വടക്കുകിഴക്കൻ ഇന്ത്യയിലുൾപ്പെടെയുള്ള പ്രളയക്കെടുതി: സാമീപ്യവും സഹായഹസ്തവുമായി ലിയോ പാപ്പായും കത്തോലിക്കാ സഭയും
സിസ്റ്റർ ജാസ്മിൻ SIC, വത്തിക്കാന്‍ ന്യൂസ്
ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ കനത്ത പേമാരിയും പ്രളയവും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളോടുള്ള തന്റെ പ്രാർത്ഥനയും സാമീപ്യവും അറിയിച്ച് ലിയോ പതിനാലാമൻ പാപ്പ. ഓഗസ്റ്റ് 17 ഞായറാഴ്ചയിലെ മദ്ധ്യാഹ്നപ്രാർത്ഥനാവേളയിലാണ്, ഈ പ്രകൃതിദുരന്തത്തിൽ മരണമടഞ്ഞവർക്കായും അവരുടെ കുടുംബാംഗങ്ങൾക്കായും താൻ പ്രത്യേകം പ്രാർത്ഥിക്കുന്നതായി പാപ്പ പറഞ്ഞത്. പ്രകൃതിക്ഷോഭം കനത്ത നാശം വിതച്ച ഗ്രാമങ്ങളിലും നഗരങ്ങളിലും വെള്ളം പതിയെ ഇറങ്ങിത്തുടങ്ങുമ്പോൾ, നാശനഷ്ടങ്ങളുടെ കണക്കുകൾ കൂടുതൽ വ്യക്തമാകുകയാണ്. തകർന്ന വീടുകളും, വെള്ളത്തിനടിയിലായ കൃഷിയിടങ്ങളും, ഗതാഗതയോഗ്യമല്ലാത്ത റോഡുകളും ഈ മേഖലയിലെ ദുരിതക്കാഴ്ചകളാണ്.
ദുരിതവുമായി ബന്ധപ്പെട്ട് ലിയോ പാപ്പാ നടത്തിയ പ്രസ്താവനയെക്കുറിച്ച് പ്രതിപാദിക്കവേ, പരിശുദ്ധ പിതാവിന്റെ പ്രാർത്ഥനകൾക്കും പിന്തുണയ്ക്കും ബീഹാറിലെ ബക്‌സർ രൂപതാമെത്രാൻ ബിഷപ്പ് ജെയിംസ് ശേഖർ നന്ദി അറിയിച്ചു. 11,000 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ബക്‌സർ രൂപതയിൽ ഏകദേശം 26,000 കത്തോലിക്കരാണുള്ളത്.
വടക്കുകിഴക്കൻ ഇന്ത്യയിലെ ബീഹാർ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ബക്‌സർ രൂപതയിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത്. സ്ഥിതിഗതികൾ ഇപ്പോൾ മെച്ചപ്പെട്ടുവരുന്നുണ്ടെന്ന് അഭി. ശേഖർ ഫീദെസ് വാർത്താ ഏജൻസിയോട് പറഞ്ഞു. പ്രളയത്തിന്റെ ആദ്യ മണിക്കൂറുകൾ ഏറെ പ്രയാസകരമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. രൂപതയുടെ സാമൂഹ്യസേവനവിഭാഗം ദുരിതബാധിതർക്ക് ഭക്ഷണം, ശുചീകരണ വസ്തുക്കൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ എത്തിക്കുന്നുണ്ട്.
കശ്മീരിൽ പ്രളയത്തെത്തുടർന്ന് അറുപതിലധികം ആളുകൾ മരിക്കുകയും എൺപതോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തകർ ഏകദേശം മുന്നോറോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പാക്കിസ്ഥാനിൽ സ്ഥിതി കൂടുതൽ രൂക്ഷമാണ്, അവിടെ കുറഞ്ഞത് 164 പേർ മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ഹിമാലയൻ പ്രദേശങ്ങളിലും വടക്കൻ പാക്കിസ്ഥാനിലും അടുത്ത കാലത്തായി വർദ്ധിച്ചുവരുന്ന മേഘവിസ്ഫോടനം എന്നറിയപ്പെടുന്ന അതിതീവ്ര മഴയാണ് ഈ ദുരന്തങ്ങൾക്ക് പ്രധാന കാരണം. കാലാവസ്ഥാ വ്യതിയാനവും മലയോര മേഖലകളിലെ അശാസ്ത്രീയമായ നഗരവികസനവും ഇത്തരം ദുരന്തങ്ങളുടെ ആക്കം കൂട്ടുന്നതായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: