ദൈവത്തോടൊത്തു ജീവിക്കുവാൻ സാധിക്കുന്നതിലാണ് ഓരോ ക്രിസ്ത്യാനിയും അഭിമാനം കൊള്ളേണ്ടത്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
നമ്മുടെ കര്‍ത്താവിന്റെ പന്ത്രണ്ടു ശ്ളീഹന്‍മാരെ അനുസ്മരിച്ചുകൊണ്ടാണ് ഈ കാലം ആരംഭിക്കുന്നത്. സാധാരണമായി ഏഴ് ആഴ്ചകള്‍ നീണ്ടുനില്ക്കുന്ന ഈ കാലത്തെ “കൈത്താക്കാലം” എന്നു വിളിക്കുന്നു. “കൈത്ത” എന്ന പദത്തിന്റെ അര്‍ത്ഥം “വേനല്‍” എന്നാണ്. വേനല്‍ക്കാലത്താണല്ലോ വിളവെടുപ്പും ഫലശേഖരണവും നടത്തുക. ശ്ളീഹാക്കാലത്തെ പ്രേഷിതപ്രവര്‍ത്തനത്തിന്റെ ഫലമായി ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നടപ്പെട്ട സഭാതരു വളര്‍ന്നു പന്തലിച്ചു ഫലം പുറപ്പെടുവിക്കുന്നതിനെയാണ് ഈ കാലം നമ്മെ ഓര്‍പ്പിക്കുക. അതുകൊണ്ട് “സഭയുടെ വളര്‍ച്ചയുടെ കാലമായി ” ഈ കാലം പരിഗണിക്കപ്പെടുന്നു. സഭയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന മാനദണ്ഡം ഈ ലോകത്തില്‍ യേശുവിനു സാക്ഷ്യം വഹിക്കുന്ന വ്യക്തികളുടെ ജീവിതമാണ്. അതുകൊണ്ട് സഭയുടെ വിശ്വസ്ത സന്താനങ്ങളായ ശ്ളീഹന്മാരുടെയും രക്തസാക്ഷികളുടെയും ഓര്‍മ്മ ഈ കാലത്തിന്റെ പ്രത്യേകതയാണ്.
അവരുടെ ജീവിതചര്യ അനുകരിക്കാന്‍ എല്ലാ വിശ്വാസികള്‍ക്കും കടമയുണ്ടെന്ന വസ്തുതയും ഈ കാലം നമ്മെ അനുസ്മരിപ്പിക്കുന്നു. യഥാര്‍ത്ഥവളര്‍ച്ച ആന്തരികനവീകരണത്തില്‍ അടങ്ങിയിരിക്കുന്നു. നിയമാനുഷ്ഠാനത്തിലൂടെ മനസ്സിന്റെയും ഹൃദയത്തിന്റെയും നവീകരണം വഴി ഒരു സമൂലപരിവര്‍ത്തനം അനിവാര്യമായിരിക്കുന്നു എന്ന് ഈ കാലം ഓര്‍മ്മിപ്പിക്കുന്നു. അതുകൊണ്ട് അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും ആവശ്യകതയിലേക്കും ഈ കാലം വിരല്‍ ചൂണ്ടുന്നു. കര്‍ത്താവിന്റെ വരവിനുവേണ്ടി നാം ഒരുങ്ങിയിരിക്കണം. പാപത്തോടു വിടപറഞ്ഞ്, ജീവിതവിശുദ്ധീകരണത്തിലൂടെ സ്വർഗ്ഗത്തെ പ്രതീക്ഷയോടുകൂടി നാം കാത്തിരിക്കണം. കൈത്താക്കാലത്തിന്റെ ഈ ചിന്തകളിലേക്ക് നമ്മുടെ ശ്രദ്ധയെയും, ജീവിതത്തെയും തിരിക്കുന്നതാണ്, നാം ഇന്ന് വായിച്ചുകേട്ട വചനഭാഗങ്ങൾ.
എളിമയുടെയും മാനസാന്തരത്തിന്റെയും പ്രകാശത്തിന്റെയും ഫലങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് തിരുസഭയുടെ വളർച്ചയിൽ മൂന്നു ഞായറാഴ്ചകൾ പിന്നിട്ടിരിക്കുന്നു. രണ്ട് പ്രധാന ചിന്തകളോടെ, വളരെ അർത്ഥവത്തായ ഒരു വചനഭാഗമാണ് ഈശോ ഇന്നു നമുക്ക് വിചിന്തനത്തിനായി നല്കുന്നത്. ഒന്നാമത്തേത് നമ്മുടെ വിശ്വാസജീവിതത്തെ ആത്മശോധനയ്ക്ക് വിധേയമാക്കുവാനുള്ള ഒരു ക്ഷണമാണ്. രണ്ടാമത്തേത് എന്റെ ജീവിതത്തിൽ, ഫരിസേയരെപോലെ ദൈവകല്പനകളെ കൗശലപൂർവ്വം അവഗണിച്ചുകൊണ്ടുള്ള ജീവിതമാണോ ഞാൻ നയിക്കുന്നത് എന്ന് പരിശോധിക്കുവാനുള്ള ക്ഷണവും.
ക്രൈസ്തവർ എന്ന നിലയിൽ, അജ്ഞത കൊണ്ടാണ് നാം പാപം ചെയുന്നത് എന്ന് പറഞ്ഞു നമുക്ക് ഒഴിഞ്ഞുമാറുവാൻ സാധിക്കുകയില്ല എന്നതാണ് ഇന്നത്തെ ഒന്നാമത്തെ വായന നമുക്ക് പറഞ്ഞുതരുന്നത്. സീനായ് ഉടമ്പടിയിൽ ദൈവത്തിന്റെ നിയമം പാലിക്കാനുള്ള പ്രബോധനം വീണ്ടും ഊട്ടിയുറപ്പിക്കുകയാണ് ഇവിടെ.
മോശ വഴി നൽകപ്പെട്ട കല്പനകളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലും ഒന്നാമത്തെ വായനയിലൂടെ നമുക്ക് നല്കുന്നുണ്ട്. ക്രൈസ്തവ ജീവിതത്തെ ദൈവത്തിന്റെ ഹിതത്തിനനുസരിച്ചു മുൻപോട്ട് കൊണ്ടുപോകുവാൻ, ഇന്നും ഈ പത്തു കല്പനകൾ നമുക്ക് വഴികാട്ടിയായി തീരുന്നുവെങ്കിൽ അതിന്റെ ദൈവ നിവേശിതത്തെ സംശയത്തിന്റെ മുനയിൽ നിർത്തേണ്ട കാര്യമില്ല. ഈ കല്പനകൾ ജീവിതത്തിൽ പാലിക്കുന്നതിനാൽ നമ്മുടെ ജീവിതത്തിൽ നേടുന്ന ദൈവാനുഗ്രഹത്തെ പറ്റിയും ഒന്നാമത്തെ വായന നമുക്ക് പറഞ്ഞു തരുന്നു.
പ്രധാനമായും മാതാപിതാക്കളെ ബഹുമാനിക്കേണ്ടതിന്റെയും, അവരെ നമ്മുടെ ജീവിതത്തിൽ ചേർത്തുപിടിക്കേണ്ടതിന്റെയും ആവശ്യകത വചനം നമുക്ക് പറഞ്ഞുതരുന്നതാണ് ആദ്യ വാചകം. " നീ ദീര്‍ഘനാള്‍ ജീവിച്ചിരിക്കാനും നിന്‍െറ ദൈവമായ കര്‍ത്താവ് തരുന്ന നാട്ടില്‍ നിനക്കു നന്‍മയുണ്ടാകാനും വേണ്ടി അവിടുന്നു കല്‍പിച്ചിരിക്കുന്നതുപോലെ നിന്‍െറ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക". ഒരു പക്ഷെ നമ്മുടെ ഇന്നത്തെ സമൂഹത്തിൽ, ദൈവത്തിന്റെ കല്പനകൾക്ക് വില കൽപ്പിക്കാതെ, ലോകത്തിന്റെ ഇച്ഛകൾക്കനുസരണം ജീവിതം മുൻപോട്ടു കൊണ്ടുപോകുന്നതിനാലാവണം, ജീവിതത്തിന്റെ അർത്ഥം നഷ്ട്ടപ്പെട്ടവരായി നാം ഉഴലുന്നത്.
അതിനാൽ ഒരിക്കൽ കൂടി ദൈവകല്പനകളുടെ പ്രാധാന്യത്തെ ഒന്നാമത്തെ വായന നമ്മെ അനുസ്മരിപ്പിക്കുന്നു.
ഈ കൽപ്പനകൾ അനുസരിക്കാതെ സ്വന്തം ഇഷ്ടപ്രകാരം നടക്കുവാനും, ദൈവത്തിൽ നിന്ന് അകന്നുപോകുവാൻ. നമ്മെ പ്രലോഭിപ്പിക്കുന്ന ശക്തികളെക്കുറിച്ചാണ് രണ്ടാമത്തെ വായനയിലൂടെ ഏശയ്യാ പ്രവാചകൻ നമ്മെ ഉദ്ബോധിപ്പിക്കുന്നത്. ഇങ്ങനെ ജീവിതം മുൻപോട്ടു നയിക്കുമ്പോൾ നാം അറിയാതെ തന്നെ നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ ഭംഗിയും, കൃപയും നമുക്ക് നഷ്ടപ്പെടുവാൻ കാരണമാകുന്നുവെന്നാണ് പ്രവാചകൻ പറയുന്നത്. "അതിനാല്‍ അവരുടെ യുവാക്കന്‍മാരില്‍ കര്‍ത്താവ് പ്രസാദിക്കുന്നില്ല. അവരുടെ അനാഥരുടെയും വിധവകളുടെയും മേല്‍ അവിടുത്തേക്കു കാരുണ്യം ഇല്ല. എല്ലാവരും ദൈവഭയമില്ലാതെ അകൃത്യം പ്രവര്‍ത്തിക്കുന്നു. ഓരോ വായും വ്യാജം സംസാരിക്കുന്നു." എന്ന പ്രവാചക വചനങ്ങൾ, ഒരു പക്ഷെ ദൈവത്തിന്റെ ക്രോധത്തെ എടുത്തു കാണിക്കുന്നുവെങ്കിലും, അനുതപിച്ചു തിരികെ വരുവാനുള്ള അവസരത്തെ ഏശയ്യാ പ്രവാചകൻ, തന്റെ ആറാം അധ്യായത്തിൽ അടിവരയിട്ടു പറയുന്നുണ്ട്. തനിക്കുണ്ടായ ദൈവദർശനത്തിൽ, ഏശയ്യാ പ്രവാചകൻ തന്റെ ബലഹീനമായ ജീവിതത്തെ തിരിച്ചറിയുകയും, ദൈവത്തിന്റെ കരുണയ്ക്ക് സ്വയം സമർപ്പിക്കുകയും ചെയ്യുന്നു. അതിനാൽ ദൈവത്തിൽ നിന്നും അകന്നു പോകുന്നവൻ എന്നേക്കും നശിച്ചുപോകുന്നുവെന്നല്ല മറിച്ച്, ദൈവത്തിങ്കലേക്കു തിരികെ വരുവാൻ അവനുള്ള സാധ്യതയും രണ്ടാം വായന നമുക്ക് നൽകുന്നു.
അതിനാൽ ദൈവത്തോടൊത്തു ജീവിക്കുവാൻ സാധിക്കുന്നതിലാണ് ഓരോ ക്രിസ്ത്യാനിയും അഭിമാനം കൊള്ളേണ്ടത്. ലോകത്തിന്റെ ആശയങ്ങൾക്കൊത്തവണ്ണം ജീവിക്കുവാൻ സ്വന്തം വിശ്വാസവും, വ്യക്തിത്വവും ത്യജിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ, കർത്താവ് നമ്മുടെ ജീവിതത്തെ കുറിച്ച് പ്രശംസിക്കുന്ന പ്രത്യാശ നിറഞ്ഞ ഒരു ഭാവിയെ ലക്ഷ്യമാക്കി നടക്കുവാനാണ് മൂന്നാമത്തെ വായനയിൽ വിശുദ്ധ പൗലോസ് ശ്ലീഹ നമ്മെ ക്ഷണിക്കുന്നത്. ആത്മപ്രശംസ നടത്തുന്നവരുടെ ഗണത്തില്‍പ്പെടാനോ ഞങ്ങളെ അവരോടു താരതമ്യം ചെയ്യാനോ ഞങ്ങള്‍ തുനിയുന്നില്ല. പരസ്പരം അളക്കാനും തുലനം ചെയ്യാനും സാഹസപ്പെടുന്ന വിഡ്ഢികളാണ് അവര്‍. അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടെ.എന്തെന്നാല്‍, തന്നെത്തന്നെ പ്രശംസിക്കുന്നവനല്ല, കര്‍ത്താവു പ്രശംസിക്കുന്നവനാണ് സ്വീകാര്യന്‍." ഇതാണ് പൗലോസ് ശ്ലീഹ നമ്മെ ഉദ്ബോധിപ്പിക്കുന്നത്.
അതിനാൽ ക്രിസ്തുവിന്റെ ജീവിതത്തെയും, അവന്റെ പ്രബോധനങ്ങളെയും ധ്യാനിച്ചുകൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുവാനാണ് ഇന്നത്തെ വായനകൾ നമ്മെ ക്ഷണിക്കുന്നത്. ഇന്നത്തെ സുവിശേഷ ഭാഗവും, ആത്മാവിൽ എപ്രകാരം നമ്മുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്തണം എന്നുളളതാണ് നമുക്ക് പറഞ്ഞുതരുന്നത് പാരമ്പര്യത്തിന്റെ അന്ധതയിൽ, ദൈവത്തിന്റെ കരുണയെ മറന്നുപോകുന്ന ഒരു ജനതയ്‌ക്കെതിരെയാണ് യേശു സുവിശേഷത്തിൽ ശബ്ദമുയർത്തുന്നത്. ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ ദൂരെയാണ്, എന്ന ഏശയ്യാ പ്രവാചകന്റെ വചനങ്ങൾ, വളരെ വേദനയോടുകൂടി യേശു എടുത്തു പറയുന്നു.
ദൈവത്തിന്‍െറ കല്‍പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നുവെന്നും, നിങ്ങളുടെ പാരമ്പര്യം പാലിക്കാന്‍ വേണ്ടി നിങ്ങള്‍ കൗശലപൂര്‍വം ദൈവകല്‍പന അവഗണിക്കുന്നുവെന്നുമുള്ള സുവിശേഷ വചനങ്ങൾ, യേശുവിനു നമ്മോടുള്ള അഗാധമായ സ്നേഹത്തെ വ്യക്തമാക്കുന്നു. നമ്മുടെ നിത്യജീവൻ സംരക്ഷിക്കുന്നതിനും, രക്ഷയ്ക്കും വേണ്ടി നമ്മെ കരുതുന്ന ഒരു പിതാവിന്റെ ഉപദേശമാണ് ഇന്നത്തെ സുവിശേഷത്തിൽ നമുക്ക് കാണുവാൻ സാധിക്കുന്നത്. ന്യായപ്രമാണം വിശ്വസ്തതയോടെ പാലിച്ചതിനാൽ തങ്ങൾ ശുദ്ധരാണെന്ന് കരുതിയിരുന്ന ജനതയ്ക്ക്, യേശുവിന്റെ തിരുഹൃദയത്തിനു യോജിച്ച വിധത്തിൽ ജീവിക്കുന്നതിനും, സാക്ഷ്യം നല്കുന്നതിനുമുള്ള ആഹ്വാനം കൂടിയാണ് ഈ സുവിശേഷഭാഗം നമുക്ക് നൽകുന്നത്.
നമ്മുടെ എല്ലാ പെരുമാറ്റത്തിനും അടിസ്ഥാനമായ അടിസ്ഥാന തത്വം ഇതാണ്: ദൈവത്തോടും നമ്മുടെ അയൽക്കാരനോടുമുള്ള സ്നേഹം. അതിനാൽ ദൈവവത്തിന്റെ കല്പനകളെ കൂടുതൽ സ്നേഹിക്കുവാനും, അത് ജീവിക്കാതെ ഭാരപ്പെടുത്തുന്നതല്ല മറിച്ച് നമ്മുടെ ജീവിതത്തിന് ഒരു ക്രമം നൽകിക്കൊണ്ട് സ്നേഹത്തിൽ ജീവിക്കുവാൻ നമ്മെ സഹായിക്കുന്നതാണെന്നുള്ള ബോധ്യത്തിൽ ജീവിക്കുവാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: