതൽ ജഗ്ദൽപൂർ, സാഗർ, സാത്ന രൂപതകൾ ഈ അതിരൂപതയ്ക്ക് കീഴിലായിരിക്കും. നാളിതുവരെ ഉജ്ജയിൻ രൂപതാ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വടക്കേൽ MST-യെ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി സിനഡ് തിരഞ്ഞെടുത്തു.

അദിലാബാദ് രൂപതയ്ക്ക് പുതിയ മെത്രാൻ

സീറോമലബാർ ശ്രേഷ്ഠഅതിരൂപതയുടെ മെത്രാൻ സിനഡ്, മുൻകൂറായി പരിശുദ്ധ പിതാവിന്റെ സമ്മതം നേടിയ ശേഷം, അദിലാബാദ് രൂപതയുടെ മെത്രാനായി CMI വൈദികനായ അഭി. ജോസഫ് തച്ചാപറമ്പത്തിനെ തിരഞ്ഞെടുത്തു. 1969 ഫെബ്രുവരി 24-ന് നാലുമുക്ക് എന്നയിടത്ത് ജനിച്ച അദ്ദേഹം, പഠനശേഷം 1985-ലാണ് CMI സഭയിൽ ചേർന്നത്. ദർശന ഫിലോസഫി ഇൻസ്റ്റിട്യൂട്ടിലും ധർമ്മാരാം കോളേജിലുമായി തത്വ, ദൈവ ശാസ്ത്രപഠനങ്ങൾ പൂർത്തിയാക്കിയ അദ്ദേഹം 1997 ജനുവരി 4-നാണ് പുരോഹിതനായി അഭിഷിക്തനായത്.

ചാന്ദാ രൂപതയുടെ കീഴിൽ രണ്ട് ഇടവകകളിൽ ശുശ്രൂഷ ചെയ്തിട്ടുള്ള അദ്ദേഹം, മാർ തോമാ പ്രൊവിൻസിൽ അഡ്മിനിസ്ട്രേറ്റീവ് മാനേജരായും (2002-2005, 2008-2011, 2014-2017) വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദിലാബാദ് രൂപതയുടെ മുൻ പ്രൊക്കുറേറ്ററായിരുന്ന (2005-2008, 2017-2023) അദ്ദേഹം 2023 മുതൽ  മാർ തോമാ പ്രൊവിൻസിന്റെ സുപ്പീരിയറായി ശുശ്രൂഷ ചെയ്തുവരവെയാണ് മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ബെൽത്തങ്ങാടി രൂപതയ്ക്ക് പുതിയ മെത്രാൻ

നാളിതുവരെ ബെൽത്തങ്ങാടി രൂപതാമെത്രാനായിരുന്ന മാർ ലോറൻസ് മുക്കുഴിയുടെ രാജിക്കത്ത് സ്വീകരിച്ച സീറോമലബാർ ശ്രേഷ്ഠഅതിരൂപതയുടെ മെത്രാൻ സിനഡ്, മുൻകൂറായി പരിശുദ്ധ പിതാവിന്റെ സമ്മതം നേടിയ ശേഷം, രൂപതയുടെ പുതിയ മെത്രാനായി ക്ലരീഷ്യൻ സഭാ വൈദികനായ ഫാ. ജെയിംസ് പട്ടേരിൽ CMF-നെ നിയമിച്ചു.

1962 ജൂലൈ 27-ന് മാംഗ്ലൂരിൽ ജനിച്ച ഫാ. ജെയിംസ്, പഠനശേഷം, ക്ലരീഷ്യൻ സഭയിൽ 1988-ൽ നിത്യവ്രതവാഗ്ദാനം നടത്തി ചേർന്നു. ബാംഗ്ളൂരിലെ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇന്സ്ടിട്യൂട്ടിൽ തത്വ-ദൈവശാസ്ത്രപഠനങ്ങൾ നടത്തിയ അദ്ദേഹം 1990 ഏപ്രിൽ 26-ന് വൈദികനായി അഭിഷിക്തനായി. ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് ബി.എ. ബിരുദവും നേടിയിട്ടുണ്ട്. ജർമനിയിലെ ഫ്രീഡ്ബെർഗിലുള്ള പാസ്റ്റൊറൽ തെയൊളോഗിഷെസ് ഇന്സ്ടിട്യൂട്ടിൽനിന്ന് (Pastoraltheologisches Institut) അജപാലനദൈവശാസ്ത്രത്തിൽ ഉപരിപഠനം നടത്തിയിട്ടുണ്ട്.

ബെൽത്തങ്ങാടിയിലെ ഉദാൻ, ഷിറാദി എന്നിവിടങ്ങളിൽ അസി. വികാരിയായും, കുറവിലങ്ങാടുള്ള ക്ലാരറ്റ് ഭവൻ റെക്ടറായും, ഫ്രാങ്ക്ഫോർട്ടിലുള്ള ക്ലരീഷ്യൻ സമൂഹത്തിന്റെ പ്രൊക്യൂറേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വ്യൂർസ്ബുർഗിലുള്ള (Würzburg) ക്ലരീഷ്യൻ സഭാ പ്രൊവിൻസിന്റെ പ്രൊക്യൂറേറ്റർ, അവിടുത്തെ സുയി യൂറീസ് സഭയുടെ അജപാലനചുമതല വഹിക്കുന്നയാൾ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചുവരികെയാണ് ബെൽത്തങ്ങാടി രൂപതയുടെ പുതിയ മെത്രാനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.

ഹൊസൂർ രൂപത തൃശൂർ അതിരൂപതയ്ക്ക് കീഴിൽ

മെത്രാന്മാരുടെ സിനഡിന്റെ അനുവാദത്തോടെയും, പരിശുദ്ധ സിംഹാസനവുമായി കൂടിയാലോചന നടത്തിയതിനും ശേഷം, സീറോമലബാർ എർണാകുളം-അങ്കമാലി ശ്രേഷ്ഠമെത്രാപ്പോലീത്ത അഭി. മാർ റാഫേൽ തട്ടിൽ, കർണ്ണാടകയിലുള്ള ഹൊസൂർ രൂപതയെ തൃശൂർ അതിരൂപതയ്ക്ക് കീഴിലാക്കിയതായും സിനഡ് അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ഓഗസ്റ്റ് 2025, 12:46