ബലഹീനതയിൽ ദൈവം കൂടെയുണ്ടെന്നുള്ള ഉറപ്പാണ് പ്രാർത്ഥന
ഫാ. ജോർജ് തോമസ് കൈമലയിൽ, തിരുവനന്തപുരം മേജർ അതിരൂപത
മിശിഹായിൽ സ്നേഹമുള്ളവരെ,
മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ തേജസ്കരണ കാലഘട്ടമായി നാം ആഘോഷിക്കുകയാണല്ലോ. തേജസ്കരണ കാലത്തിലെ മൂന്നാമത്തെ ഞായറാഴ്ചയിലാണ് നാം ഒരുമിച്ചു കൂടിയിരിക്കുന്നത്. ഇന്ന് നമുക്ക് വിചിന്തനത്തിനായി ലഭിച്ചിരിക്കുന്ന വചനഭാഗം വിശുദ്ധ ലൂക്കോസ് എഴുതിയ സുവിശേഷം പതിനെട്ടാം അധ്യായം 9 മുതൽ 14 വരെയുള്ള തിരുവചനങ്ങളാണ്. പതിനെട്ടാം അധ്യായത്തിൻ്റെ ആദ്യ മൂന്നു ഭാഗങ്ങളും ഒരുവൻ്റെ പ്രാർത്ഥന എപ്രകാരമായിരിക്കണം എന്നതിനെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്.
പതിനെട്ടാം അധ്യായത്തിൻ്റെ ആരംഭത്തിൽ, രാവും പകലും നിരന്തരമായി തന്നെ വിളിച്ചപേക്ഷിക്കുന്നവൻ്റെ പ്രാർത്ഥനയെപ്പറ്റി പറയുന്നുണ്ട്. തുടർന്ന്, 18-ാം അധ്യായത്തിൻ്റെ തന്നെ മൂന്നാം ഭാഗത്തിൽ ശിശുക്കളെപ്പോലെ നിഷ്കളങ്കരായി പ്രാർത്ഥിക്കുന്നതിനെപ്പറ്റി യേശു പ്രതിപാദിക്കുന്നു. ഈ രണ്ടു ഭാഗങ്ങളുടെയും നടുവിലാണ് നാം ഇന്ന് വായിച്ചുകേട്ട വചനഭാഗം. 9 മുതൽ 14 വരെയുള്ള തിരുവചനങ്ങളിൽ ഫരിസേയൻ്റെയും ചുങ്കക്കാരൻ്റെയും പ്രാർത്ഥനയെപ്പറ്റി പ്രതിപാദിക്കുന്നു.
അപ്പോൾ പ്രധാനമായ ചോദ്യം ഇതാണ്: ഏതാണ് യഥാർത്ഥ പ്രാർത്ഥന?
തളർച്ചയോ ക്ഷീണമോ മടുപ്പോ അലസതയോ തോന്നാതെ രാവും പകലും കർത്താവിനെ വിളിച്ചപേക്ഷിക്കുന്നതാണ് യഥാർത്ഥ പ്രാർത്ഥന. അതുപോലെ, നിഷ്കളങ്കമായി "എൻ്റെ ശക്തിയും ബലവും ശൈലവും കോട്ടയും എൻ്റെ ദൈവമാണ്" എന്ന് ഏറ്റുപറഞ്ഞ് തമ്പുരാൻ്റെ അടുത്തേക്ക് ഓടിച്ചെല്ലുവാൻ കഴിയുന്നതാണ് യഥാർത്ഥ പ്രാർത്ഥന. "പാപിയായ എന്നിൽ കനിയണമേ" എന്ന് നിസ്സഹായതയുടെ പടുകുഴിയിൽ നിൽക്കുമ്പോഴും, പൗലോസിനെപ്പോലെ ബലഹീനതയുടെ ഒരു മുള്ള് എപ്പോഴും ശരീരത്തിൽ കൊണ്ടുനടക്കുമ്പോഴും, എൻ്റെ ബലഹീനതയിൽ എൻ്റെ ദൈവം ഉണ്ട് എന്നുള്ള ഉറപ്പാണ് പ്രാർത്ഥന.
ഇത്തരത്തിലുള്ള ഒരു ആധ്യാത്മികതയിൽ, പ്രാർത്ഥനാ ജീവിതത്തിൽ വളരുക എന്നുള്ളത് പ്രയാസമേറിയ ഒരു പ്രക്രിയയാണ്, എന്നാൽ അസാധ്യമല്ല. കാരണം, യേശു തന്നെ എനിക്ക് അതിന് മാതൃകയായിട്ടുണ്ട്. പ്രാർത്ഥന എന്നത് അല്പനേരത്തേക്ക് നടത്തിത്തീർക്കാൻ പറ്റുന്ന ഒന്നല്ല; മറിച്ച് അതൊരു ആധ്യാത്മികതയാണ്, ഒരു ജീവിതരീതിയാണ്. യേശു തന്നെയാണ് അതിൻ്റെ ഏറ്റവും ഉദാത്തമായ മാതൃകയും.
ലൂക്കോസിൻ്റെ സുവിശേഷം ആറാം അധ്യായം പന്ത്രണ്ടാം വാക്യത്തിൽ നമുക്ക് കാണാൻ സാധിക്കും: "അവൻ പ്രാർത്ഥിക്കുവാനായി ഒരു മലമുകളിലേക്ക് പോയി, അവിടെ ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് രാവ് മുഴുവൻ ചെലവഴിച്ചു." ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കാൻ സാധിക്കുന്നത്? കുറച്ചു സമയത്തേക്ക് മാത്രമല്ല, മറിച്ച് ഒരു രാത്രി മുഴുവൻ പ്രാർത്ഥനയിലായിരിക്കുന്ന യേശുവിനെ നമുക്ക് കാണുവാൻ സാധിക്കും. ഇത് മത്തായി ശ്ലീഹാ എഴുതിയ സുവിശേഷം പതിനാലാം അധ്യായം 23-ാം വാക്യത്തിൽ കൂടുതൽ വ്യക്തമാകുന്നുണ്ട്. പകൽ സമയം മുഴുവൻ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതിനു ശേഷം, അവൻ ജനക്കൂട്ടത്തെ പിരിച്ചുവിട്ട് ഏകാന്തതയിൽ പ്രാർത്ഥിക്കുവാൻ മലമുകളിലേക്ക് കയറി. അപ്പോൾ പ്രാർത്ഥന എന്നത് ഏകാന്തതയുടെ മലകയറ്റമാണ്, ഒരു രാത്രി മുഴുവൻ ദൈവത്തോടുകൂടെയായിരിക്കുവാൻ ഒരുവൻ എടുക്കുന്ന തീരുമാനമാണ്.
നാം പറയുകയുണ്ടായി, ശിശുക്കളെപ്പോലെ എളിമപ്പെടുവാൻ സാധിക്കുമ്പോഴാണ് ഒരുവൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക. അപ്പോൾ ശിശുക്കളുടെ പ്രാർത്ഥനയിലുള്ള ആഴത്തിലേക്ക് ഒരു വ്യക്തിക്ക് പ്രവേശിക്കുവാൻ സാധിക്കണം. മത്തായി ശ്ലീഹാ എഴുതിയ സുവിശേഷം ഇരുപത്തിയാറാം അധ്യായം 39-ാം തിരുവചനത്തിൽ നമുക്ക് കാണുവാൻ സാധിക്കും, കൂടെയുണ്ടാകും എന്ന് കരുതിയവർ അരിച്ചുകയറുന്ന തണുപ്പിൽ സുഖമായി പുതച്ചുകിടന്നുറങ്ങുമ്പോൾ, അധികഠിനമായ വേദനയിലും ഏകാന്തതയിലും യേശു ഒരു ശിശുവിനെപ്പോലെ പിതാവായ ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട്: "അബ്ബാ, പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് എടുക്കേണമേ." ഈ പ്രാർത്ഥന ഒരു ശിശുവിൻ്റേതുപോലെ പൂർണ്ണമായ സമർപ്പണത്തിൻ്റെ ആധ്യാത്മികതയാണ്.
അപ്പോൾ, ലൂക്കോസിൻ്റെ സുവിശേഷം പതിനെട്ടാം അധ്യായത്തിലെ "എപ്രകാരം പ്രാർത്ഥിക്കണം" എന്ന ചോദ്യത്തിൻ്റെ ഉത്തരം "യേശുവിനെപ്പോലെ പ്രാർത്ഥിക്കണം" എന്നുള്ളതാണ്.
ഇന്ന് നാം വായിച്ചുകേട്ട വചനഭാഗത്ത്, സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്തുവാൻ കഴിയാത്ത നിസ്സഹായമായ ഒരു പ്രാർത്ഥനയുണ്ട്. അവകാശപ്പെടുവാൻ ഒന്നുമില്ലാതിരിക്കുമ്പോൾ ഒരുവൻ നടത്തുന്ന അഭ്യർത്ഥനയാണത്. ഇനിയും മുട്ടുവാൻ മറ്റൊരു വാതിലില്ല എന്നുള്ള ബോധ്യത്തിൽ ഒരുവൻ എത്തുമ്പോൾ പൊഴിക്കുന്ന കണ്ണുനീരാണത്. നിഷ്കപടമായി, തലയുയർത്താൻ കഴിയാതെ മാറിനിന്ന് ജീവിതത്തെത്തന്നെ സമർപ്പിക്കുന്ന അവസ്ഥയാണത്. ഒരുവശത്ത്, ഒരാൾക്ക് ഒത്തിരി അവകാശവാദങ്ങൾ പറയാനുള്ളപ്പോൾ, യാതൊരു കണക്കുകളും നിരത്തുവാനില്ലാതെ, ബന്ധങ്ങളുടെ വലിപ്പം പറയുവാൻ സാധിക്കാതെ, പാപത്തിൻ്റെ കുറ്റബോധത്തിലല്ല, മറിച്ച് പാപബോധത്തിൽ മനസ്സുനൊന്ത്, ഇനിയും വിഷമങ്ങൾ കേൾക്കുവാൻ ആരുമില്ല എന്ന ബോധ്യത്തിൽ, ഈ ചുങ്കക്കാരനെപ്പോലെ "ദൈവമേ, പാപിയായ എന്നിൽ കനിയണമേ" എന്ന് പ്രാർത്ഥിക്കുവാനുള്ള വലിപ്പത്തിലേക്ക് നമ്മൾ ചെറുതാകണം.
വിശുദ്ധ മർക്കോസിൻ്റെ സുവിശേഷം പത്താം അധ്യായം 46 മുതൽ 52 വരെയുള്ള വാക്യങ്ങളിൽ, അന്ധയാചകനായ ബർത്തിമേയൂസ് പ്രാർത്ഥിക്കുന്നത് പോലെ, കുപ്പായം വലിച്ചെറിഞ്ഞ് കുതിച്ചുചാടി, "ദാവീദിൻ്റെ പുത്രാ, എന്നിൽ കനിയണമേ" എന്ന് പ്രാർത്ഥിക്കുവാൻ നമുക്ക് സാധിക്കണം. അപ്പോൾ പ്രാർത്ഥന എന്നത് കണ്ണുകൾ ഉയർത്തുവാൻ പോലും പറ്റാത്ത തരത്തിലുള്ള സമർപ്പണമാണ്. മർക്കോസിൻ്റെ സുവിശേഷത്തിൽത്തന്നെ അഞ്ചാം അധ്യായത്തിൽ, പന്ത്രണ്ട് വർഷമായി രക്തസ്രാവം പിടിപെട്ട സ്ത്രീയെപ്പറ്റി നാം വായിക്കുന്നുണ്ട്. പല വൈദ്യന്മാരുടെ അടുത്ത് പോയിട്ടും സൗഖ്യം ലഭിക്കാതെയായപ്പോൾ, തൻ്റെ മുൻപിലൂടെ നടന്നുപോകുന്ന യേശുവിൻ്റെ വസ്ത്രത്തിൽ തൊട്ടാൽ സൗഖ്യം കിട്ടും എന്നുള്ള ഉറപ്പിലാണ് ആ സ്ത്രീ, തിരക്കിനിടയിലും അവൻ്റെ വസ്ത്രത്തിൽ തൊട്ട് സൗഖ്യം നേടുന്നത്. ഇതുതന്നെയാണ് ഈ ചുങ്കക്കാരനും ചെയ്യുന്നത്. ദേവാലയത്തിൽ പറയാൻ തക്കവണ്ണം യാതൊരു നന്മയും ചെയ്തിട്ടില്ല എന്ന ചിന്തയിൽ, സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്തിയില്ലെങ്കിൽ പോലും, എന്നെ കേൾക്കുന്ന, എൻ്റെ വേദന കാണുന്ന ഒരു ദൈവമുണ്ട്, സൈന്യങ്ങളുടെ കർത്താവ് എൻ്റെ സംരക്ഷകനായി ഉണ്ട് എന്ന ബോധ്യത്തിൽ ആ മനുഷ്യൻ പ്രാർത്ഥിക്കുന്നത് "പിതാവേ, പാപിയായ എന്നിൽ കനിയണമേ" എന്നാണ്.
സ്നേഹമുള്ളവരെ, ഒരുവന് തലയുയർത്താൻ സാധിക്കാതെ പൊട്ടിക്കരയുവാൻ, ഏത് പ്രതിസന്ധിയിലും ദൈവം എൻ്റെ കൂടെയുണ്ട് എന്ന ബോധ്യത്തിൽ വളരുന്നതാണ് ആധ്യാത്മികത. ചൊല്ലിയ ജപമാലകളുടെ കണക്കുകൾ നിരത്തുന്നതല്ല പ്രാർത്ഥന. നടത്തിയ ഉപവാസങ്ങളുടെ എണ്ണവും സമയവും മറ്റുള്ളവരോട് വലിയ ആധ്യാത്മികതയുടെ അടയാളമായി പ്രഖ്യാപിക്കുന്നതല്ല ആധ്യാത്മികത. നടത്തിയിട്ടുള്ള തീർത്ഥാടനങ്ങളുടെ പഴങ്കഥകൾ തുറന്നുവെക്കുന്നതുമല്ല ആധ്യാത്മിക ജീവിതം. മറിച്ച്, വേദനകളുടെ നീറ്റലിൽ "അബ്ബാ, പിതാവേ, എന്നിൽ കനിയണമേ" എന്ന് നടത്തുന്ന അപേക്ഷയാണ് പ്രാർത്ഥന. തല ഉയർത്തുവാൻ കഴിയാതെ, ദൈവം കൂടെയുണ്ട് എന്ന ബോധ്യത്തിൽ മാറത്തടിച്ച്, കണക്കുകൾ നിരത്താൻ സാധിക്കാതെ, കണ്ണു കലങ്ങി മുട്ടുകുത്തി നിൽക്കുന്ന ഒരുവൻ്റെ ചെമ്പുനാണയങ്ങളാണ് പ്രാർത്ഥന.
ഇപ്രകാരം എല്ലാം സമർപ്പിച്ച് പ്രാർത്ഥിക്കുമ്പോൾ, പകൽ മേഘസ്തംഭമായും രാത്രി അഗ്നിതൂണായും സ്വർഗ്ഗത്തിൽനിന്ന് പൊഴിഞ്ഞുവീഴുന്ന ജീവൻ്റെ അപ്പമായ മന്നയായും, വിശുദ്ധ കുർബാനയായും തമ്പുരാൻ നമ്മുടെ ഉള്ളിൽ അലിഞ്ഞുചേരും.
രാവും പകലും ഉണർവോടെ പ്രാർത്ഥിക്കുവാൻ, ചുങ്കക്കാരനെപ്പോലെ യാതൊരു അവകാശവാദങ്ങളുമില്ലാതെ പ്രാർത്ഥിക്കുവാൻ, യേശു പ്രാർത്ഥിച്ചതുപോലെ പ്രാർത്ഥിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: