MAP

മൊസാമ്പിക്കിലെ കാബോ ദെൽഗാദോയിലെ ഒരു ക്യാമ്പിൽനിന്നുള്ള ദൃശ്യം മൊസാമ്പിക്കിലെ കാബോ ദെൽഗാദോയിലെ ഒരു ക്യാമ്പിൽനിന്നുള്ള ദൃശ്യം  (AFP or licensors)

വടക്കൻ മൊസാംബിക്കിലെ എട്ട് ജില്ലകളിൽ ജിഹാദി ആക്രമണങ്ങൾ: ഫീദെസ്

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇസ്ലാമിക് സ്റ്റേറ്റിന്റെ മൊസാംബിക്കൻ പ്രൊവിൻസിലെ ജിഹാദിപ്രവർത്തകർ വടക്കൻ മൊസാംബിക്കിലെ കാബോ ദെൽഗാദോ പ്രവിശ്യയിലെ എട്ട് ജില്ലകളിൽ ആക്രമണങ്ങൾ നടത്തുകയാണെന്ന് ഫീദെസ് വാർത്താ ഏജൻസി. ഓഗസ്റ്റ് 24 ഞായറാഴ്ച വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ ലിയോ പതിനാലാമൻ പാപ്പായും കാബോ ദെൽഗാദോയിൽ അക്രമങ്ങൾക്കിരകളായ ആളുകൾക്ക് തന്റെ സാമീപ്യം ഉറപ്പുനൽകിയിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വടക്കൻ മൊസാംബിക്കിലെ കാബോ ദെൽഗാദോ (Cabo Delgado) പ്രവിശ്യയിലെ എട്ട് ജില്ലകളിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ മൊസാംബിക്കാൻ പ്രൊവിൻസിലെ ജിഹാദിപ്രവർത്തകർ കഴിഞ്ഞ ഏതാനും ആഴ്ചകളായി ആക്രമണങ്ങൾ നടത്തിവരികയാണെന്ന് ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു. എന്നാൽ ഈ ആക്രമണങ്ങൾക്ക് പിന്നിൽ ജിഹാദി പ്രവർത്തനങ്ങൾ മാത്രമല്ല, സാമ്പത്തിക, സാമൂഹിക അവകാശവാദങ്ങളും പ്രദേശത്തെ, പ്രകൃതിവാതകങ്ങളുടെയും വിലയേറിയ കല്ലുകളുടെയും ചൂഷണവും, വിദേശസേനകളുടെ പങ്കാളിത്തവും ഉൾപ്പെട്ടിട്ടുണ്ടെന്നും ഫീദെസ് വ്യക്തമാക്കി.

ക്യൂർ (Chiúre), മക്കോമിയ (Macomia) ജില്ലകളിലാണ് കൂടുതലായി ആക്രമണങ്ങൾ നടന്നത്. പൊതുവഴികളിൽ വിവിധയിടങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിച്ച ജിഹാദി പ്രവർത്തകർ, അതുവഴി മക്കോമിയ, മുയിദുംമ്പേ (Muidumbe) പ്രദേശങ്ങളിലെ എൺപത്തയ്യായിരത്തോളം ആളുകൾക്കുള്ള മാനവികസഹായമെത്തിക്കുന്നത് തടഞ്ഞതായും ഫീദെസ് അറിയിച്ചു. ഈ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന വാഹനങ്ങളിലെ ക്രൈസ്തവർ തടഞ്ഞുവയ്ക്കപ്പെടാതിരിക്കാനായി 150 മുതൽ 460 വരെ ഡോളർ ടോൾ നൽകാൻ നിർബന്ധിതരാകുകയാണെന്ന് ഫീദെസ് വ്യക്തമാക്കി.

2017 മുതൽ നാളിതുവരെ കാബോ ദെൽഗാദോ പ്രവിശ്യയിൽ നടന്ന ആക്രമണങ്ങളിൽ ആറായിരത്തിൽപ്പരം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ഏതാണ്ട് അറുപതിനായിരത്തോളം പേർ കുടിയിറങ്ങാൻ നിർബന്ധിതരായിട്ടുണ്ട്. പാൽമ (Palma) പ്രദേശത്ത് 2021 മാർച്ചിൽ നടന്ന ജിഹാദി ആക്രമണത്തിന് ശേഷം തടസ്സപ്പെട്ട, 2000 കോടി ഡോളറിന്റെ മൂല്യമുള്ള ദ്രവീകൃത പ്രകൃതിവാതക ടെർമിനലിന്റെ നിർമ്മാണം വരുന്ന സെപ്റ്റംബറിൽ പുനരാരംഭിക്കാനുള്ള പദ്ധതി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

മൊസാംബിക്കിനെ അനുസ്മരിച്ചും ദുരിതമനുഭവിക്കുന്ന ജനത്തിന് വേണ്ടി പ്രാർത്ഥിച്ചും ലിയോ പതിനാലാമൻ പാപ്പാ

മൊസാമ്പിക്കിലെ കാബോ ദെൽഗാദോയിൽ നിലനിൽക്കുന്ന സംഘർഷത്തെയും അതുമൂലം അവിടെയുള്ള സാധാരണജനം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയും  ഓഗസ്റ്റ് 24 ഞായറാഴ്ച വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ ലിയോ പതിനാലാമൻ പാപ്പാ പ്രത്യേകമായി അനുസ്മരിക്കുകയും അവർക്ക് തന്റെ സാമീപ്യം ഉറപ്പുനൽകുകയും, അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ ഏവരോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു. മരണം വിതയ്ക്കുകയും അഭയാർത്ഥികളെ സൃഷ്ടിക്കുകയും ചെയ്യുന്ന അനിശ്ചിതത്വത്തിന്റെയും അക്രമത്തിന്റെയും ഇരകളാണ് അവിടെയുള്ള ജനങ്ങളെന്ന് പ്രസ്താവിച്ച പാപ്പാ, പ്രദേശത്ത് സുരക്ഷയും സമാധാനവും തിരികെ കൊണ്ടുവരാനായി രാജ്യത്തെ അധികാരികൾ നടത്തുന്ന ശ്രമങ്ങൾ വിജയിക്കട്ടെയെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു..

ജിഹാദി പ്രവർത്തകരുടെ പ്രവർത്തനങ്ങൾക്ക് തടയിടാനായി മൊസാമ്പിക്ക് സർക്കാർ തെക്കേ ആഫ്രിക്കൻ വികസനസമൂഹമെന്ന (SADC - Southern African Development Community) സംഘടനയിലെ രാജ്യങ്ങളുടെയും റുവാണ്ടയുടെയും സഹായം തേടിയിരുന്നു. നിലവിൽ റുവാണ്ടയുടെയും ടാൻസാനിയയുടെയും സഹായത്തോടെയാണ് ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകർക്കെതിരെ മൊസാംബിക് പോരാടുന്നത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ഓഗസ്റ്റ് 2025, 14:37