സന്യാസദൈവവിളി: പ്രാധാന്യവും, വെല്ലുവിളികളും
സിസ്റ്റർ ജാസ്മിൻ SIC , ബഥനി സിസ്റ്റേഴ്സ്, പത്തനംതിട്ട പ്രോവിൻസ്
മാനവചരിത്രത്തോളം പഴക്കമുള്ള ഒന്നാണ് സന്യാസം എന്ന ജീവിതചര്യ. ദൈവം തൻ്റെ രക്ഷാകര പദ്ധതിയിൽ മനുഷ്യരെ പങ്കുകാരാക്കാൻ കാലാകാലങ്ങളിൽ അവരെ പേരുചൊല്ലി വിളിക്കുന്നു. വിളികളിൽ സവിശേഷവും അമൂല്യവുമായ ഒന്നാണ് സന്യാസജീവിതത്തിലേക്കുള്ള ദൈവവിളി. ക്രിസ്തുവിനെപൂർണ്ണമായി അനുഗമിക്കാനും, ദൈവത്തിനും സഹജീവികൾക്കുമായി ജീവിതം സമർപ്പിക്കാനുമുള്ള ഈ മാർഗ്ഗം കാലാകാലങ്ങളായി പലരെയും ആകർഷിച്ചിട്ടുണ്ട്.
ഒരു സ്വൈപ്പിന്റെ വേഗതയിൽ മുന്നോട്ട് കുതിക്കുകയും ശബ്ദത്തിൽ തഴച്ചുവളരുകയും ചെയ്യുന്ന ഒരു ലോകത്ത്, സന്യാസ ജീവിതത്തിന്റെ നിശബ്ദമായ വിളി ഭൂതകാലത്തിലേക്ക് മങ്ങിപ്പോകുന്ന ഒരു പുരാതന പ്രതിധ്വനി പോലെ തോന്നിയേക്കാം. എന്നിരുന്നാലും, കാലഹരണപ്പെടുന്നതിനുപകരം, നമ്മുടെ വിശ്രമമില്ലാത്ത കാലഘട്ടത്തിന് അത്യന്താപേക്ഷിതമായ മൂല്യങ്ങളായ നിശബ്ദത, പ്രാർത്ഥന, ലാളിത്യം, ദൈവത്തിന് പൂർണ്ണമായും സമർപ്പിക്കപ്പെട്ട ജീവിതം അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ സാമാന്യ വ്രത പാലനത്തിലൂടെ ജീവിക്കുന്ന സാക്ഷിയായി നിലകൊള്ളുന്നു.
എന്നാൽ ഇന്ന് ഈ വിശുദ്ധ വിളിയെ സ്വീകരിക്കുന്നതിൽ പരീക്ഷണങ്ങളില്ല; ആധുനിക ജീവിത ശൈലികൾ, സാമൂഹിക സമ്മർദ്ദങ്ങൾ, പുതുമയോടുള്ള ആകർഷണം എന്നിവ പലപ്പോഴും സന്യാസത്തിന്റെ പാത തിരഞ്ഞെടുക്കുന്നവരുടെ ദൃഢനിശ്ചയത്തെ പരീക്ഷിക്കുന്നു. എന്നിരുന്നാലും, അതിന്റെ വിപരീത-സാംസ്കാരിക നിലപാടിൽ, സന്യാസം ഒരു പ്രവചന ശബ്ദം നൽകുന്നു - യഥാർത്ഥ ജീവിത സാഫല്യം സ്വത്തുക്കളോ അധികാരമോ അല്ല, മറിച്ച് ദൈവ സമ്പാദനമാണെന്ന് സന്യാസം ലോകത്തെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ആധുനികലോകത്തിൻ്റെ ഭൗതികസാഹചര്യങ്ങളിലും സാമൂഹികമാറ്റങ്ങളിലും സന്യാസജീവിതത്തിന് എത്രത്തോളം പ്രസക്തിയുണ്ട്? പുതിയ കാലഘട്ടം സന്യാസത്തിന്മുന്നിൽ ഉയർത്തുന്ന വെല്ലുവിളികൾ എന്തെല്ലാമാണ്? ഈ വിഷയങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ഒരു അന്വേഷണമാണിത്.
ദൈവവിളിയുടെ ബൈബിൾ അടിസ്ഥാനം
ദൈവവിളി എന്നത് കേവലം ഒരു വ്യക്തിപരമായ തിരഞ്ഞെടുപ്പല്ല, മറിച്ച്ഒരു ജനതയുടെ മുഴുവൻ രൂപീകരണത്തിനും ലോകത്തിൻ്റെ തന്നെ അനുഗ്രഹത്തിനും വേണ്ടിയുള്ള ദൈവത്തിൻ്റെ ഇടപെടലാണ്. ഉല്പത്തി മുതൽ വെളിപാട് വരെ, ദൈവം ആളുകളെ വിളിക്കുന്നു എന്ന സത്യം ബൈബിളിൽ പ്രതിധ്വനിക്കുന്നു - യാദൃശ്ചികമായിട്ടല്ല, മറിച്ച് ഉദ്ദേശ്യത്തോടെ. ദൈവം തൻ്റെ രക്ഷാകരപദ്ധതിയിലേക്ക് മനുഷ്യരെ ക്ഷണിക്കുന്നതിൻ്റെ മഹത്തായചരിത്രമാണ് ബൈബിൾ. ഈ ചരിത്രം ആരംഭിക്കുന്നത് വിശ്വാസികളുടെ പിതാവായ അബ്രഹാമിൻ്റെ വിളിയിൽനിന്നാണ്.
അബ്രഹാം തന്റെ ജന്മദേശം വിട്ടുപോകാനും, ഒരു ജനതയെ നയിക്കാൻ മോശയെയും, ദൈവത്തിന്റെ സത്യം സംസാരിക്കാൻ പ്രവാചകന്മാരെയും ദൈവിക മുൻകൈയിൽ അധിഷ്ഠിതരാക്കാനും വിളിച്ചു. യേശു തന്നെ പ്രഖ്യാപിച്ചു, "നിങ്ങൾ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു" (യോഹന്നാൻ 15:16), വിളി ദൈവത്തിന്റെ ഹൃദയത്തിൽ നിന്നാണ് ആരംഭിക്കുന്നതെന്ന് കാണിക്കുന്നു. ഈ വിളി തിരുവെഴുത്തിലെ മഹാന്മാരിൽ മാത്രം ഒതുങ്ങുന്നില്ല; അത് എല്ലാ വിശ്വാസികളിലേക്കും എത്തിച്ചേരുന്നു, വിശ്വാസത്തിലും അനുസരണത്തിലും നടക്കാൻ നമ്മെ ക്ഷണിക്കുന്നു. ദൈവവചനത്തിൽ, വിളി ഒരു പദവിയും ദൗത്യവുമാണ് - അവൻ സ്നേഹിക്കുന്ന ലോകത്ത് അവന്റെ പദ്ധതി ജീവിക്കാനുള്ള ഒരു ആഹ്വാനമാണ്.
അബ്രഹാം: ദൈവവിളിയുടെ ആദ്യമാതൃക
രക്ഷാകരചരിത്രത്തിലെ ദൈവവിളികളുടെയെല്ലാം ഉറവിടം അബ്രഹാമിൻ്റെ വിളിയിലാണ്. കൽദായരുടെ ഊർ എന്നദേശത്ത് വിഗ്രഹാരാധനയുടെ മധ്യത്തിൽ ജീവിച്ചിരുന്ന അബ്രാമിനോട്ദൈവം അരുളിച്ചെയ്യുന്നു: "നിൻ്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്ക്പോവുക. ഞാൻ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാൻ അനുഗ്രഹിക്കും. നിൻ്റെ പേര്ഞാൻ മഹത്വപ്പെടുത്തും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും" (ഉല്പത്തി 12:1-2).
ഈവിളിയിൽմുയഥാർത്ഥദൈവവിളിയുടെഎല്ലാഘടകങ്ങളുംഅടങ്ങിയിരിക്കുന്നു:
• ദൈവത്തിൻ്റെ മുൻകൈ: അബ്രഹാം ദൈവത്തെ അന്വേഷിക്കുകയായിരുന്നില്ല, മറിച്ച് ദൈവം മുൻ കൈയെടുത്ത് അബ്രഹാമിനെ വിളിക്കുകയായിരുന്നു. ഓരോ ദൈവവിളിയുടെയും ഉറവിടം ദൈവത്തിൻ്റെ സൗജന്യമായ സ്നേഹമാണ്.
• ഉപേക്ഷിക്കാനുള്ള ക്ഷണം: സ്വന്തം ദേശം, ബന്ധുമിത്രാദികൾ, പിതൃഭവനം, സുരക്ഷിതത്വം എന്നിവയെല്ലാം ഉപേക്ഷിക്കാൻ ദൈവം ആവശ്യപ്പെടുന്നു. ദൈവവിളി സ്വീകരിക്കുന്നതിന് ഒരുവേർപിരിയൽ അനിവാര്യമാണ്.
• അനിശ്ചിതത്വത്തിലേക്കുള്ള യാത്ര: "ഞാൻകാണിച്ചുതരുന്ന നാട്ടിലേക്ക്" എന്നാണ് ദൈവം പറയുന്നത്. എവിടേക്കാണ് പോകുന്നതെന്നോ എന്താണ് ഭാവിയെന്നോ അറിയാതെ, ദൈവത്തിൻ്റെ വാഗ്ദാനത്തിൽമാത്രം വിശ്വസിച്ച് യാത്ര തിരിക്കാനാണ് അബ്രഹാം വിളിക്കപ്പെട്ടത്.
• വാഗ്ദാനവും ദൗത്യവും: ഒരു പുതിയ ദേശവും വലിയൊരു ജനതയും വാഗ്ദാനം ചെയ്ത ദൈവം, "നീ ഒരനുഗ്രഹമായിരിക്കും" എന്ന ദൗത്യവും നൽകുന്നു. വ്യക്തിപരമായ രക്ഷയ്ക്ക് അപ്പുറം, മറ്റുള്ളവർക്ക് അനുഗ്രഹം പകർന്നു നൽകാനുള്ള ഒരു ഉപകരണമായി ദൈവം വിളിക്കപ്പെട്ടവനെമാറ്റുന്നു.
എഴുപത്തഞ്ചാം വയസ്സിൽ, മക്കളില്ലാതിരുന്നിട്ടും, ദൈവത്തിൻ്റെ വാഗ്ദാനം വിശ്വസിച്ച് അബ്രഹാം യാത്രപുറപ്പെട്ടു (ഉല്പത്തി 12:4). തൻ്റെ ഏകജാതനായ ഇസഹാക്കിനെ ബലി നൽകാൻ ആവശ്യപ്പെട്ടപ്പോൾ പോലും ദൈവത്തെ പൂർണ്ണമായി അനുസരിക്കാൻ അദ്ദേഹം തയ്യാറായി (ഉല്പത്തി 22). ഈ വിശ്വാസവും അനുസരണവുമാണ് അബ്രഹാമിനെ "വിശ്വാസികളുടെ പിതാവ്" ആക്കിമാറ്റിയത്.
പഴയനിയമത്തിലെ തുടർച്ച
അബ്രഹാമിന് ശേഷം മോശ, പ്രവാചകന്മാർ തുടങ്ങിയ നിരവധിപേരെ ദൈവം തൻ്റെ പദ്ധതിക്കായി വിളിക്കുന്നത് പഴയ നിയമത്തിൽ കാണാം. കത്തുന്ന മുൾപ്പടർപ്പിൻ്റെ നടുവിൽനിന്ന് ദൈവം മോശയെ വിളിക്കുകയും, ഇസ്രായേൽ ജനത്തെ ഈജിപ്തിൻ്റെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാനുള്ള ദൗത്യം ഏൽപ്പിക്കുകയും ചെയ്തു (പുറപ്പാട് 3:1-10). ആട്ടിടയനായിരുന്ന ആമോസിനെ ദൈവം പ്രവാചകനായിവിളിച്ച് ഇസ്രായേലിനോട്പ്രവചിക്കാൻ അയച്ചു (ആമോസ് 7:14-15). ഓരോവിളിയും ഒരുപ്രത്യേക സാഹചര്യത്തിൽ, ഒരു പ്രത്യേക ദൗത്യത്തിനായിട്ടായിരുന്നു.
പുതിയനിയമത്തിലെ പൂർണ്ണത
ഈ ദൈവവിളി അതിൻ്റെ പൂർണ്ണതയിൽ വെളിപ്പെടുന്നത് യേശുക്രിസ്തുവിലാണ്. യേശുതന്നെയാണ് സന്യാസ ജീവിതത്തിൻ്റെ അടിസ്ഥാനവും മാതൃകയും. "അവൻ തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്ക് വിളിച്ചു" (മർക്കോസ് 3:13) എന്ന്സുവിശേഷം സാക്ഷിക്കുന്നു. അവിടുന്ന് വിളിച്ചത് പണ്ഡിതന്മാരെയോ ശക്തരെയോ ആയിരുന്നില്ല, മറിച്ച് സാധാരണക്കാരായ മുക്കുവരെയും ചുങ്കക്കാരെയുമായിരുന്നു. ഒരു വ്യക്തിയുടെ കഴിവുകളോ യോഗ്യതകളോ അല്ല, മറിച്ച് ദൈവത്തിൻ്റെ സൗജന്യമായ തിരഞ്ഞെടുപ്പും കൃപയുമാണ് ദൈവവിളിയുടെ അടിസ്ഥാനമെന്ന് ഇത് വ്യക്തമാക്കുന്നു. "ജ്ഞാനികളെ ലജ്ജിപ്പിക്കാൻ ലോക ദൃഷ്ടിയിൽ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു" (1 കോറിന്തോസ് 1:27) എന്ന പൗലോസ്ശ്ലീഹായുടെ വാക്കുകൾ ഇതിന് അടിവരയിടുന്നു. "ഇതാ കർത്താവിൻ്റെ ദാസി" (ലൂക്കാ 1:38) എന്ന് പറഞ്ഞ് ദൈവഹിതത്തിന് സ്വയം സമർപ്പിച്ച പരിശുദ്ധ കന്യകാമറിയം, ദൈവവിളിക്ക് ഉത്തരം നൽകിയവരുടെ ഏറ്റവും ഉദാത്തമായ മാതൃകയാണ്. അബ്രഹാമിൽ ആരംഭിച്ച വിശ്വാസത്തിൻ്റെ തീർത്ഥയാത്ര മറിയത്തിൻ്റെ "അതെ" എന്നപ്രത്യുത്തരത്തിൽ പുതിയൊരു ദിശാബോധം കണ്ടെത്തുന്നു.
സഭയുടെ കാഴ്ചപ്പാടിൽ സന്യാസജീവിതം
സഭ, സന്യാസ ജീവിതത്തെ ദൈവത്തിൽ നിന്നുള്ള ഒരു പ്രത്യേക ദാനമായിട്ടാണ് കാണുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയായ "ലൂമെൻജെൻസിയും" (Lumen Gentium), വിശുദ്ധജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ "വിത്ത കോൺസക്രാത്ത" (Vita Consecrata) എന്ന അപ്പസ്തോലിക പ്രബോധനവും സന്യാസജീവിതത്തിൻ്റെ പ്രാധാന്യം എടുത്തു പറയുന്നു. ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ സുവിശേഷോപദേശങ്ങൾ അനുഷ്ഠിച്ചുകൊണ്ട് ക്രിസ്തുവിനെ കൂടുതൽ അടുത്തറിയാനും ക്രിസ്തുവിനുവേണ്ടി സാക്ഷ്യം വഹിക്കാനുമുള്ള വിളിയാണിത്. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പറയുന്നതുപോലെ, "ദൈവത്തിന്റെ സ്നേഹത്തോടുള്ള അനുസരണമാണ് ദൈവവിളി". "സന്ന്യാസം സഭയുടെ ഹൃദയമെന്നു" ധന്യൻ മാർ ഈവാനിയോസ് പിതാവ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. സമർപ്പിതർ തങ്ങളുടെ ജീവിതം വഴി ഈ ലോകം ശാശ്വതമല്ലെന്നും വരാനിരിക്കുന്ന ഒരു സ്വർഗ്ഗീയ ഭവനമുണ്ടെന്നും നിരന്തരം ഓർമ്മിപ്പിക്കുന്ന ഒരു "ചൂണ്ടുപലകയാണ്". അവരുടെ പ്രാർത്ഥനയും സഹവാസജീവിതവും സഭയുടെ ആത്മീയ ഊർജ്ജകേന്ദ്രങ്ങളാണ്.
സന്യാസ വിശുദ്ധരുടെ ജീവിതസാക്ഷ്യം
ദൈവവിളിയുടെ മഹത്വവും ശക്തിയും ഏറ്റവും വ്യക്തമായി കാണാൻ സാധിക്കുന്നത് വിശുദ്ധരുടെജീവിതത്തിലാണ്. അവർ ദൈവവിളിക്ക് നൽകിയ ഉത്തരം എങ്ങനെ ലോകത്തെ രൂപാന്തരപ്പെടുത്തി എന്ന്ചരിത്രം സാക്ഷിക്കുന്നു.
• വിശുദ്ധ അന്തോണീസ് (മരുഭൂമിയിലെ പിതാവ്): "പൂർണ്ണനാകണമെങ്കിൽ, നിനക്കുള്ളതെല്ലാം വിറ്റ്ദ രിദ്രർക്ക്കൊടുക്കുക" (മത്തായി 19:21) എന്ന സുവിശേഷവചനം കേട്ട്, തൻ്റെ സമ്പത്തെല്ലാം ഉപേക്ഷിച്ച് മരുഭൂമിയിലേക്ക് പോയ വിശുദ്ധ അന്തോണീസ്, സന്യാസജീവിതത്തിൻ്റെ തീവ്രമായ സമർപ്പണത്തിന് തുടക്കമിട്ടു. ലൗകികമായ എല്ലാം ഉപേക്ഷിച്ച് ദൈവത്തെമാത്രം അന്വേഷിക്കുന്നതിൻ്റെ ഉദാത്ത മാതൃകയാണ് അദ്ദേഹം.
• അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ്: ധനികനായ വ്യാപാരിയുടെ മകനായിരുന്ന ഫ്രാൻസിസ്, ക്രിസ്തുവിനുവേണ്ടി 'ദാരിദ്ര്യം' എന്ന മണവാട്ടിയെ സ്വീകരിച്ചു. പണത്തെയും പ്രതാപത്തെയും വലിച്ചെറിഞ്ഞ്, ദരിദ്രരിലും പ്രകൃതിയിലെ എല്ലാ സൃഷ്ടികളിലും ക്രിസ്തുവിനെ ദർശിച്ച അദ്ദേഹത്തിന്റെ ജീവിതം, ഭൗതികവാദ ലോകത്തിന് ശക്തമായ ഒരു തിരുത്താണ്.
• വിശുദ്ധ അൽഫോൻസാമ്മ: സഹനങ്ങളെയും രോഗപീഡകളെയും പരാതികളില്ലാതെ സ്വീകരിച്ച്, തൻ്റെ ജീവിതത്തെ ഒരുപ്രാർത്ഥനായാഗമാക്കി മാറ്റിയ അൽഫോൻസാമ്മ, ഭാരത സഭയുടെ ആദ്യത്തെ വിശുദ്ധയാണ്. പുറമേയ്ക്ക് അറിയപ്പെടാതെ, ഒരു മഠത്തിൻ്റെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടി, സഹനത്തിലൂടെ വിശുദ്ധിയുടെ പടവുകൾ കയറാമെന്ന് അവർലോകത്തിന്കാണിച്ചു കൊടുത്തു.
• കൊച്ചുത്രേസ്യ പുണ്യവതി: വലിയകാര്യങ്ങൾ ചെയ്യാൻ സാധിക്കാത്തതിൽ നിരാശപ്പെടാതെ, സാധാരണ ജീവിതത്തിലെ ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്തുകൊണ്ട് വിശുദ്ധി നേടാമെന്ന് പഠിപ്പിച്ച വിശുദ്ധയാണ് കൊച്ചുത്രേസ്യ. അവരുടെ "ചെറിയവഴി" (Little Way), ഓരോവ്യക്തിക്കും അവരവരുടെ ജീവിതസാഹചര്യങ്ങളിൽ വിശുദ്ധി പ്രാപിക്കാൻ സാധിക്കുമെന്ന പ്രത്യാശനൽകുന്നു.
• കൽക്കത്തയിലെ വിശുദ്ധ മദർ തെരേസ: "വിളിക്കുള്ളിലെവിളി" കേട്ട്, കൽക്കത്തയിലെ തെരുവുകളിലെ ഏറ്റവും പാവപ്പെട്ടവരിൽ ക്രിസ്തുവിൻ്റെ ദാഹം തിരിച്ചറിഞ്ഞ് അവർക്കായി ജീവിതം ഉഴിഞ്ഞുവെച്ചു. സ്നേഹവും കാരുണ്യവും സാമ്പത്തിക സഹായത്തിനപ്പുറമുള്ള സമർപ്പണമാണെന്ന് അവർ തൻ്റെ ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചുകൊടുത്തു.
ആധുനിക ലോകത്തിലെ പ്രാധാന്യം
ഉപഭോഗ സംസ്കാരവും ഭൗതികവാദവും മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്ന ആധുനിക ലോകത്ത് സന്യാസജീവിതം ശക്തമായ ഒരുപ്രതി സാക്ഷ്യമാണ്.
• ധനമോഹത്തിനെതിരെ: വിശുദ്ധ ഫ്രാൻസിസിനെപ്പോലെ സമ്പത്ത് വെട്ടിപ്പിടിക്കാനുള്ള ആർത്തിക്കെതിരെ ദാരിദ്ര്യവ്രതം ഒരുവെല്ലു വിളിയാണ്. പങ്കുവയ്ക്കലിൻ്റെയും ലളിത ജീവിതത്തിൻ്റെയും മനോഹാരിത അത് ലോകത്തിന്കാണിച്ചുകൊടുക്കുന്നു.
• സുഖലോലുപതയ്ക്കെതിരെ: ശാരീരികസുഖങ്ങൾക്ക്മാത്രം പ്രാധാന്യം നൽകുന്ന സംസ്കാരത്തിൽ, ദൈവത്തോടുള്ള സ്നേഹത്തിനായി ജീവിതം സമർപ്പിക്കുന്ന ബ്രഹ്മചര്യജീവിതം ആത്മനിയന്ത്രണത്തിൻ്റെയും സ്നേഹത്തിൻ്റെയും ഉയർന്ന തലങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കുന്നു.
• അഹന്തയ്ക്കെതിരെ: സ്വന്തം ഇഷ്ടങ്ങൾ മാത്രം നടപ്പാക്കാൻ ശ്രമിക്കുന്ന വ്യക്തി കേന്ദ്രീകൃതലോകത്ത്, ദൈവഹിതത്തിന് കീഴ്പ്പെടുന്ന അനുസരണ ജീവിതം യഥാർത്ഥ സ്വാതന്ത്ര്യത്തിൻ്റെയും സമർപ്പണത്തിൻ്റെയും അടയാളമായിമാറുന്നു.
സമകാലിക വെല്ലുവിളികൾ
സന്യാസജീവിതം ഇന്ന്നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്.
1. സംഘടിതമായ ആക്രമണങ്ങൾ: സന്യാസത്തെയും സന്യസ്തരെയും അപകീർത്തിപ്പെടുത്താനും അവരുടെ പ്രസക്തിയെ ചോദ്യം ചെയ്യാനും സംഘടിതമായ ശ്രമങ്ങൾനടക്കുന്നു. മാധ്യമ വിചാരണകളും തെറ്റായപ്രചാരണങ്ങളും സമൂഹത്തിൽ തെറ്റിദ്ധാരണകൾക്ക് കാരണമാകുന്നു.
2. ആന്തരിക ബലഹീനതകൾ: സന്യസ്തരും ബലഹീനതകളുള്ള മനുഷ്യരാണ്. അവരിൽനിന്നുണ്ടാകുന്ന വീഴ്ചകൾ സഭയ്ക്ക് വലിയ മുറിവുകളുണ്ടാക്കുകയും പൊതു സമൂഹത്തിൽ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.
3. ദൈവവിളികളിലെ കുറവ്: ഭൗതികതയോടുള്ള ആഭിമുഖ്യം, ചെറുകുടുംബങ്ങൾ, ആത്മത്യാഗപരമായ ജീവിതത്തോടുള്ളവിമുഖത എന്നിവ ദൈവവിളികൾ കുറയുന്നതിന് കാരണമാകുന്നു.
4. സാമൂഹിക മാറ്റങ്ങൾ: കുടുംബബന്ധങ്ങളുടെ തകർച്ചയും സാമൂഹിക മൂല്യങ്ങളിലുണ്ടായ കുറവും / ക്ഷയവും ദൈവവിളി സ്വീകരിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും തടസ്സങ്ങൾ സൃഷ്ടിക്കുന്നു. വീടും ഇടവകയുമാണ് ദൈവവിളിയുടെ പിള്ളത്തൊട്ടിൽ, ഈ അടിസ്ഥാന ഘടകങ്ങൾക്ക് സംഭവിക്കുന്ന മാറ്റങ്ങൾ സന്യാസ ജീവിതത്തെയും ബാധിക്കുന്നു.
ഉപസംഹാരം
വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും സന്യാസ ദൈവവിളി ഇന്നും സഭയിലെ അമൂല്യമായ നിധിയാണ്. ലോകത്തിന് ക്രിസ്തുവിനെ പകർന്നു കൊടുക്കുന്ന, പ്രാർത്ഥനയാൽ ലോകത്തെ താങ്ങി നിർത്തുന്ന ആയിരക്കണക്കിന് സമർപ്പിതരുടെ ജീവിതം പ്രത്യാശയുടെ കിരണങ്ങളാണ്. വിശുദ്ധരുടെ ജീവിതം തെളിയിക്കുന്നതുപോലെ, ലോകത്തിൻ്റെ പ്രലോഭനങ്ങൾക്കും എതിർപ്പുകൾക്കും മധ്യേ, ദൈവവിളി സ്വീകരിച്ച് മുന്നോട്ട് പോകുന്ന ഓരോ സന്യസ്തനും, യേശുവിൻ്റെ സ്നേഹത്തിൻ്റെ ജീവിക്കുന്ന സാക്ഷ്യമാണ്. പുതിയ ദൈവവിളികൾക്കായി പ്രാർത്ഥിക്കേണ്ടതും, നിലവിലുള്ള സമർപ്പിതരെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് താങ്ങായി നിലകൊള്ളുകയും ചെയ്യേണ്ടതും ഓരോ വിശ്വാസിയുടെയും കടമയാണ്. കാരണം, അവർ ലോകത്തിന് നൽകുന്നത് ക്രിസ്തുവിനെയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: