യേശുവിന്റെ തിരുഹൃദയം ജ്ഞാനത്തിന്റെ ഉറവിടമാണ്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ദിലെക്സിത് നോസ് ചാക്രികലേഖനത്തിന്റെ കഴിഞ്ഞ ഖണ്ഡികകളിൽ യേശുവിന്റെ തിരുഹൃദയത്തെ പറ്റി, പഴയ നിയമഗ്രന്ഥങ്ങൾ നൽകുന്ന പ്രവചനങ്ങളും, പുതിയ നിയമം നൽകുന്ന സാക്ഷ്യങ്ങളും, പ്രാധാന്യവുമാണ് നാം മനസിലാക്കിയത്. വിശുദ്ധ ഗ്രന്ഥത്തിലെ ഈ സാക്ഷ്യങ്ങൾ, തുടർന്ന് സഭയുടെ ജീവിതത്തിൽ വളരെയധികം പ്രകടമായി നമുക്ക് കാണാം. സാധാരണക്കാരായ നിരവധി ആളുകൾ, യേശുവിന്റെ ഈ തുറക്കപ്പെട്ട വിലാവിലേക്ക് തങ്ങളുടെ ജീവിതത്തെ സമർപ്പിച്ചു പ്രാർത്ഥിച്ചുവെന്നതിനു ഏറെ ചരിത്രപരമായ ഏടുകൾ കാണാമെങ്കിലും, വിശുദ്ധർ നമുക്ക് നൽകിയ പ്രബോധനങ്ങളെയാണ് ഈ വരുന്ന ഖണ്ഡികകളിൽ നാം ധ്യാനിക്കുന്നത്.
ദൈവത്തിന് മനുഷ്യവർഗത്തോടുള്ള അതിരറ്റതും വികാരഭരിതവുമായ സ്നേഹത്തിന്റെ പ്രതീകമാണ് യേശുവിന്റെ തിരുഹൃദയം എന്നുള്ളതാണ് പാരമ്പര്യമായി ഭക്തിമാർഗമായി വിശ്വാസികൾ സ്വീകരിച്ചിരുന്നത്. സഭയുടെ ആദ്യ സഹസ്രാബ്ദത്തില്‍ തിരുഹൃദയ ഭക്തിയെക്കുറിച്ച് അധികമൊന്നും കേള്‍ക്കുന്നില്ല. 13-മുതല്‍ 16-വരെയുള്ള നൂറ്റാണ്ടുകളില്‍ തിരുഹൃദയഭക്തി വളരെ സ്വകാര്യവും വ്യക്തിപരവുമായി നിലനിന്നുവെന്നു കാണുന്നു. കൂടുതലായും ക്രൈസ്തവ ആദ്ധ്യാത്മിക ദര്‍ശനത്തിന്‍റെ തലത്തിലാണ് അത് നിലനിന്നിരുന്നത്. തുടര്‍ന്ന് അത് സന്ന്യാസ സമൂഹങ്ങളില്‍ സജീവമാകുന്നതും ക്രിസ്ത്യന്‍ ആത്മീയതയെ തട്ടിയുണര്‍ത്തുന്നതും കാണാം. ഈ ഘട്ടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ രചിക്കപ്പെടുകയും തിരുഹൃദയ ഭക്തി പ്രചരിക്കുവാന്‍ തുടങ്ങുകയുംചെയ്തു.
കാൽവരി മലയിൽ കുരിശിൽ തന്റെ ജീവൻ വെടിഞ്ഞ യേശുക്രിസ്തു, തന്റെ തിരുവിലാവിൽ നിന്ന് മനുഷ്യവർഗ്ഗത്തിന്റെ രക്ഷയ്ക്ക് ചൊരിഞ്ഞ രക്തവും വെള്ളവും ആത്മാവിന്റെ ചൈതന്യമായിട്ടാണ് സഭാപിതാക്കന്മാർ പഠിപ്പിക്കുന്നത്. ആത്മാവിന്റെ ഈ കൃപ മനുഷ്യരിലേക്ക് ചൊരിയപ്പെടുന്ന ദൃശ്യമായ അടയാളങ്ങളാണ് കൂദാശകളും, തിരുവചനവും. ഈ തിരുഹൃദയത്തിന്റെ ശക്തി തന്നെയാണ്, സഭയിൽ രക്തം ചിന്തിക്കൊണ്ട്, ക്രിസ്തുവിന്റെ സുവിശേഷത്തിനു സാക്ഷ്യം നൽകിയ രക്തസാക്ഷികളുടെ ശക്തിയും.
ഹൃദയം, ജീവന്റെ ഉറവിടം എന്നുള്ള നിലയിൽ, ആ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഏതൊരു വ്യക്തിയും ആ ജീവന്റെ ഭാഗമായി മാറുന്നു എന്നുള്ളതാണ് സത്യം. ജീവജലത്തിന്റെ സ്വർഗീയ ഉറവിടം എന്നാണ് യേശുവിന്റെ വക്ഷസ്സിനെ റൂഫിനസ് വിശദീകരിക്കുന്നത്. ഈ സ്വർഗീയ വക്ഷസിൽ നിന്നുമാണ് ജ്ഞാനസ്നാനത്തിലൂടെ നാം പുനർജനിക്കുന്നതെന്നും അദ്ദേഹം എടുത്തുപറയുന്നുവെന്നാണ്, ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ യേശുവിന്റെ തിരുഹൃദയം മാതാവിന്റെ ഗർഭപാത്രം എന്നതുപോലെ, ഓരോ ക്രിസ്ത്യാനിയുടെയും ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാനവും, ഉറവിടവുമാണ്.
മറ്റൊരു ആശയം ഫ്രാൻസിസ് പാപ്പാ അവതരിപ്പിക്കുന്നത്, യേശുവിന്റെ ഹൃദയം പരിശുദ്ധാത്മാവിനാൽ പൂരിതമായിരുന്നു എന്നുള്ളതാണ്. വിശുദ്ധ ഗ്രന്ഥം പ്രസ്താവിച്ചതുപോലെ, ഈ ഹൃദയത്തിൽ നിന്നുമാണ് പരിശുദ്ധാത്മാവിന്റെ കൃപകളാകുന്ന നീർച്ചാലുകൾ നമ്മുടെ വ്യക്തിജീവിതങ്ങളിലേക്ക് ഒഴുക്കപ്പെടുന്നതും, തുടർന്ന് ആത്മാവിനടുത്ത ഒരു ജീവിതം നയിക്കുവാൻ നമുക്ക് സാധിക്കുന്നതും. ഇത് കർത്താവിൽ നിന്നും നമ്മെ അകറ്റിനിർത്താതെ അവനോട് ചേർത്തുനിർത്തുകയും, ചേർന്ന് നിൽക്കുവാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.
നമ്മുടെ ജീവിതത്തിന്റെ സന്തോഷവും സമാധാനവുമെല്ലാം കണ്ടെത്തേണ്ടതും ഈ ജീവന്റെ ഉറവയിൽ നിന്നും പാനം ചെയ്യുന്നത് വഴിയാകണമെന്നും പാപ്പാ പ്രത്യേകം ഓർമ്മിപ്പിക്കുന്നു. ഇപ്രകാരം നമ്മുടെ ജീവിതത്തിന്റ സകലശക്തിയുടെയും സ്രോതസ്സായ യേശുവിന്റെ തിരുഹൃദയത്തെ വിശുദ്ധ അഗസ്റ്റിൻ വിശേഷിപ്പിക്കുന്നത്, കൂടിക്കാഴ്ചയുടെ ഇടം എന്നാണ്, വിശേഷമായി വ്യക്തിപരമായ കൂടിക്കാഴ്ചയുടെ ഇടം.
ക്രിസ്തുവുമായുള്ള ഐക്യത്തിന്റെ പ്രതീകവും, സ്‌നേഹനിർഭരമായ ഒരു കൂടിക്കാഴ്ചയുടെ സ്ഥലമായും, യേശുവിന്റെ തിരുഹൃദയത്തെ വിശുദ്ധ അഗസ്റ്റിൻ വിവരിക്കുമ്പോൾ, അതിനു നമ്മുടെ ജീവിതവുമായി ആഴമേറിയ ബന്ധമുണ്ട്. വിശുദ്ധ അഗസ്റ്റിനും തന്റെ ജീവിതത്തിൽ ഈ തിരുഹൃദയം വഴിയായിട്ടാണ് സ്നേഹവും, വിശ്വാസവും പ്രത്യാശയുമെല്ലാം കണ്ടെത്തിയത്. തന്റെ ആത്മകഥയായ കുമ്പസാര (കോൺഫെഷൻസ്) ത്തിൽ ഇപ്രകാരമാണ് വർണ്ണിക്കുന്നത്.
ജന്മം കണ്ണീരാക്കിയ അമ്മ മോനിക്കയുടെ ശവസംസ്‌കാരവേളയിലുടനീളം അഗസ്റ്റിന്‍ സ്വയം ശകാരിച്ചു കൊണ്ടിരുന്നു – കരയരുത്. അവിശ്വാസികളെ പോലെ കണ്ണീര്‍ പൊഴിച്ചു പോകരുത്. വിശ്വാസികള്‍ക്കു കരയാന്‍ പാടില്ലല്ലോ! അമ്മയെ അടക്കി ഏകാന്തതയിലേക്കു പിന്‍വാങ്ങിയ അഗസ്റ്റിന്റെ നെഞ്ചില്‍ ഒരു തടാകം വിങ്ങി നിന്നു. കണ്ണീര്‍ പൊഴിക്കുന്നതിന് സകല വിശ്വാസികളും തന്നെ കുറ്റം വിധിച്ചു കൊള്ളട്ടേ എന്നു പറഞ്ഞു കൊണ്ട് അഗസ്റ്റിന്‍ നെഞ്ചിലെ തടാകത്തെ തുറന്നുവിട്ടു. ആ മിഴിനീര്‍പ്രവാഹത്തിന്റെ രാത്രിയില്‍ അഗസ്റ്റിന്‍ മാനുഷികതയെയും ദൈവികതെയും ഒരേ സമയം തൊട്ടു!
ഇപ്രകാരം നമ്മുടെ ഹൃദയത്തെ യേശുവിന്റെ ഹൃദയത്തോട് ചേർത്തുവയ്ക്കുമ്പോൾ, ആ കൂടിക്കാഴ്ച്ചയിൽ നമ്മുടെ സങ്കടങ്ങളും, വേദനകളുമെല്ലാം നമുക്ക് അലിയിച്ചുകളയുവാനും, നവമായ ജീവിതത്തിലേക്ക് ജനിക്കുവാനും നമുക്ക് സാധിക്കും.
അന്ത്യത്താഴ വേളയിൽ യേശുവിന്റെ മാറിലേക്ക് തന്റെ തല ചായ്ച്ചുവച്ചുകൊണ്ട് ആവോളം സ്നേഹം നുകർന്ന യോഹന്നാനെയും വിശുദ്ധ അഗസ്റ്റിൻ നമുക്കു പരിചയപ്പെടുത്തുന്നുണ്ട്. ഒരു ദൈവശാസ്ത്ര സത്യത്തിന്റെ ലളിതമായ ഒരു ബൗദ്ധിക ധ്യാനമല്ല യോഹന്നാൻ അവിടെ അറിഞ്ഞത്, മറിച്ച് ജ്ഞാനത്തിന്റെ ഉറവിടത്തിലേക്ക് തന്നെത്തന്നെ സമർപ്പിക്കുന്നതാണ്, യോഹന്നാന്റെ ജീവിതത്തെ എടുത്തു പറഞ്ഞുകൊണ്ട് അഗസ്റ്റിൻ വിവരിക്കുന്നത്. കൃപയുടെ ഭംഗി ആസ്വദിക്കുന്നതല്ല, മറിച്ച് ആ ജീവജലം നുകർന്നതാണ്, യോഹന്നാനെ യേശുവിന്റെ ഇഷ്ടക്കാരനാക്കി മാറ്റിയത്.
വിശുദ്ധ ബർണാഡ് പുണ്യവാനും യേശുവിന്റെ തിരുഹൃദയത്തെ സ്നേഹത്തിന്റെ വെളിപ്പെടുത്തലും സമ്മാനവുമായി അവതരിപ്പിക്കുന്നുണ്ട്. തിരുമുറിവിലൂടെ, സ്നേഹത്തിന്റെയും കരുണയുടെയും മഹത്തായ രഹസ്യം നമുക്ക് പ്രാപ്യമായിത്തീരുന്നു. ശരീരത്തിലെ ഏറ്റവും ലോലമായ അവയവം ഹൃദയം ആണെന്നിരിക്കെ അവിടം മുറിയപ്പെട്ടവനെ സംബന്ധിച്ചിടത്തോളം, നമ്മുടെ ബലഹീനതകൾ മനസിലാക്കാതിരിക്കുവാൻ അവനു ആവില്ല. തന്റെ ഹൃദയത്തിലേക്ക് നമ്മെ എത്തിക്കുന്നതാണ് അവന്റെ തിരുമുറിവുകൾ എന്നും വിശുദ്ധ ബെർണാഡ് പറഞ്ഞുവയ്ക്കുന്നുണ്ട്. ഇത് ഒരു ക്ഷണം കൂടിയാണ്. തന്റെ ഹൃദയത്തിലേക്ക് നമ്മുടെ ജീവിതങ്ങളെ അവൻ ക്ഷണിക്കുകയും, ഹൃദയത്തിന്റെ സ്നേഹം നുകരുവാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. സ്നേഹം പൂർണ്ണതയിൽ വാഴുന്നിടത്ത് അതിന്റെ ശരിയായ സ്ഥലം ക്രിസ്തുവിന്റെ ഹൃദയമാണ് എന്ന് ഹെബ്രായർക്ക് എഴുതപെട്ട ലേഖനത്തിലെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടും പാപ്പാ വിശദീകരിക്കുന്നു.
തുടർന്ന് വിശുദ്ധ ബൊനവഞ്ചറിന്റെ വാക്കുകളും പാപ്പാ തന്റെ ലേഖനത്തിൽ കുറിച്ചുവയ്ക്കുന്നുണ്ട്. രണ്ടു തരത്തിലാണ് യേശുവിന്റെ തിരുഹൃദയത്തെ വിശുദ്ധൻ വിവരിക്കുന്നത്: ഒന്ന്, കൂദാശകളുടെയും കൃപയുടെയും ഉറവിടമായി അവതരിപ്പിക്കുന്നു മറ്റൊന്ന് ഈ തിരുഹൃദയ ധ്യാനം സൗഹൃദത്തിന്റെ ബന്ധം ഊഷ്മളമാക്കുന്നതും, സ്നേഹത്തിന്റെ വ്യക്തിപരമായ കണ്ടുമുട്ടൽ പ്രദാനം ചെയ്യുന്നതുമാണെന്നും വിശുദ്ധൻ വിവരിക്കുന്നു. യേശുവിന്റെ വിലാവിൽ നിന്നുമാണ് സഭ ഉത്ഭവിച്ചതെന്നും ആദ്യ വിശദീകരണത്തെ നമുക്ക് സ്വീകരിക്കാം. ഹൃദയത്തിന്റെ മറഞ്ഞിരിക്കുന്ന ഉറവിടത്തിൽ നിന്ന് ഒഴുകുന്ന ഈ രക്തവും വെള്ളവും, സഭയുടെ കൂദാശകൾക്ക് കൃപയുടെ ജീവൻ നൽകാനുള്ള ശക്തി നൽകും, ഒപ്പം ക്രിസ്തുവിൽ ജീവിക്കുന്നവർ കുടിക്കേണ്ടുന്ന പാനപാത്രവുമാണ്.
സഭയിൽ കൗദാശികമായ ജീവിതം നടത്തേണ്ടതിന്റെ ക്രൈസ്തവ ഉത്തരവാദിത്വത്തെയും, പ്രേഷിതദൗത്യത്തിലേക്കുള്ള നമ്മുടെ ദൈവവിളിയെയും എടുത്തു കാണിക്കുന്നതാണ് തിരുഹൃദയ ഭക്തി എന്നതാണ് ഈ ഖണ്ഡികകൾ പറഞ്ഞു വയ്ക്കുന്നത്.
നമ്മെ ഒത്തുചേർക്കുന്നതും, രഹസ്യാത്മകതയിൽ നമ്മെ ചിന്തിപ്പിക്കുന്നതും, നിശബ്ദതയിൽ നമ്മെ ആസ്വദിപ്പിക്കുകയും ചെയ്യുന്നതാണ് യേശുവിന്റെ തിരുഹൃദയം. അതിനാൽ തിരുഹൃദയത്തിന്റെ ശബ്ദം നമ്മുടെ കാതുകളിൽ സ്നേഹത്തിന്റെ മന്ത്രണം നൽകുമ്പോൾ അത് കേൾക്കുവാൻ നമുക്ക് സാധിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: