MAP

ഗാസയിൽ നിന്നുള്ള ദാരുണമായ ദൃശ്യം ഗാസയിൽ നിന്നുള്ള ദാരുണമായ ദൃശ്യം   (q)

ലോകസമാധാനത്തിനായി ഉപവാസ പ്രാർത്ഥനാദിനത്തിനു ആഹ്വാനം ചെയ്തു സന്യാസസമൂഹങ്ങൾ

പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോഹണ തലേന്ന്, ആഗസ്റ്റ് മാസം പതിനാലാം തീയതി, ഉപവാസമനുഷ്ഠിച്ചുകൊണ്ട്, ലോകസമാധാനത്തിനായി പ്രാർത്ഥിക്കുവാൻ, സന്യാസസമൂഹങ്ങളുടെ തലവന്മാരുടെ സംഘം അഭ്യർത്ഥന പുറത്തിറക്കി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഗാസ, സുഡാൻ, ഉക്രൈൻ, ഹൈറ്റി, കോംഗോ, മ്യാൻമാർ  തുടങ്ങിയ വിവിധ രാഷ്ട്രങ്ങളിൽ തുടരുന്ന രക്തരൂക്ഷിതമായ യുദ്ധങ്ങളിൽ വേദനയനുഭവിക്കുന്ന സഹോദരങ്ങൾക്ക് വേണ്ടിയും, ലോക സമാധാനത്തിനു വേണ്ടിയും പ്രാർത്ഥിക്കുവാൻ ഏവരെയും ക്ഷണിച്ചുകൊണ്ട്, വിവിധ സന്യാസസമൂഹങ്ങളുടെ അധ്യക്ഷൻമാരുടെ കൂട്ടായ്മ (UISG) അഭ്യർത്ഥനപ്രസ്താവന ഇറക്കി. പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോഹണ തലേന്ന്, ആഗസ്റ്റ് മാസം പതിനാലാം  തീയതിയാണ് ഉപവാസത്തിനും, പ്രാർത്ഥനയ്ക്കും ലോകജനതയെ ക്ഷണിക്കുന്നത്.

വീടുകൾ തകർക്കപ്പെടുകയും, സമൂഹങ്ങൾ ഛിന്നഭിന്നമാകുകയും ചെയ്യുന്ന യുദ്ധത്തിൽ ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്നത് സ്ത്രീകളും, കുട്ടികളും ആണെന്നതും പ്രസ്താവനയിൽ എടുത്തു പറയുന്നു.

നിലവിലെ യുദ്ധങ്ങളുടെയും പ്രതിസന്ധികളുടെയും വെളിച്ചത്തിൽ ഒരുമിച്ച് പ്രാർത്ഥിക്കുകയും ദൈവവചനത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുക, നീതിക്കും അനുരഞ്ജനത്തിനും വേണ്ടി അപേക്ഷിക്കുക, സമാധാനത്തിന്റെയും നിരായുധീകരണത്തിന്റെയും മനുഷ്യാവകാശ സംരക്ഷണത്തിന്റെയും പാതകൾ പിന്തുടരാൻ  ഭരണാധികാരികളെ പ്രേരിപ്പിക്കുക, എന്നിങ്ങനെയുള്ള ആവശ്യങ്ങൾ മുൻനിർത്തിയാണ് ഉപവാസദിനം ആചരിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 ഓഗസ്റ്റ് 2025, 12:20