MAP

യേശു ശിഷ്യരുടെ പാദങ്ങൾ കഴുകുന്നു യേശു ശിഷ്യരുടെ പാദങ്ങൾ കഴുകുന്നു  

സേവന ജീവിതം നമ്മെ സ്വർഗ്ഗത്തിന്റെ ഉന്നതിയിലേക്ക് ഉയർത്തുന്നു

ലത്തീൻ സഭ ആരാധനാക്രമം ആണ്ടുവട്ടക്കാലം ഇരുപത്തിരണ്ടാം ഞായറാഴ്ച്ചയിലെ വായനകളെ ആധാരമാക്കിയ വിചിന്തനം. വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനാലാം അദ്ധ്യായം ഒന്നും, ഏഴു മുതൽ മുതൽ പതിനാലുവരെയുമുള്ള തിരുവചനങ്ങളാണ് വചനഭാഗം

 

സുവിശേഷപരിചിന്തനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

യേശുവിൽ ഏറ്റവും സ്നേഹം നിറഞ്ഞവരെ,

ക്രൈസ്തവ ജീവിതത്തിൽ നാം പാലിക്കേണ്ടുന്ന പെരുമാറ്റങ്ങളെ  കുറിച്ച് നമ്മെ ബോധ്യപ്പെടുത്തുന്നതാണ് ആണ്ടുവട്ടക്കാലം ഇരുപത്തിരണ്ടാം ഞായറാഴ്ച്ചയിലെ വായനകൾ. എന്നാൽ, ഇവ പെരുമാറ്റപരമായ ആജ്ഞകളല്ല, മറിച്ച് പിതൃസഹജമായ വാത്സല്യത്തോടെ  ജീവിതത്തിന്റ വിജയത്തിന് നമ്മെ പ്രോത്സാഹിപ്പിക്കുന്നതാണ്. യുദ്ധങ്ങളും, സംഘട്ടനങ്ങളും, കഷ്ടപ്പാടുകളുമെല്ലാം അടയാളപ്പെടുത്തുന്ന ഒരു കാലഘട്ടത്തിൽ ദൈവത്തോടുള്ള വിനീതമായ വിശ്വസ്തതയ്ക്കും, സഹോദരങ്ങളോടുള്ള എളിമയാർന്ന സേവനത്തിനും നമ്മെ ക്ഷണിക്കുന്നതാണ് ഇന്നത്തെ എല്ലാ വചന ഭാഗങ്ങളും. സുവിശേഷത്തിൽ യേശുവിന്റെ പഠനങ്ങളിലേക്ക് നമ്മെ ഒരുക്കുന്നതാണ് ആദ്യവായനകൾ.

ഒന്നാം വായന

പ്രഭാഷകന്റെ പുസ്തകത്തിൽ നിന്നുള്ള ഒന്നാം വായന , നമ്മുടെ സഹോദരങ്ങൾക്കും, സർവോപരി ദൈവത്തിനും നാം ഏവരും സ്വീകാര്യർ ആകുന്നതിനു വേണ്ടുന്ന പ്രഥമവും, പ്രധാനവുമായ കാര്യം എടുത്തു പറയുന്നുണ്ട്. വിനീതനാവുക, അഹങ്കാരം ഒഴിവാക്കുക, നന്മ ചെയ്യുക ഇവയാണ് ഒന്നാം വായന മുൻപോട്ടു വയ്ക്കുന്ന ജീവിത മാർഗങ്ങൾ. കർത്താവിന്റെ പ്രീതിക്ക് നമ്മെത്തന്നെ പാത്രമാക്കണമെങ്കിൽ, ജീവിതത്തിൽ വിനയത്തിന്റെ പാഠങ്ങൾ പ്രാവർത്തികമാക്കണം എന്നതാണ് ഏറ്റവും പ്രധാനം.

വിനീതമായ ജീവിതം

ദൈവത്തിന്റെ  ദാനങ്ങളോട് നമ്മുടെ ഹൃദയം തുറക്കുന്നതും, ആ ദാനങ്ങളിലൂടെ നാം അവന്റെ സാക്ഷികളായി മാറുന്നതുമാണ് യഥാർത്ഥത്തിൽ വിനീതമായ  ജീവിതം എന്നതുകൊണ്ട് വചനം അർത്ഥമാക്കുന്നത്. പഴയനിയമത്തിൽ, ദൈവം മോശ വഴിയായി നൽകിയ പത്തുകല്പനകൾ, ഇസ്രായേൽ ജനം തങ്ങളുടെ ജീവിതത്തിന്റെ പ്രമാണമാക്കി സ്വീകരിച്ചത്, ദൈവത്തിന്റെ ഹിതത്തോടുള്ള താഴ്മയിലൂടെയും, സ്നേഹത്തിന്റെ തിരിച്ചറിവിലൂടെയുമാണ്.

ഇത് പുതിയ നിയമത്തിൽ, യേശു പഠിപ്പിച്ച സ്നേഹത്തിന്റെ കല്പനയ്ക്ക്, വ്യക്തിജീവിതങ്ങളിലൂടെ ജീവൻ നൽകുമ്പോഴാണ് സാധ്യമാകുന്നത്. ലോകത്തിന്റെ താത്പര്യങ്ങൾക്കനുസരണം, മറ്റുള്ളവരോടും ദൈവത്തോടുമുള്ള ഇഷ്ടത്തിന് മാറ്റം വരുത്തുകയും, വിശ്വാസത്തിനു വില കൽപ്പിക്കാതിരിക്കുകയും ചെയ്യുന്ന ഒരു തലമുറയോടാണ് ഒന്നാം വായന പറയുന്നത്, കർത്താവിന്റെ ശക്തി വലുതാണ്: ജീവിതത്തിൽ വിനീതനാവുക എന്ന്.

അഹങ്കാരം ഒഴിവാക്കുക   

ഒന്നാം വായന രണ്ടാമതായി വയ്ക്കുന്ന ആശയം മനുഷ്യന്റെ പരിമിതിയെ കുറിച്ചാണ്. നമ്മുടെ പരിമിതികളെക്കുറിച്ച് ബോധ്യമില്ലാത്ത അവസ്ഥയെയാണ് അഹങ്കാരം എന്ന് വിളിക്കുന്നത്. ദൈവം നമുക്ക് ദാനമായി നല്കിയതിനെയെല്ലാം നമ്മുടെ അവകാശവും, നമുക്ക് മാത്രം സ്വന്തവും എന്ന് കരുതി ദൈവത്തെയും, സഹോദരങ്ങളെയും മറന്നു ജീവിക്കുന്നതാണ്  യഥാർത്ഥത്തിൽ അഹങ്കാരം എന്ന് ഒന്നാം വായന നമ്മെ പഠിപ്പിക്കുന്നു. മനുഷ്യന് അഗ്രാഹ്യമായ എത്രയോ കാര്യങ്ങൾ നമ്മുടെ അനുദിന ജീവിതത്തിൽ സംഭവിക്കുന്നു. എന്നാൽ എല്ലാം നമുക്ക്  അറിയാം എന്ന് കരുതി ചെയ്യുമ്പോൾ, നമ്മുടെ പ്രവൃത്തികൾ ദുഷ്കരമായി പോയേക്കാം എന്ന മുന്നറിയിപ്പും ഒന്നാം വായന നമുക്ക് നൽകുന്നു. തുടർന്നുള്ള വചനങ്ങളിലും, ഈ അഹങ്കാര ചിന്ത മനുഷ്യനെ എത്തിക്കുന്ന വിവിധ ചതിക്കുഴികളെപ്പറ്റിയും, പ്രഭാഷകന്റെ പുസ്തകം മുന്നറിയിപ്പ് നൽകുന്നുണ്ട്.

നന്മ ചെയ്യുക

മൂന്നാമതായി നൽകുന്ന ഉപദേശം നന്മ ചെയ്യുക എന്നതാണ്. ചിലപ്പോൾ തിന്മ ഉപേക്ഷിക്കുക മാത്രമാണ് ഒരുവനെ വിശുദ്ധനാക്കുന്നത് എന്ന ഒരു തെറ്റിദ്ധാരണ നമ്മുടെ ഉള്ളിൽ ഉടലെടുക്കുന്നതിനുള്ള സാധ്യത ഉണ്ട്. ഈ ഒരു സാഹചര്യത്തിലാണ് ഒന്നാം വായന പറയുന്നത്: " മനുഷ്യൻ പഴമൊഴിയുടെ പൊരുൾ ഗ്രഹിക്കുന്നു. വിജ്ഞാനം ശ്രദ്ധിക്കുന്ന ചെവിയാണ് ബുദ്ധിമാൻ അഭിലഷിക്കുന്നത്.” ജീവിതത്തിൽ നന്മ ചെയ്യണമെങ്കിൽ, കർത്താവിന്റെ വചനങ്ങൾക്കും, ജ്ഞാനത്തിനും നാം ചെവികൊടുക്കണം  എന്ന ഉപദേശമാണ് ഇവിടെ നമുക്ക് നൽകുന്നത്. അതായത് പ്രാർത്ഥനയുടെ ആവശ്യകതയും ഒന്നാം വായന അടിവരയിടുന്നു.

പ്രതിവചന സങ്കീർത്തനം

ഒന്നാം വായന മുൻപോട്ടു വയ്ക്കുന്ന ഈ ക്രൈസ്തവ ജീവിത ക്രമങ്ങളാണ് നമ്മെ നീതിമാന്മാർ എന്ന നിലയിലേക്ക് ഉയർത്തുന്നത്. ഈ ജീവിതചര്യകൾ ഒരു പക്ഷെ ലോകത്തിന്റെ കണ്ണിൽ, അപ്രായോഗികവും, അപഹാസ്യവുമായി തോന്നാമെങ്കിലും, ഇന്നത്തെ പ്രതിവചന സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നത്; കർത്താവിന്റെ സംരക്ഷണത്തിനു നമ്മെ തന്നെ ഭരമേല്പിക്കുന്നതിനും, അവന്റെ സന്നിധിയിൽ സന്തോഷിക്കുന്നതിനും വേണ്ടിയാണ്. യഥാർത്ഥ ജീവിത സന്തോഷം ധനസമ്പാദനത്തിലോ, സ്വാർത്ഥമായ ചിന്തകളിലോ അല്ല മറിച്ച്, ദൈവഹിതമനുസരിച്ചുള്ള ഒരു  ജീവിതത്തിൽ ആണെന്ന് ഇന്നത്തെ സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നു.

രണ്ടാം വായന: സ്വർഗോന്മുഖമായ ജീവിതം

രണ്ടാമത്തെ വായനയും, ഈ ആദ്യവായനകളുടെ തുടർച്ചയാണ്. നമ്മുടെ ക്രൈസ്തവ ദൈവവിളി ആത്യന്തികമായി നന്മയിലേക്കാണെന്നും, അത് ദൈവസന്നിധിയിലേക്കുള്ള ഒരു ക്ഷണമാണെന്നും, ഹെബ്രായർക്കുള്ള ലേഖനത്തിലൂടെ സഭ നമ്മെ പഠിപ്പിക്കുന്നു. വിഗ്രഹാരാധനയിൽ നിന്നും അകന്നുനിൽക്കുവാനും, സത്യദൈവത്തിലേക്ക് അടുക്കുവാനും ഏവരെയും ഇവിടെ ക്ഷണിക്കുന്നു. ചിലപ്പോൾ ലോകത്തിന്റെ മായകൾ, ദൈവത്തെക്കാൾ എല്ലാം ശക്തമാണ് എന്ന് തോന്നിപ്പിക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്.

എന്റെ ജീവിതത്തിൽ എല്ലാം നേടുവാൻ എനിക്ക് ദൈവത്തെ ആവശ്യമില്ല എന്ന് ഘോരഘോരം പ്രസംഗിക്കുന്ന പ്രത്യേക 'യുക്തിവാദികൾ', ജീവിതത്തിന്റെ യാഥാർഥ്യം മറന്നുപോവുകയും, ജീവിതത്തിൽ കാരുണ്യത്തോടുകൂടി നമ്മെ താങ്ങിനിർത്തുന്ന ദൈവത്തിന്റെ അദൃശ്യശക്തിയെ തള്ളിപ്പറയുകയും ചെയ്യുമ്പോൾ, ഈ ഒഴുക്കിനൊത്തു നമ്മുടെ ക്രൈസ്തവ ജീവിതത്തെയും ഒഴുകുവാൻ നാം അനുവദിച്ചിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടത് ഏറെ ആവശ്യമാണ്. എന്നാൽ നാം  വിളിക്കപ്പെട്ടിരിക്കുന്നത് സ്വർഗ്ഗത്തിന്റെ മഹനീയതയിലേക്കാണെന്നും,  അതിനാൽ നൈമിഷികമായ വേദനകൾ നമ്മെ തളർത്തരുതെന്നും ഈ വായന നമ്മെ പഠിപ്പിക്കുന്നു. ശക്തിപ്പെടുത്തുന്ന ദൈവത്തിന്റെ  കരത്തിന് കീഴിലാണ് നാം ജീവിക്കുന്നതെന്നുള്ള ബോധ്യം ഊട്ടിയുറപ്പിക്കുന്നതാണ് രണ്ടാം വായന. 

സുവിശേഷം: സേവനത്തിന്റെ ജീവിത മാതൃക

ഈ വായനകളുടെയെല്ലാം അവസാനത്തിൽ, ക്രൈസ്തവ ജീവിതം എങ്ങനെ ആയിരിക്കണമെന്ന്, യേശു കാട്ടിത്തരുന്ന മാതൃകയും ഉപദേശങ്ങളുമാണ്, ഇനനത്തെ സുവിശേഷ ഭാഗം വിവരിക്കുന്നത്. സുവിശേഷം ആരംഭിക്കുന്നത്, ആ സ്ഥലത്തിന്റെ ഒരു പശ്ചാത്തലം വിവരിച്ചുകൊണ്ടാണ്. സാബത്തുദിവസം, ഫരിസേയ പ്രമാണികളിൽ ഒരുവന്റെ വീട്ടിൽ, അവന്റെ സൽക്കാരം സ്വീകരിച്ചുകൊണ്ട് വിരുന്നിനു പോകുന്ന യേശു, എല്ലാവരും അവനെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു.  ഈ പശ്ചാത്തലം നമുക്ക് നൽകുന്ന വലിയ ഒരു ബോധ്യം, തിരിച്ചുവ്യത്യാസങ്ങളില്ലാതെ ഏവരുടെയും നന്മ ആഗ്രഹിക്കുകയും, മറ്റുള്ളവരുടെ പരിവർത്തനത്തിനായി തന്റെ സമയം ചിലവഴിക്കുകയും ചെയ്യുന്ന യേശുവിന്റെ ജീവിത മാതൃകയാണ്. താൻ ചെയ്യുന്ന കാര്യങ്ങളിൽ, ധാർമ്മികതയുടെ പാഠങ്ങൾ  നൽകുന്ന യേശുവിനെ ഏവരും ശ്രദ്ധിക്കുന്നു. ഇതാണ് രണ്ടാം വായന നമ്മെ ഉദ്ബോധിപ്പിക്കുന്നത്: നാം വിളിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ സന്നിധിയിലേക്കാണ്. അവിടേക്ക് ആർക്കും കയറിവരാം. നമ്മുടെ ജീവിതത്തിലെ കുറവുകളും, പാപങ്ങളും പരിവർത്തനത്തിന്റെ പാതയിലേക്കു കൊണ്ടുവരണമെങ്കിൽ ഈ കടന്നുവരവ്  കൂടിയേ തീരൂ.

ജീവിതം ധനത്താൽ നിർവ്വചിക്കപ്പെടരുത്

തുടർന്ന് വിരുന്നിനു  വന്നവരുടെ പെരുമാറ്റം എടുത്തുപറഞ്ഞുകൊണ്ട്, വിനയത്തിന്റെ ജീവിത മാതൃക കർത്താവ് കാണിച്ചുതരുന്നു. തങ്ങളെമാത്രം പ്രാധാന്യമുള്ളവരായി കാണുന്ന ഒരു തലമുറയെക്കുറിച്ചാണ് കർത്താവ് ഇവിടെ എടുത്തുപറയുന്നത്. അതുകൊണ്ടാണ് ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങൾ തേടി മനുഷ്യൻ അലയുന്നത്. സ്ഥാനങ്ങളും, അധികാരവും, പണവും തേടി ദൈവത്തെയും, സഹജരെയും മറന്നു പോകുന്ന ഒരു തലമുറയിലേക്കാണ് കർത്താവ് ഇവിടെ വിരൽ ചൂണ്ടുന്നത്. എന്നിട്ട് അവരോട് പറയുകയാണ്, ഉന്നതനാകണമെങ്കിൽ വിനീതനാകണം എന്ന്. പദവിയുടെയോ പ്രാധാന്യത്തിന്റെയോ അവകാശത്താൽ നമ്മുടെ ജീവിതത്തെ വിലയിരുത്തുന്ന ഒരു പ്രവണത ആദ്യകാലഘട്ടം മുതൽ നിലനിന്നിരുന്നു. ഈ പാരമ്പര്യത്തെയാണ് യേശു ഇവിടെ വെല്ലുവിളിക്കുന്നത്. സാബത്തിൽ എല്ലാം നിഷിദ്ധമെന്നു പഠിപ്പിക്കുന്ന ഫരിസേയ പ്രമാണി, തന്റെ വീട്ടിൽ സൽക്കാരം നടത്തുമ്പോൾ, നിയമത്തിന്റെ ലംഘനം, പ്രധാനിയായതുകൊണ്ട് തനിക്ക് ബാധകമല്ല എന്ന് പറയാതെ പറയുന്നു. എന്നാൽ ദിവസത്തിന്റെ ലൗകീകമാനത്തെ യേശു ഗൗനിക്കുന്നില്ല. മറിച്ച് യേശു പ്രാധാന്യം കൽപ്പിക്കുന്നത്, ജീവിതത്തിന്റെ ആത്യന്തികമായ ആത്മീയ ഭാവത്തെയാണ്. ഇവിടെ അവസാന ഇടം എന്നതുകൊണ്ട് യേശു വ്യക്തമാക്കുന്നത്: ഏവരുടെയും സേവകനായി ഈ ഭൂമിയിൽ അവതരിച്ച തന്റെ സ്ഥാനം തന്നെയാണ്. ഈ തിരഞ്ഞെടുപ്പിന് തയാറായി കടന്നുവരുന്നവരെയാണ് യേശു സ്നേഹിതൻ എന്ന് വിളിക്കുക.

സമൂഹത്തിന്റെ ഇല്ലായ്മകളിലേക്ക് ജീവിതത്തെ താഴ്ത്തുക

തുടർന്ന് യേശു പറയുന്ന വചനങ്ങൾ ഏറെ പ്രസക്തമാണ്. തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും; തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും. തന്നെത്തന്നെ താഴ്ത്തുവാനും, ഉയർത്തുവാനുമുള്ള സ്വാതന്ത്ര്യം മനുഷ്യരിൽ നിക്ഷിപ്തമാണെന്നും, എന്നാൽ അതിനുള്ള പ്രതിഫലം നൽകുന്നത് കർത്താവാണെന്നും ഈ വചനം നമ്മെ ഓർമ്മപ്പെടുത്തുന്നു.

തുടർന്ന്, ക്ഷണിച്ചവനോടും യേശു പറയുന്നുണ്ട്, എപ്രകാരമുള്ള  ആളുകളെയാണ് ചേർത്ത് നിർത്തേണ്ടതെന്ന്. സമൂഹം തള്ളിക്കളയുന്നവരെ നമ്മുടെ ജീവിതത്തിൽ സഹായിക്കുവാനും, അവരെ ചേർത്ത് നിർത്തിക്കൊണ്ട്, ജീവിതത്തിൽ ഒരു ശുഭാപ്തിവിശ്വാസം വീണ്ടെടുക്കുവാൻ നമ്മുടെ ജീവിതമാകുന്ന ഭവനങ്ങളെ തുറന്നിടണമെന്നും, അവരെ സ്വാഗതം ചെയ്യണമെന്നും, സുവിശേഷത്തിലൂടെ യേശു നമ്മെ ഉദ്ബോധിപ്പിക്കുന്നു.

പാവങ്ങളെ കൈയിൽ എടുക്കുമ്പോൾ മദർ തെരേസ പറയുന്നുണ്ട്: കർത്താവിനെ ഇതാ ഞാൻ എന്റെ കൈയിൽ വഹിച്ചിരിക്കുന്നു. ഇപ്രകാരം സ്വർഗ്ഗത്തിൽ നമ്മുടെ നിക്ഷേപം വർധിപ്പിക്കുവാൻ, അഹങ്കാരമില്ലാതെ, വിനീതനായിക്കൊണ്ട്, നീതിപൂർവകമായ ജീവിതത്തിലൂടെ, മറ്റുള്ളവരെ കരുതുവാനും, ദൈവചിന്തയിൽ വളരുവാനും ഇന്നത്തെ വായനകൾ നമ്മെ ക്ഷണിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ഓഗസ്റ്റ് 2025, 11:08